സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായ, സാക്ഷാല്‍ രാജമൗലി വരെ പ്രശംസിച്ച സിനിമയുടെ രണ്ടാം ഭാഗം വേണ്ടെന്ന് വെച്ചതിന് നസ്‌ലെന്‍ കേട്ട കുറ്റപ്പെടുത്തലുകള്‍ ചെറുതൊന്നുമല്ലായിരുന്നു. പ്രേമലു 2ന് പകരം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് വന്‍ വിജയമായപ്പോഴും നസ്‌ലെനായിരുന്നു പലരുടെയും ഇര.

ബെത്‌ലഹേമിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളിലും സക്‌സസ് സെലിബ്രേഷനിലും നസ്‌ലെന്റെ പേരെടുത്ത് പറയാതെ പ്രേമലു 2 നടക്കാത്തതിന്റെ നിരാശ ഗിരീഷ് എ.ഡി പലതവണ പങ്കുവെച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തന്റെ പെര്‍ഫോമന്‍സിലൂടെ മറുപടി നല്‍കുകയാണ് നസ്‌ലെന്‍.

 

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രം സീനില്‍ കൈയടി നേടിയത് നസ്‌ലെന്‍ അവതരിപ്പിച്ച ഈശ്വരന്‍ എന്ന കഥാപാത്രമാണ്. തമിഴിലെ അരങ്ങേറ്റത്തില്‍ കരിയറിലെ ആദ്യ വില്ലന്‍ വേഷം താരം ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. മലയാളികള്‍ മാത്രമല്ല, തമിഴ്, തെലുങ്ക് പേജുകളിലും നസ്‌ലെന്റെ പ്രകടനത്തെയാണ് പലരും പുകഴ്ത്തുന്നത്.

സാക്ഷാല്‍ സൂര്യയുടെ സിനിമയില്‍ നായകനൊപ്പം കട്ടക്ക് പിടിച്ച് നില്‍ക്കാന്‍ നസ്‌ലെന് സാധിച്ചിട്ടുണ്ട്. നായകന്റെ തല്ലു കൊള്ളാന്‍ വേണ്ടി മാത്രമുള്ള ടിപ്പിക്കല്‍ വില്ലനല്ല സീനിലെ ഈശ്വരന്‍. താന്‍ എത്രമാത്രം അപകടകാരിയാണെന്ന് ആദ്യസീനില്‍ തന്നെ ഈശ്വരന്‍ വ്യക്തമാക്കുന്നുണ്ട്. കണ്ടുശീലിച്ച സൈക്കോ വില്ലന്മാരുടെ ഷെയ്ഡുകള്‍ നസ്‌ലെനില്‍ കുറവായിരുന്നു.

മലയാളത്തില്‍ റോം കോം സിനിമകള്‍ മാത്രം ചെയ്ത് ചോക്ലേറ്റ് ബോയ് ഇമേജ് മാത്രമുണ്ടായിരുന്ന നസ്‌ലെന്‍ സീനില്‍ ഞെട്ടിച്ചു. ക്രൂരത കാണിക്കാനായി അധികം വയലന്‍സിലേക്ക് ഈശ്വരന്‍ എന്ന കഥാപാത്രം പോകുന്നില്ല. എന്നിരുന്നാലും ആ ക്യാരക്ടര്‍ എത്രമാത്രം ടെററാണെന്ന് വെറും ഡയലോഗുകളിലൂടെ പറഞ്ഞുവെക്കുന്നുണ്ട്. കണ്ടാല്‍ സാധാരണക്കാരനെന്ന് തോന്നിക്കുന്ന, എന്നാല്‍ അങ്ങേയറ്റം അപകടകാരിയായ വില്ലനാണ് ഈശ്വരന്‍.

സൂര്യയുമായി വളരെ കുറച്ച് സീനുകള്‍ മാത്രമേ നസ്‌ലെന് സീനിലുള്ളൂ. എന്നാല്‍ ഒന്നിച്ചുള്ള സീനുകളിലെല്ലാം സൂര്യയുടെ കൂടെ കട്ടക്ക് നസ്‌ലെനും പിടിച്ചു നില്‍ക്കുന്നുണ്ട്. മലയാളം കലര്‍ന്ന തമിഴ് ഡയലോഗ് ഡെലിവറിയും നസ്‌ലെന്‍ ഗംഭീരമാക്കി. കരിയറിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് വിമര്‍ശിച്ചവര്‍ തന്നെ സീനിലെ പ്രകടനം കണ്ട് നസ്‌ലെന് വേണ്ടി കൈയടിക്കുകയാണ്. ഇനിയൊരു നൂറ് പ്രേമലു റിജക്ട് ചെയ്യേണ്ടി വന്നാലും ഇത്തരം പെര്‍ഫോമന്‍സുകള്‍ക്ക് വേണ്ടിയാണെങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Naslen’s performance in Scene movie