ചെമ്പൻ വിനോദിന്റെ രചനയിൽ ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ‘ഡിസ്കോ’ തിയേറ്ററുകളിൽ എത്തിയത്. ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ദേവ് മോഹൻ, ചെമ്പൻ വിനോദ്, ഗായത്രി സുരേഷ്, ഫെമിന ജോർജ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. എന്നാൽ രണ്ടര മണിക്കൂറോളം നീളുന്ന സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന് ബാക്കിയാകുന്നത് നിരാശയാണ്. സ്റ്റൈലും സംഘട്ടനങ്ങളും വയലൻസുമൊക്കെയുണ്ടെങ്കിലും അതിനിടയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു കഥ കണ്ടെത്താൻ സിനിമയ്ക്ക് കഴിയുന്നില്ല.

കടലോര പ്രദേശത്തെ വിവിധ ഗ്യാങുകളും അവർ തമ്മിലുള്ള പകയും ഏറ്റുമുട്ടലുകളുമാണ് സിനിമയുടെ പശ്ചാത്തലം. ആന്റണി വർഗീസിന്റെ യോയോക്കി, ദേവ് മോഹന്റെ ഔസു, ലുക്മാന്റെ ഡാർലിംഗ് മാർട്ടി, ചെമ്പൻ വിനോദിന്റെ കഥാപാത്രം തുടങ്ങി ഓരോരുത്തരെയും പരിചയപ്പെടുത്താൻ ആദ്യ പകുതിയിൽ സിനിമ സമയം ചെലവഴിക്കുന്നുണ്ട്. അവരുടെ പശ്ചാത്തലവും പരസ്പരമുള്ള ബന്ധങ്ങളുമൊക്കെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകന് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ല.

ഡിസ്കോ. Photo. IMDb

നോൺ ലീനിയർ രീതിയിലുള്ള കഥപറച്ചിലാണ് സിനിമ പിന്തുടരുന്നത്. എന്നാൽ പല കാര്യങ്ങളും കൂട്ടിവായിക്കേണ്ട അവസ്ഥയാണ് പ്രേക്ഷകന്. ആരാണ് ആരുടെ ശത്രു, എന്തിനാണ് ഇവർ തമ്മിൽ ഏറ്റുമുട്ടുന്നത്, ഓരോ കഥാപാത്രത്തിന്റെയും ലക്ഷ്യമെന്ത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത കുറവ് നമുക്ക് സിനിമയിലുടനീളം കാണാൻ സാധിക്കും. ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവരോട് പ്രേക്ഷകന് ഒരു അടുപ്പം ഉണ്ടാക്കിയെടുക്കാൻ സിനിമയ്ക്ക് കഴിയുന്നില്ല.

ഗ്യാങ്സ്റ്റർ സിനിമകളിൽ കണ്ടുപഴകിയ കഥാപരിസരമാണ് ‘ഡിസ്കോ’യുടേത്. ഗ്യാങുകൾ തമ്മിലുള്ള പകയും തിരിച്ചടിയും പ്രതികാരവുമൊക്കെയാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രേക്ഷകന് നേരത്തെ തന്നെ ഊഹിക്കാനാകും. ആദ്യ പകുതിയിലെ കഥാപാത്ര പരിചയപ്പെടുത്തലുകൾക്കു ശേഷം രണ്ടാം പകുതിയും ഇതേ വഴിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ സംഘട്ടനങ്ങളും വെടിവെപ്പും കൊലപാതകങ്ങളുമാണ് കൂടുതലും. തുടക്കത്തിൽ ഇത്തരം രംഗങ്ങൾ ഒരു ആവേശം നൽകുന്നുണ്ടെങ്കിലും പിന്നീട് ആവർത്തനം മടുപ്പിക്കുന്നുണ്ട്. ഓരോ ഗ്യാങും പരസ്പരം ഏറ്റുമുട്ടുന്നു, ആളുകൾ കൊല്ലപ്പെടുന്നു, വീണ്ടും സംഘട്ടനങ്ങൾ വരുന്നു. ഇതിനപ്പുറം കഥയിൽ കാര്യമായ മുന്നേറ്റമൊന്നും അനുഭവപ്പെടുന്നില്ല.

ഡിസ്കോ. Photo. Screen Grab/ Youtube

വയലൻസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സിനിമയാണ് ‘ഡിസ്കോ’. ചില രംഗങ്ങൾ കാണുമ്പോൾ ‘മാർക്കോ’യെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതയും ചോരക്കളിയുമുണ്ട്. എന്നാൽ വയലൻസ് കൊണ്ട് മാത്രം പ്രേക്ഷകനെ പിടിച്ചിരുത്താനാകില്ലല്ലോ. സംഘട്ടനങ്ങൾക്കിടയിൽ കഥാപാത്രങ്ങളുടെ പ്രശ്നങ്ങളോ അവരുടെ വൈകാരികമായ അവസ്ഥകളോ പ്രേക്ഷകനിലേക്ക് എത്തുന്നില്ല. അതുകൊണ്ടുതന്നെ അവർ തമ്മിൽ ഏറ്റുമുട്ടുമ്പോഴും ആരാണ് ജയിക്കേണ്ടത് എന്നൊരു താത്പ്പര്യം പോലും കാണുന്നവർക്ക് ഉണ്ടാകുന്നില്ല.

കുടുംബബന്ധങ്ങളിലൂടെയും മറ്റും വൈകാരികമായ അടുപ്പം സൃഷ്ടിക്കാൻ ചില ശ്രമങ്ങളും സിനിമ നടത്തുന്നുണ്ട്. പക്ഷേ അതൊന്നും വേണ്ടത്ര ഫലിക്കുന്നില്ല. പെപ്പെയുടെ ഇൻട്രോയും ചില സംഘട്ടന രംഗങ്ങളും മാത്രമാണ് കുറച്ചെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ക്ലൈമാക്സിലും വലിയൊരു സർപ്രൈസോ ആവേശമോ കാത്തിരിക്കുന്ന പ്രേക്ഷകന് ലഭിക്കുന്നില്ല.

വലിയൊരു താരനിരയെ അണിനിരത്തിയിട്ടുണ്ടെങ്കിലും പലർക്കും കാര്യമായി ചെയ്യാനൊന്നും സിനിമ നൽകുന്നില്ല. ചെമ്പൻ വിനോദിന്റെ പ്രകടനമാണ് താരതമ്യേന ശ്രദ്ധിക്കപ്പെടുന്നത്. ചില രംഗങ്ങളിൽ അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസും കഥാപാത്രത്തിന്റെ സ്വാഗും സിനിമയ്ക്ക് ഒരു ത്രില്ല് നൽകുന്നുണ്ട്. ആന്റണി വർഗീസിനും ദേവ് മോഹനും സംഘട്ടന രംഗങ്ങളിൽ തിളങ്ങാൻ അവസരമുണ്ട്. എന്നാൽ ഇവരുടെയൊന്നും പ്രകടനം സിനിമയുടെ മൊത്തത്തിലുള്ള പോരായ്മകളെ മറികടക്കുന്നില്ല.

അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സാഗർ, ഗായത്രി സുരേഷ് എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്. എന്നാൽ കഥാപാത്രങ്ങൾക്ക് കൃത്യമായ സ്വഭാവമോ പ്രാധാന്യമോ നൽകാൻ തിരക്കഥയ്ക്ക് കഴിയാത്തതിനാൽ പല പ്രകടനങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത്രയും അഭിനേതാക്കളെ ഒരുമിച്ച് കൊണ്ടുവന്നിട്ടും അവരെ കൃത്യമായി ഉപയോഗിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല.

സാങ്കേതിക വശങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിനിമയുടെ കളർ ട്രീറ്റ്മെന്റും കോസ്റ്റ്യൂമുകളും ഓരോ കഥാപാത്രത്തിനും നൽകിയിരിക്കുന്ന ലുക്കുമെല്ലാം വ്യത്യസ്തമാണ്. ഛായാഗ്രഹണത്തിൽ ചില പരീക്ഷണങ്ങളും നല്ല ഫ്രെയിമുകളും കാണാം. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിലും ചില മികവുകളുണ്ട്. എന്നാൽ ഈ സാങ്കേതിക മികവുകളൊന്നും സിനിമയുടെ അടിസ്ഥാന പ്രശ്നങ്ങളെ മറികടക്കുന്നില്ല.

ഡിസ്കോ. Photo. Screen Grab/ Youtube

മണികണ്ഠൻ അയ്യപ്പന്റെ പശ്ചാത്തല സംഗീതം പലപ്പോഴും രംഗങ്ങളുടെ ആവേശം കൂട്ടുന്നതിനു പകരം ബഹളമായി മാറുന്നുണ്ട്. സംഘട്ടന രംഗങ്ങൾക്ക് വലിയൊരു ഇംപാക്ട് നൽകേണ്ട സംഗീതം ചിലയിടങ്ങളിൽ അതിരുകടക്കുന്നു. ‘ഇതിനോ ആദമേ’ എന്ന ഗാനം ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിലും മറ്റു ഗാനങ്ങളോ പശ്ചാത്തല സംഗീതമോ സിനിമ കഴിഞ്ഞാലും ഓർത്തിരിക്കാനുള്ള അനുഭവം നൽകുന്നില്ല. എഡിറ്റിങ്ങിലും കഥയുടെ ഒഴുക്കിലും കൂടുതൽ ശ്രദ്ധ നൽകാമായിരുന്നു.

ആകെ മൊത്തത്തിൽ ‘ഡിസ്കോ’ വലിയ നിരാശയാണ്. നല്ലൊരു താരനിരയും വ്യത്യസ്തമായ മേക്കിംഗും ആക്ഷൻ രംഗങ്ങളുമൊക്കെയുണ്ടായിട്ടും അവയെല്ലാം കൂട്ടിച്ചേർത്ത് മികച്ചൊരു സിനിമാനുഭവമാക്കാൻ സംവിധായകൻ ഉല്ലാസ് ചെമ്പനും തിരക്കഥാകൃത്ത് ചെമ്പൻ വിനോദിനും കഴിഞ്ഞിട്ടില്ല. കഥയിലെ വ്യക്തതയില്ലായ്മയും കഥാപാത്രങ്ങളോട് അടുപ്പം തോന്നാത്തതും ആവർത്തിച്ചുള്ള വയലൻസുമാണ് ചിത്രത്തെ പിന്നോട്ടടിക്കുന്നത്. രണ്ടര മണിക്കൂറോളം സ്ക്രീനിൽ വലിയ ബഹളം നടക്കുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകനെ വൈകാരികമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളില്ല എന്നുള്ളതാണ് വാസ്തവം.

Content Highlight:  Disco Movie Review