ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഓ റൗട്ട് സംവിധാനം ചെയ്ത ആദി പുരുഷ് പോലെ ഒരു പാതി വെന്ത പരീക്ഷണത്തിനായിരിക്കും നിതിഷ് തിവാരിയും മുതിരുക എന്നായിരുന്നു ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നത്. ഇതോടൊപ്പം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടായിരിക്കും നമിത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന രാമായണ ഒരുക്കുന്നത് എന്ന വാര്‍ത്ത വന്നതോടെ ചിത്രം പരാജയമാകുമെന്നും പലരും വിലയിരുത്തിയിരുന്നു.

രാമായണ. Photo: X.com

എന്നാല്‍ മുന്‍ധാരണകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ട് ഹോളിവുഡ് നിലവാരമുള്ള ദൃശ്യവിരുന്നായിരുന്നു രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ് ഒരുക്കിയത്. സിനിമ കാണാനെത്തുന്നവര്‍ക്ക് പരിചിതമായ കഥയെ കൃത്യമായ അവതരണത്തോടെയും മേക്കിങ്ങോടെയും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാക്കി മാറ്റുകയായിരുന്നു. ഇതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ രാമായണയിലെ കാസ്റ്റിങ്ങിനെ കുറിച്ച് ഒട്ടനവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സായ് പല്ലവി സീതയുടെ വേഷം ചെയ്യാന്‍ യോഗ്യയല്ലെന്നും ചിത്രത്തില്‍ ശൂര്‍പ്പണകയായി വേഷമിട്ട രാകുല്‍ പ്രീത് സിങ്ങിന് സായിയെക്കാള്‍ ഭംഗിയുണ്ടെന്നടക്കം വലിയ വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ സിനിമാ ലോകത്ത് ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തരം വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ സായ് പല്ലവി കാഴ്ചവെച്ചത്. ഹിന്ദു മത വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രാധാന്യമുള്ള സീത എന്ന കഥാപാത്രത്തെ കൈയടക്കത്തോടെയാണ് സായ് പല്ലവി കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയ ശേഷം സീതയായി മറ്റാരെയും സ്ങ്കല്പിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള പെര്‍ഫോമന്‍സാണ് സായിയുടേത്. രണ്‍ബീര്‍ കപൂറുമൊത്തുള്ള കെമിസ്ട്രി കൃത്യമായി വര്‍ക്ക് ചെയ്‌തെടുക്കാന്‍ സായ്ക്ക് സാധിക്കുന്നുണ്ട്. ഇത് ചിത്രത്തിന്റെ ആസ്വാദനത്തില്‍ വലിയ പങ്ക് വഹിക്കുന്നു.

രാമായണ. Photo: X.com

ഇതോടൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് ചിത്രത്തിലെ സായിയുടെ ആക്ഷന്‍ സീനുകളിലെ പെര്‍ഫോമന്‍സ്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ശൂര്‍പ്പണയ്ക്ക് വേണ്ടി പകരം ചോദിക്കാന്‍ വരുന്ന അസുരന്മാരെ നേരിടുന്ന സീതയായി മികച്ച പ്രകടനമാണ് സായ് പല്ലവി കാഴ്ചവെച്ചത്. ഇതുവരെ കാണാത്ത വിധത്തില്‍ കിടിലന്‍ ആക്ഷന്‍ മൂവുകളാണ് സായ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. തന്നെ കുലസ്ത്രീ റോളുകള്‍ ചെയ്യുന്ന നടി എന്ന് പരിഹസിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു സായ് പല്ലവിയുടെ ചിത്രത്തിലെ പ്രകടനം.

Content Highlight: Sai pallavi’s Performance in Ramayana part 1