2027ലെ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം പാറ്റ് കമ്മിന്‍സ് കളിച്ചേക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. 2027ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ആഷസ് ട്രോഫിയും കണക്കിലെടുത്ത് പാറ്റ് കമ്മിന്‍സ് മാറി നിന്നേക്കുമെന്നാണ് വിഹാരിയുടെ നിരീക്ഷണം. എന്നാല്‍ പാറ്റ് കമ്മിന്‍സ് ഇല്ലെങ്കിലും ഹൈദരാബാദ് ഭയപ്പെടേണ്ട കാര്യമില്ലെന്നും ടീമില്‍ മികച്ച ബൗളര്‍മാരുണ്ടെന്നുമാണ് താരം പറഞ്ഞത്.
‘99.9 ശതമാനവും എനിക്ക് ഉറപ്പാണ്, പാറ്റ് കമ്മിന്‍സ് അടുത്ത വര്‍ഷം കളിക്കില്ല. അദ്ദേഹം കളിച്ചില്ലെങ്കിലും മികച്ച ബൗളിങ് നിരയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുള്ളത്. അവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഇഷാന്‍ കിഷന് ടീമിനെ നയിക്കാനാകും.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇനി ചെയ്യേണ്ട ഒരേയൊരു കാര്യം മികച്ചൊരു ഫിനിഷറെ കണ്ടെത്തുകയാണ്. കഴിവ് തെളിയിച്ച ഒരു ഫിനിഷര്‍ തന്നെ വേണം. അത്തരമൊരാളെ അവര്‍ക്ക് കണ്ടെത്താനാകുമോ? സലില്‍ അറോറ ടീമിലുണ്ട്.

പാറ്റ് കമ്മിന്‍സ്. Photo: IndianPremierLeague/x.com
കഴിഞ്ഞ സീസണില്‍ അനികേത് വര്‍മയുടെ പ്രകടനം അല്‍പ്പം നിരാശപ്പെടുത്തി. നിതീഷും ടീമിലുണ്ട്. ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തുന്ന അദ്ദേഹത്തില്‍ വലിയ പ്രതീക്ഷകളാണുള്ളത്. എങ്കിലും അനുഭവസമ്പത്തുള്ള ഒരു ഫിനിഷറെ ടീമിലെത്തിക്കുന്നതിന് പകരമാകില്ല മറ്റൊന്നും,’ തന്റെ യൂട്യൂബ് ചാനലില്‍ വിഹാരി പറഞ്ഞു.
ഐ.പി.എല്ലില്‍ 80 മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റുകള്‍ നേടാന്‍ പാറ്റ് കമ്മിന്‍സിന് സാധിച്ചിട്ടുണ്ട്. 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച ഐ.പി.എല്‍ പ്രകടനം. നിലവില്‍ ഹൈദരാബാദിന്റെ ഫുള്‍ടൈം ക്യാപ്റ്റനാണ് കമ്മിന്‍സ്. എന്നാല്‍ 2026ല്‍ കമ്മിന്‍സിന്റെ പരിക്ക് കാരണം ഇഷാന്‍ കിഷന്‍ ഹൈദരാബാദിന്റെ പാര്‍ട് ടൈം ക്യാപ്റ്റനായിരുന്നു.
2026ലെ സീസണിലെ എലിമിനേറ്ററില്‍ രാജസ്ഥാനെതിരെ 47 റണ്‍സിന് പരാജയപ്പെട്ട് ഹൈദരാബാദ് പുറത്താകുകയായിരുന്നു.
Content highlight: Hanuma Vihari Talking About Pat Cummins
