ന്യൂദല്‍ഹി: പ്രശസ്ത സിനിമാതാരം ഷാരൂഖാനെതിരെയും അദ്ദേഹത്തിന്റെ സിനിമയ്‌ക്കെതിരെയും വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ രവി നേഗി. ഷാരുഖ് ഖാന്‍ കാവി നിറത്തെ അപമാനിക്കുകയാണെന്നും ഈ രംഗം നീക്കം ചെയ്തില്ലെങ്കില്‍ ചിത്രം ബഹിഷ്‌ക്കരിക്കുമെന്നും ഈസ്റ്റ് ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എയായ രവി നേഗി പറഞ്ഞു.

ഷാരുഖ് ഖാന്റെ 61ാം പിറന്നാള്‍ ദിനത്തിലായിരുന്നു കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക പതുകോണ്‍ നൃത്തം ചെയ്യുന്ന സീനടങ്ങുന്ന കിങ് സിനിമയുടെ തു മില്‍ ജാവോ എന്ന പാട്ട് പുറത്തിറങ്ങുന്നത്. ഇതോടെ ബി.ജെ.പി നേതാവ് വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

‘ ഈ രംഗം നീക്കം ചെയ്തില്ലെങ്കില്‍ രാജ്യവ്യാപകമായി കിങ്ങിനെ ബഹിഷ്‌ക്കരിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യും. ഷാരുഖ് ഖാന്‍ ജിഹാദിയാണ്. അയാളെ പോലുള്ള ജിഹാദികള്‍ ഇന്ത്യയില്‍ നിന്ന് പണമുണ്ടാക്കി ഇന്ത്യയെ തന്നെ അപമാനിക്കുകയാണ്. അവര്‍ക്ക് കാവിയോട് പ്രശ്‌നമുണ്ട്,’ ബി.ജെ.പി നേതാവ് പറഞ്ഞു.

ദീപികയെ വെറുമൊരു കരുവാക്കുകയാണെന്നും ഈ ജിഹാദികളാണ് ഇതിന് പിന്നിലെന്നും നേഗി പറഞ്ഞു. ഷാരൂഖ് ഖാന്‍ സനാതന ധര്‍മത്തെ അപമാനിക്കുകയാണെന്നും കാവി വസ്ത്രം ധരിച്ച് മാന്യമല്ലാത്ത രീതിയില്‍ നൃത്തം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് ഷാരൂഖ് ഖാന്റെ പത്താനില്‍ പോലും ദീപിക ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നുവെന്നും അത് ഓണ്‍ലൈനില്‍ വലിയ കോലാഹലത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. അതേ കാര്യമാണ് വീണ്ടും ചെയ്ത് കാവിയെ അപമാനിക്കുന്നതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

എന്നാല്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി ആദ്യ ദിവസം തന്നെ ആറ് കോടിയിലധികം പേരാണ് കിങിലെ ഗാനം കണ്ടത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ് നേട്ടവും ഈ ഗാനം നേടി.

Content Highlight: Shah Rukh Khan is a ‘jihadi’: He earns money from India and then insults India itself — BJP on the film ‘King’