ന്യൂദല്‍ഹി: കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ‘വോട്ട് ചോരി’ കാമ്പെയ്ന്, ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തെരഞ്ഞെടുപ്പ് വിജയങ്ങളെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കമാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവ്.
ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായ പോരാട്ടങ്ങളില്‍ ബി.ജെ.പിയെ നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ വ്യക്തിപരമായി കുറ്റപ്പെടുത്തുക എന്നതിലുപരി, കോണ്‍ഗ്രസ് വലിയൊരു കെണിയാണ് ഒരുക്കുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ പിന്തുണയോടെയും അനുഗ്രഹത്തോടെയും അധികാരത്തില്‍ വന്ന ബി.ജെ.പിയുടെയും മോദി സര്‍ക്കാരിന്റെയും ജനവിധി തെറ്റായ മാര്‍ഗത്തിലൂടെയാണ് നേടിയതെന്ന് വരുത്തിതീര്‍ക്കാനും, അതുവഴി ഇന്ത്യയുടെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ കരിനിഴല്‍ വീഴ്ത്താനുമാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്,’ രാം മാധവ് പറഞ്ഞു.
ജനാധിപത്യം തകര്‍ത്താണ് പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തികച്ചും പരിഹാസ്യമാണെന്നും മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമാണ് ജനാധിപത്യവിരുദ്ധമായ രീതികളില്‍ തെരഞ്ഞെടുപ്പ് ജയിച്ചതെന്ന ആരോപണം നേരിട്ടിട്ടുള്ളതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി ജനാധിപത്യത്തെ ‘കൊലപ്പെടുത്താന്‍’ ശ്രമിച്ചതും, 1987-ല്‍ ജമ്മു കശ്മീരില്‍ രാജീവ് ഗാന്ധിയും അന്നത്തെ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും ചേര്‍ന്ന് അട്ടിമറി നടത്തിയതുമാണ് ചരിത്രമെന്നും രാം മാധവ് വാദിച്ചു. ഈ ചരിത്രങ്ങളെല്ലാം മറച്ചുവെച്ചാണ് കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ തികച്ചും സുതാര്യവും ഭരണഘടനാപരവുമായ ശുദ്ധീകരണ പ്രക്രിയയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
‘13.30 കോടി വോട്ടര്‍മാരെ നിയമവിരുദ്ധമായി ഒഴിവാക്കിയെന്ന പ്രതിപക്ഷ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. താമസം മാറിപ്പോയ ആറ് കോടിയോളം പേരെയും, മരണപ്പെട്ട മൂന്ന് കോടിയിലധികം പേരെയും, പട്ടികയില്‍ ആവര്‍ത്തിച്ചു വന്ന ഒരു കോടിയോളം വരുന്ന പേരുകളെയുമാണ് കൃത്യമായ പരിശോധനയിലൂടെ ഒഴിവാക്കിയത്. അനധികൃത കുടിയേറ്റക്കാരെയും ഇരട്ട വോട്ടുകളെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏത് പ്രധാന വിഷയത്തെക്കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷത്തിന് ഭരണം തടസപ്പെടുത്താന്‍ മാത്രമാണ് താല്പര്യമെന്നും രാം മാധവ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ വിജയമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായി മോദിജിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോധ്യമുള്ളതിനാലാണ് അവര്‍ ഭരണം അട്ടിമറിക്കാന്‍ നോക്കുന്നതെന്നും കോണ്‍ഗ്രസിന്റെ ഈ തന്ത്രം വിജയിക്കാന്‍ ബി.ജെ.പി അനുവദിക്കില്ലെന്നും രാം മാധവ് പറഞ്ഞു.
Content Highlight: ‘Vote Theft’ campaign aimed at defaming the BJP; this move stems from the realization that Modiji cannot be defeated democratically: BJP
