‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സിനിമയുടെ വിജയാഘോഷ വേദിയിൽ നടി പാർവതി തിരുവോത്തിനെക്കുറിച്ച് മനസുതുറന്ന് സംസാരിച്ച് സഹതാരവും നടിയുമായ ഉണ്ണിമായ പ്രസാദ്. ഈ സിനിമയിലൂടെയാണ് പാർവതിയെ അടുത്തറിയാനും സൗഹൃദത്തിലാകാനും കഴിഞ്ഞതെന്ന് ഉണ്ണിമായ പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയിൽ പാർവതി കഥാപാത്രത്തിനുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളും സമർപ്പണവും കണ്ടുപഠിക്കേണ്ടതാണെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു.
‘മൈ ഡിയറസ്റ്റ് പാർവതി. ഈ സിനിമയിലാണ് ഞാൻ പാർവതിയെ പരിചയപ്പെടുന്നത്. അതിനുമുമ്പ് എനിക്ക് പാർവതിയെ വ്യക്തിപരമായി അറിയില്ലായിരുന്നു. പല സ്ഥലങ്ങളിലും പരിപാടികളിലുമൊക്കെ യാദൃച്ഛികമായി കണ്ടിട്ടുണ്ടെങ്കിലും ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടുള്ള സാഹചര്യമുണ്ടായിരുന്നില്ല. അത് ഈ സിനിമയിലൂടെയാണ് സംഭവിച്ചത്,’ ഉണ്ണിമായ പറഞ്ഞു.

ഉണ്ണിമായ പ്രസാദ്.Photo. Screen Grab/ Youtube
പാർവതിയെക്കുറിച്ച് പലരിൽനിന്നും പല കഥകൾ കേട്ടിട്ടാണ് സിനിമയുടെ ഭാഗമായതെന്നും എന്നാൽ അതൊന്നും ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉണ്ണിമായ പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ പാർവതി തനിക്ക് പ്രിയപ്പെട്ട സുഹൃത്തും വലിയ പിന്തുണയുമായി മാറിയെന്നും താരം വ്യക്തമാക്കി.
‘നിങ്ങളെ എല്ലാവരെയും പോലെ പാർവതിയെക്കുറിച്ച് പല കഥകളും ഞാൻ കേട്ടിട്ടുണ്ട്. അതൊക്കെ കേട്ടിട്ടാണ് ഞാൻ ഈ സിനിമയിലേക്ക് വരുന്നത്. അതിൽ നല്ല കഥകളുമുണ്ട്, വാശിപിടിച്ച കഥകളുമുണ്ട്. അങ്ങനെ പലതും. എന്നാൽ ആ കഥകളൊന്നും ഞാൻ പറയാൻ പോകുന്നില്ല. പക്ഷേ, എനിക്ക് ഭയങ്കര പ്രിയപ്പെട്ട ഒരു കൂട്ടുകാരിയായി പാർവതി മാറി. ഒരുപാട് സപ്പോർട്ടീവ് ആയിരുന്നു,’ ഉണ്ണിമായ പറഞ്ഞു.
ഒരു അഭിനേത്രി എന്ന നിലയിൽ പാർവതി ഓരോ കഥാപാത്രത്തിനും നൽകുന്ന സമർപ്പണമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും ഉണ്ണിമായ പറഞ്ഞു. സിനിമയിൽ പ്രേക്ഷകർ കാണുന്നതിനപ്പുറം ഒരു കഥാപാത്രത്തിനായി പാർവതി നടത്തുന്ന തയ്യാറെടുപ്പുകളും അതിനുവേണ്ടി നൽകുന്ന അധ്വാനവും വളരെ മനോഹരമാണെന്നും ഉണ്ണിമായ പറഞ്ഞു.
‘ഒരു ആക്ടർ എന്ന നിലയിൽ നമ്മൾ സിനിമയിൽ കാണുന്നതിനേക്കാൾ ഉപരിയായി അതിനുവേണ്ടി പാർവതി നൽകുന്ന ഹൃദയവും സമർപ്പണവും വളരെ മനോഹരമാണ്. അതാണ് നിന്റെ ശക്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കാര്യത്തിനുവേണ്ടി നമ്മൾ കാണിക്കുന്ന ഡിറ്റർമിനേഷനും ഡെഡിക്കേഷനും അതിനായി നടത്തുന്ന ആലോചനകളും മറ്റ് അഭിനേതാക്കളുമായി സഹകരിക്കുന്ന രീതിയുമെല്ലാം കണ്ടുപഠിക്കേണ്ടതാണ്,’ ഉണ്ണിമായ പറഞ്ഞു.

പാർവതി തിരുവോത്ത്.Photo. Screen Grab/ Youtube
പാർവതിയെക്കുറിച്ച് പുറത്തുനിന്ന് കേട്ട കഥകളിൽനിന്ന് വ്യത്യസ്തമായി താൻ അടുത്തറിഞ്ഞത് വളരെ സ്നേഹമുള്ള ഒരു വ്യക്തിയെയാണെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു. പാർവതിയിൽ തനിക്ക് ഒരു സഹോദരിയെ കണ്ടെത്താനായെന്നും ഈ സൗഹൃദത്തിന് നന്ദിയുണ്ടെന്നും പറഞ്ഞാണ് ഉണ്ണിമായ വാക്കുകൾ അവസാനിപ്പിച്ചത്.
‘നിന്നെക്കുറിച്ച് കേട്ട പല കഥകളിലും ഇതൊന്നും ഉണ്ടാകില്ല. പക്ഷേ, നീ വളരെ സ്വീറ്റാണ്. എനിക്ക് നിന്നിൽ ഒരു സഹോദരിയെ കിട്ടിയിട്ടുണ്ട്. ഒരുപാട് നന്ദി,’ ഉണ്ണിമായ പറഞ്ഞു.
Contenth Highlight: Actress and co-star Unnimaya Prasad spoke openly about actress Parvathy Thiruvothu at the success celebration event for the film ‘Prathama Drushtya Kuttakkar’
