2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

മമിത ബൈജു. Photo: X.com

ഗിരീഷിന്റെ തന്നെ സംവിധാനത്തില്‍ മമിത ബൈജുവും ഒപ്പം നിവിന്‍ പോളിയും ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് മറ്റൊരു വലിയ വിജയ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടിയിലധികം നേടി വമ്പന്‍ മുന്നേറ്റമാണ് ബോക്സ് ഓഫീസില്‍ നടത്തിയത്. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്‌ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്.

വിജയ്‌ക്കൊപ്പമുള്ള ജന നായകന്‍, സൂര്യയ്‌ക്കൊപ്പമുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാമത്തെ ഹിറ്റുമായാണ് മമിത ഇപ്പോള്‍ കളം നിറയുന്നത്. ഏതൊരു യുവനടിയും സ്വപ്നം കാണുന്ന വിധത്തിലാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മമിതയുടെ കുതിപ്പ്.

അടുത്തിടെ സംവിധായകന്‍ കമല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മമിതയെ നായികയാക്കി ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിട്ടതിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ നായകനും പ്രൊഡ്യൂസര്‍ക്കും മമിതയെ നായികയാക്കാന്‍ താത്പര്യമില്ലാതിരുന്നത് കൊണ്ട് ചിത്രം നടക്കാതെ പോകുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. മമിത ഭാവിയില്‍ വലിയ നായികമാകുമെന്ന് അവരോട് താന്‍ പറഞ്ഞിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മമിത ബൈജു. Photo: X.com

ഇപ്പോഴിതാ സംവിധായകന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മമിതയുടെ നിലവിലെ വിജയ ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നിര്‍മാതാവിനെയും മമിതയെ നിരസിച്ച നായകനെയും ആരാധകര്‍ ട്രോളുന്നത്. ഇന്ന് മലയാളത്തിലെ പല മുന്‍നിര താരങ്ങളെക്കാളും സൗത്ത് ഇന്ത്യയില്‍ മാര്‍ക്കറ്റ് വാല്യൂവുള്ള താരമായി മമിത മാറിയെന്നും ഇവര്‍ ഓര്‍മപ്പെടുത്തുന്നു.

Content Highlight: Fans of Mamitha Baiju responds on Director Kama’ls Comment