വാഷിങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ടെക്‌സസ് തൂത്തുവാരി ഡെമോക്രാറ്റിക്ക് പാര്‍ട്ടി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തമായ കോട്ടയായിരുന്നു ടെക്‌സസ്.  1994ന് ശേഷം ആദ്യമായാണ് ടെക്‌സസില്‍ ഒരു ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. ജെയിംസ് തലറിക്കോയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം തിരുത്തിക്കുറിച്ച ആ സ്ഥാനാര്‍ത്ഥി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണയോടെ മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ ടെക്‌സസ് അറ്റോര്‍ണി ജനറലുമായ കെന്‍ പാക്സ്റ്റണെയാണ് 37കാരനായ ജെയിംസ് തലറിക്കോ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ 32 വര്‍ഷമായി ടെക്‌സസ് സംസ്ഥാന ഭരണത്തിലും തെരഞ്ഞെടുപ്പുകളിലും തുടര്‍ന്നിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏകപക്ഷീയമായ വിജയക്കുതിപ്പിനാണ് ഇതോടെ വിരാമമായത്.
അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സെനറ്റ് മത്സരങ്ങളിലൊന്നായ ഈ പോരാട്ടത്തില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോടിക്കണക്കിന് ഡോളറിന്റെ പരസ്യ പ്രചാരണങ്ങളെയും കനത്ത വെല്ലുവിളികളെയും അതിജീവിച്ചാണ് തലറിക്കോ ഈ അട്ടിമറി വിജയം നേടിയത്.

മുന്‍ സ്‌കൂള്‍ അധ്യാപകനും സെമിനാരി വിദ്യാര്‍ത്ഥിയുമായ തലറിക്കോ, അഴിമതിക്കെതിരെയുള്ള പോരാട്ടവും സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കലും പ്രധാന മുദ്രാവാക്യമാക്കിയാണ് ജനങ്ങളെ സമീപിച്ചത്.

ഈ വിജയം യു.എസ് സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങള്‍ക്ക് വലിയൊരു മുന്‍തൂക്കം നല്‍കിയിരിക്കുകയാണ്. കനത്ത തിരിച്ചടിയാണ് ട്രംപ് നേരിടുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് തന്നെയാണ് മുന്നേറ്റം.

അയോവയും കാന്‍സസും ഉള്‍പ്പെടെ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. അയോവയില്‍ ജോഷ് ട്യൂറക്കും കാന്‍സസില്‍ അഡം ഹാമില്‍ട്ടണ്ണുമാണ് വിജയിച്ചത്. ഇതോടെ അറ് സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ അട്ടിമറിച്ചത്. കേവല ഭൂരിപക്ഷത്തോടെ സെനറ്റ് ഉറപ്പിച്ചിരിക്കുകയാണ് ഡെമോക്രാറ്റുകള്‍.

യുഎസ് ജനപ്രതിനിധി സഭയില്‍ നൂറ് സീറ്റ് പിന്നിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി. ഫലം പുറത്ത് വന്ന 161 സീറ്റുകളില്‍ 102 ഇടങ്ങളില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചു. 59 ഇടങ്ങളിലാണ് റിപ്പബ്ലിക്കന്‍സ് വിജയിച്ചത്.

Content Highlight: A 32-year wait: Democratic candidate James Talarico captures a Texas Senate seat.