ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നേഹ ബോറയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. നേഹ ബോറയുടെ പരാമര്‍ശങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്നും സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

നേഹ ബോറയുടെ പഴയ ഒരു വീഡിയോ പ്രചരിപ്പിച്ചാണ് ബി.ജെ.പിയുടെ ആരോപണങ്ങള്‍. ജമ്മു കശ്മീറിലെ കഠുവയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി നേഹ സംസാരിച്ച പഴയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പൂജാരിമാര്‍ ക്ഷേത്രങ്ങളില്‍ വെച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന് നേഹ പറഞ്ഞതായി ബി.ജെ.പി ആരോപിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളില്‍ നിന്നാണ് നേഹ പ്രചോദനം ഉള്‍ക്കൊള്ളുന്നതെന്നും, കോണ്‍ഗ്രസിന് ഹിന്ദു വിരുദ്ധ ഡി.എന്‍.എ ആണെന്നും ബി.ജെ.പി വക്താവ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഹിന്ദുക്കളോട് ശത്രുത പുലര്‍ത്തുന്നുണ്ടെന്നും പാര്‍ട്ടിയുടെ സമീപനം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ മോക്ക് ഇംപീച്ച്‌മെന്റിനിടെ നേഹ നടത്തിയ പരാമര്‍ശങ്ങളും ബി.ജെ.പിയെ ചൊടിപ്പിച്ചു.

അധികാരികള്‍ മനപൂര്‍വം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്നും വോട്ടര്‍പട്ടിക പുതുക്കുന്നതില്‍ ചട്ടലംഘനങ്ങള്‍ നടത്തിയെന്നും ബോറ നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് പിന്നാലെ, ജാതിവിവേചനത്തിലേക്കും മതസ്ഥാപനങ്ങളുടെ പങ്കിലേക്കും ശ്രദ്ധ തിരിച്ച ബോറ, ‘ബ്രാഹ്‌മണ്യ വ്യവസ്ഥിതിയില്‍’ നിന്ന് സ്ത്രീകള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണെന്നും പറഞ്ഞു.

‘സംരക്ഷണം തികച്ചും അനിവാര്യമാണ് അതില്‍ത്തന്നെ ബ്രാഹ്‌മണ്യ വ്യവസ്ഥിതിയില്‍ നിന്നാണ് ഇത്തരം സംരക്ഷണം നല്‍കേണ്ടത്. പാവപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും മൃഗങ്ങളും സ്ത്രീകളും എല്ലാം അടിമത്തത്തിനും പീഡനത്തിനും അര്‍ഹരാണെന്ന് കരുതുന്ന ഒരു വ്യവസ്ഥിതിയാണിത്. ഇതേ വ്യവസ്ഥിതിക്ക് കീഴില്‍ ബ്രാഹ്‌മണ സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്നും അവര്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്നും നമ്മള്‍ കാണുന്നു. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ വെച്ച് പൂജാരിമാര്‍ ബലാത്സംഗങ്ങള്‍ ചെയ്യുന്നു. അത്തരം സംഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്,’ നേഹ ബോറ പറഞ്ഞു.

 

Content Highlight: Neha Bora is anti-Hindu; she draws inspiration from Rahul Gandhi: BJP