13 വര്‍ഷം ഹിറ്റില്ലാതിരുന്നതിന്റെ ക്ഷീണം എല്ലാ അര്‍ത്ഥത്തിലും തീര്‍ക്കാനുറപ്പിച്ചാണ് സൂര്യ കളത്തിലിറങ്ങിയിരിക്കുന്നത്. ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററടിച്ച് നില്‍ക്കുന്ന താരം ഹാട്രിക് ഹിറ്റിന് വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം സൂര്യയുടേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളും ഗംഭീര വിജയം നേടിയിരുന്നു.

റിലീസിന് തയാറെടുക്കുന്ന സീനും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരുന്നു. കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച അഡ്വാന്‍സ് ബുക്കിങ്ങില്‍ വലിയ മുന്നേറ്റമാണ് സീന്‍ നടത്തുന്നത്. കേരളത്തില്‍ ലിമിറ്റഡ് ഷോകളിലൂടെ മാത്രം ഒന്നരക്കോടിയാണ് ചിത്രം നേടിയത്.

കേരളത്തിലെ പല വമ്പന്‍ സ്‌ക്രീനുകളിലും ബുക്കിങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് എല്ലാ ടിക്കറ്റുകളും വിറ്റുപോയത്. എന്നാല്‍ ഇതിനെക്കാള്‍ ശ്രദ്ധ നേടിയത് ബുക്ക്‌മൈഷോയില്‍ സീന്‍ സ്വന്തമാക്കിയ ഒരു റെക്കോര്‍ഡാണ്. കേരളത്തില്‍ മാത്രം ബുക്കിങ് ആരംഭിച്ച സമയത്ത് തന്നെ മണിക്കൂറില്‍ 21000 ടിക്കറ്റുകള്‍ ചിത്രത്തിന്റേതായി വിറ്റുപോയിരുന്നു.

മലയാളത്തിലെ സൂപ്പര്‍താരമായ മമ്മൂട്ടി ബുക്ക്‌മൈഷോയില്‍ നേടിയ ഹവര്‍ലി സെയില്‍ വെറും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സീന്‍ മറികടന്നിരിക്കുകയാണ്. മണിക്കൂറില്‍ 20000 ടിക്കറ്റുകളാണ് മമ്മൂട്ടിയുടെ ഹൈയസ്റ്റ് ടിക്കറ്റ് സെയില്‍. പേട്രിയറ്റിന്റെ പ്രീ സെയിലിലൂടെയായിരുന്നു മമ്മൂട്ടി ഈ നേട്ടത്തിലെത്തിയത്. പോസ്റ്റ് റിലീസില്‍ 16000 ആണ് താരത്തിന്റെ ഉയര്‍ന്ന സെയില്‍.

അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് വെറും മണിക്കൂറുകള്‍ക്കുള്ളില്‍ സാക്ഷാല്‍ മമ്മൂട്ടിയെ മറികടക്കാന്‍ സൂര്യക്ക് സാധിച്ചു. എമ്പുരാന്‍, ലിയോ, കൂലി തുടങ്ങിയ വമ്പന്‍ സിനിമകള്‍ മാത്രമാണ് സൂര്യയുടെ മുന്നിലുള്ളത്. ഇന്നത്തോടുകൂടി തമിഴ്‌നാട്, ആന്ധ്ര ബുക്കിങ്ങും പൂര്‍ണമായും ആരംഭിക്കുന്നതോടെ ഈ കണക്ക് വീണ്ടും ഉയരുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

വേള്‍ഡ്‌വൈഡ് പ്രീ സെയിലില്‍ ഇതിനോടകം അഞ്ച് കോടിയാണ് സീന്‍ നേടിയത്. എല്ലാം ഒത്തുവന്നാല്‍ സൂര്യയുടെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് സീനിലൂടെ നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍. കറുപ്പിനെപ്പോലെ റിലീസ് പ്രതിസന്ധിയും വിശ്വനാഥ് ആന്‍ഡ് സണ്‍സിനെപ്പോലെ തിയേറ്റര്‍ ചാര്‍ട്ടിങ് പ്രതിസന്ധിയും സീനിന് നേരിടാനില്ലെന്നതും ആശ്വാസം നല്‍കുന്നുണ്ട്.

ദീപാവലി റിലീസായെത്തുന്ന ചിത്രം ഇതിനോടകം ആരാധകരില്‍ ആവേശമുണര്‍ത്തിയിരിക്കുകയാണ്. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസറും ഈശ്വരന്‍ എന്ന സൈക്കോ കില്ലറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേയാണ് സീന്‍.

Content Highlight: Scene movie crossed lifetime Bookmyshow hourly rate of Mammootty