ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ നാല് വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ താരത്തിന്റെ സെലഷനില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശും ഭുവിയുടെ ഭാവിയെക്കുറിച്ച് അഭിപ്രായം പറയുകയാണ്.

ന്യൂസിലാന്‍ഡിനെതിരായ ടി-20യില്‍ എല്ലാ ബൗളര്‍മാരും ഓവറില്‍ 10-11 റണ്‍സ് വീതം വഴങ്ങിയിരുന്നുവെന്നും അതിനാല്‍ ഭുവിനി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്ന് പറയുന്നത് വളരെ അന്യായമായിരിക്കും. എന്ന് അദ്ദേഹം പറഞ്ഞു. ഭുവി വളരെ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം ഒരു അണ്ടര്‍ റേറ്റഡ് കളിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഭുവിക്ക് മുമ്പ് മറ്റ് യുവ ഓപ്ഷനുകള്‍ ഉണ്ടെങ്കില്‍ അത് പരിഗണിക്കണമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും വളരെ എളുപ്പത്തില്‍ 230 റണ്‍സ് നേടിയതിനാല്‍ ഇത് അന്യായമാണ്. എല്ലാ ബൗളര്‍മാരും ഓവറില്‍ 10-11 റണ്‍സ് വീതം വഴങ്ങിയിരുന്നു. അതിനാല്‍ ഭുവിനി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്ന് പറയുന്നത് വളരെ അന്യായമായിരിക്കും. ഭുവനേശ്വറിനെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു, എങ്കിലും അടുത്ത തലമുറ എവിടെയാണ്?

ഭുവനേശ്വര്‍ കുമാര്‍

ഭുവി വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹം ഒരു അണ്ടര്‍ റേറ്റഡ് കളിക്കാരനാണ്. നമ്മള്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മറക്കാറുണ്ട്. എന്നിരുന്നാലും, പ്രായം കുറഞ്ഞ കളിക്കാരെ കൂടി പരിഗണിക്കേണ്ട സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്. ആ ഓപ്ഷനുകള്‍ തയ്യാറായില്ലെങ്കില്‍, ഭുവി തീര്‍ച്ചയായും മുന്നിലെത്തും. ഭുവിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഞാന്‍ മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കും,’ തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷത്തിന് ശേഷമാണ് സ്വിങ് കിങ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയത്. ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ താരം ഇടം നേടിയതോടെ വന്‍ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇന്ത്യ പരമ്പര നേടിയെങ്കിലും തിരിച്ചുവരവില്‍ തിളങ്ങാനാവാതെയാണ് ഭുവി ന്യൂസിലാന്‍ഡില്‍ നിന്നും മടങ്ങുന്നത്.

കിവീസിനെതിരായ അഞ്ച് മത്സരങ്ങളില്‍ നാലിലും കളത്തിലിറങ്ങിയെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് പരമ്പരയിലുടനീളം ഭുവിയ്ക്ക് നേടാനായത്. ആക്രമണോത്സുകരായ ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയ്‌ക്കെതിരെ താരത്തിന്റെ തിരിച്ചുവരവ് ബുദ്ധിമുട്ടുള്ള ഒരു പരീക്ഷയായി മാറി. പരമ്പരയില്‍ 16 ഓവറില്‍ 180 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇന്നാണ് (നവംബര്‍ നാല്) പരമ്പരയിലെ ആദ്യ മത്സരം. സീഡന്‍ പാര്‍ക്കാണ് വേദി. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര 3-2ന് ഇന്ത്യ വിജയിച്ചാണ് ഏകദിനത്തില്‍ കളത്തിലിറങ്ങുന്നത്.

Content Highlight: Sadagoppan Ramesh Talking About Indian Pacer Bhuvaneshwar Kumar’s Selection