യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ തകർപ്പൻ വിജയമായിരുന്നു ബയേൺ മ്യൂണിക് സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമൻ വമ്പന്മാരുടെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. ലെന്നാർട്ട് കാൾ, കോൺറാഡ് ലൈമർ എന്നിവരാണ് ബയേൺ മ്യൂണിക്കിന് വേണ്ടി വല കുലുക്കിയത്. ബയേൺ മ്യൂണിക്കിന്റെ മുന്നേറ്റ നിരയിൽ ഈ മത്സരത്തിൽ നിലവിലെ ബാലൺ ഡി ഓർ ജേതാവായ ഹാരി കെയ്ൻ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു.

ഈ മത്സരത്തിൽ എതിരാളികളുടെ വലയിൽ പന്തെത്തിക്കാൻ സാധിക്കാത്തതിനാൽ കെയ്ന് ഒരു ചരിത്ര റെക്കോഡ് കൂടിയാണ് നഷ്ടമായത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോളുകൾ നേടുന്ന താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടത്തിനൊപ്പം തന്റെ പേര് എഴുതി ചേർക്കാൻ ഇംഗ്ലണ്ട് നായകന് സാധിക്കാതെ പോയി.
ഇതിന് മുമ്പ് നടന്ന 10 മത്സരങ്ങളിലും ഹാരി കെയ്ൻ എതിരാളികളുടെ വലയിൽ പന്തെത്തിച്ചിരുന്നു. റൊണാൾഡോ തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലായിരുന്നു ഗോളുകൾ നേടിയിരുന്നത്. 2017-18 സീസണുകളിലായിരുന്നു റൊണാൾഡോയുടെ നേട്ടം.
പോർച്ചുഗീസ് ഇതിഹാസത്തിന്റെ ഈ അമ്പരിപ്പിക്കുന്ന ഗോൾ സ്കോറിങ് റെക്കോഡിനൊപ്പം ഹാരി കെയ്ൻ എത്തുമെന്ന് തന്നെയായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ കെയ്നും റൊണാൾഡോയുടെ അടുത്തെത്താൻ സാധിക്കാതെ പോയി.
അതേസമയം നിലവിൽ യു.സി.എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും സമനിലയുമായി എട്ട് പോയിന്റാണ് ജർമൻ വമ്പന്മാരുടെ അക്കൗണ്ടിലുള്ളത്. ബുണ്ടസ് ലീഗയിലും ബയേൺ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. എട്ട് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും മൂന്ന് സമനിലയുമായി 18 പോയിന്റാണ് ടീമിനുള്ളത്.
ജർമൻ ലീഗിൽ നവംബർ ഏഴിന് മെയ്ൻസിനെതിരെയാണ് ബയേൺ മ്യൂണിക്കിന്റെ അടുത്ത മത്സരം. എതിർ ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം.
Content Highlight: Harry Kane miss to break Cristiano Ronaldo record in UEFA Champions league
