റിലീസിന് മുമ്പുള്ള ഹൈപ്പിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയിലര്‍ 2നെ പലരും വിശേഷിപ്പിക്കുന്നത്. 75ാം വയസിലും തന്റെ സ്വാഗും സ്റ്റൈലും കൊണ്ട് ഒരു സിനിമ പൂര്‍ണമായും ഷോള്‍ഡര്‍ ചെയ്ത് രജിനി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയപ്പോള്‍ തമിഴിലെ ഏറ്റവും വലിയ ഹിറ്റാണ് പിറന്നത്.
റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ 821 കോടിയാണ് ജയിലര്‍ 2 നേടിയത്. തമിഴിലെ എക്കാലത്തെയും വലിയ കളക്ഷന്‍ സ്വന്തമാക്കിയപ്പോഴും പലരും പ്രതീക്ഷിച്ച മൈല്‍സ്റ്റോണ്‍ ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. കോളിവുഡിലെ ആദ്യത്തെ ആയിരം കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നായിരുന്നു പലരും കരുതിയത്.

എന്നാല്‍ നാലാഴ്ച പിന്നിടുമ്പോള്‍ പലയിടത്തും ഷോ കുറഞ്ഞതും മറ്റ് റിലീസുകളും ജയിലര്‍ 2ന് തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് ആയിരം കോടി നേടാനുള്ള സാധ്യത നിര്‍മാതാക്കള്‍ കൈവിട്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് സിനിമാപേജുകള്‍. തമിഴ്‌നാട്, കേരള, കര്‍ണാടക, ആന്ധ്ര/ തെലങ്കാന, ഓവര്‍സീസ് എന്നീ റീജിയണുകളില്‍ ഗംഭീര റിലീസ് നടത്തിയ ചിത്രത്തിന് നോര്‍ത്ത് ഇന്ത്യയില്‍ അധികം സ്‌ക്രീനുകള്‍ ലഭിച്ചിട്ടില്ലായിരുന്നു.
മള്‍ട്ടിപ്ലെക്‌സുകളുമായി കരാര്‍ ഒപ്പിടാത്തതുകൊണ്ട് സിംഗിള്‍ സ്‌ക്രീനുകളില്‍ മാത്രമായിരുന്നു നോര്‍ത്തിലെ റിലീസ്. നോര്‍ത്ത് ഇന്ത്യയിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ചിത്രം റിലീസ് ചെയ്യണമെങ്കില്‍ എട്ട് ആഴ്ചത്തേക്ക് ഒ.ടി.ടി കരാര്‍ നീട്ടണം. എന്നാല്‍ റിലീസിന് മുന്നേ തന്നെ ഒ.ടി.ടി ഡീല്‍ നിര്‍മാതാക്കള്‍ സൈന്‍ ചെയ്തിരുന്നു. ഇത് മാറ്റാനാകാത്ത സാഹചര്യത്തിലാണ് നോര്‍ത്തിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ചിത്രം റിലീസ് ചെയ്യാനാകാത്തത്.

ഒരുപക്ഷേ, പോസ്റ്റ് റിലീസ് ഒ.ടി.ടി ഡീലായിരുന്നെങ്കില്‍ എട്ട് ആഴ്ചത്തെ കരാര്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചേനെയെന്നും അതിലൂടെ ആയിരം കോടി എന്ന മൈല്‍സ്‌റ്റോണ്‍ ജയിലര്‍ 2 സ്വന്തമാക്കിയേനെയെന്നുമാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. കോളിവുഡിലെ ആദ്യ ആയിരം കോടിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കമന്റുകള്‍.
എന്നിരുന്നാലും ഇപ്പോഴത്തെ സ്ഥിതി വെച്ച് 900 കോടിയാകും ചിത്രത്തിന്റെ ഫൈനല്‍ കളക്ഷനെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം. തമിഴിലെ ആദ്യ 100 കോടി മുതല്‍ 900 കോടി വരെ സ്വന്തം പേരിലാക്കിയ രജിനി ഇനിയും സിനിമാലോകത്തെ വിസ്മയിപ്പിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ജയിലര്‍ 2ല്‍ മിസ്സായാലും ആദ്യത്തെ ആയിരം കോടിയും തലൈവരുടെ പേരിലാകുമെന്നും കമന്റുകളുണ്ട്.
Content Highlight: Cinema pages about Jailer 2 movie not crossing 1000 crores in Box Office
