ന്യൂയോർക്ക്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടി സാധാരണക്കാരായ തൊഴിലാളിവർഗത്തിന്റെ ശക്തമായ മുന്നറിയിപ്പാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി.
അധ്വാനിക്കുന്ന ജനങ്ങൾ തങ്ങളുടെ സർക്കാരിൽ നിന്ന് കൂടുതൽ നീതിയും നടപടികളും ആഗ്രഹിക്കുന്നുവെന്നും വ്യവസ്ഥിതിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ കേട്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.
രാജ്യത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള ഭരണനേതൃത്വം കൂടുതൽ സമയം ചോദിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ, ഈ മാസം നൽകേണ്ട വീട്ടുവാടക കൊടുക്കാനും മക്കളുടെ സംരക്ഷണച്ചെലവിനും നിത്യോപയോഗ പലചരക്ക് സാധനങ്ങൾ വാങ്ങാനും ബുദ്ധിമുട്ടുന്ന തൊഴിലാളിവർഗത്തിന് ഇനി വർഷങ്ങളോളം കാത്തിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഒരു വശത്ത് എലോൺ മസ്ക് അടക്കമുള്ള ശതകോടീശ്വരന്മാർ ട്രില്യണയർമാരായി വളരുമ്പോൾ, മറുവശത്ത് ജനങ്ങളോട് ജീവിതച്ചെലവ് ചുരുക്കാനും ഭൂമിയും വെള്ളവും വൻകിട ഡാറ്റാ സെന്ററുകൾക്കായി വിട്ടുകൊടുക്കാനും പറയുന്നത് തികച്ചും അനീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശതകോടീശ്വരന്മാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർ സാധാരണക്കാരുടെ ആവശ്യങ്ങളെ യാഥാർത്ഥ്യബോധമില്ലാത്തതായി മുദ്രകുത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
സ്കൂളുകൾ നിർമിക്കുന്നതിനും അടിസ്ഥാന റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പകരം ജനങ്ങളുടെ നികുതിപ്പണം യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യകൾക്കും ചെലവഴിക്കുന്ന നയങ്ങൾക്കെതിരെയാണ് ജനങ്ങൾ ബാലറ്റിലൂടെ തിരിച്ചടിച്ചതെന്ന് മംദാനി വ്യക്തമാക്കി.
ദശലക്ഷം ഡോളറുകൾ ഒഴുക്കി തെരഞ്ഞെടുപ്പ് വിലയ്ക്കെടുക്കാൻ ശ്രമിച്ച കോർപ്പറേറ്റ് ശക്തികളെ ജനങ്ങൾ വോട്ടിലൂടെ പരാജയപ്പെടുത്തി. ജനജീവിതം ദുസഹമാക്കുന്ന വിലക്കയറ്റ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ജനം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വെറും വാക്കുകൾക്ക് പകരം അധികാരം ജനക്ഷേമത്തിനായി ഫലപ്രദമായി വിനിയോഗിക്കാൻ ഡെമോക്രാറ്റിക് പാർട്ടി തയ്യാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
‘വർഷങ്ങളായി നാം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇനി ഡെമോക്രാറ്റിക് പാർട്ടി ഫലങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുനൽകേണ്ട സമയമാണിത്. അമേരിക്കയിൽ വീണ്ടും പുതിയൊരു പ്രഭാതമായിരിക്കുന്നു,’ അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
Content Highlight:Victory in the Midterm Elections: A Retaliation by the Working People Against Trump’s Policies and Rising Prices — Zohran Mamdani.
