മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ നൽകിയ ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവർത്തി. അതേസമയം മലയാള സിനിമയിൽ നിന്നും വേണ്ടവിധം അംഗീകാരങ്ങൾ ലഭിക്കാതെ പോയ ഗാനരചയിതാവും കൂടിയാണ് അദ്ദേഹം. ‘അല്ലിമലർക്കാവ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. ‘ശ്യാമ’ എന്ന ചിത്രത്തിലെ ‘ചെമ്പരത്തിപ്പൂവേ ചൊല്ല്…’ എന്ന് തുടങ്ങുന്ന പാട്ടിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഇപ്പോഴിതാ മാനത്തെ വെള്ളിത്തെരു എന്ന് പറയുന്ന ‘മനസിന് മടിയിലെ മാന്തളിരിൽ’ എന്ന പാട്ട് തനിക്ക് എത്രത്തോളം പ്രിയപെട്ടതാണെന്ന് പറയുകയാണ് പാട്ടിന്റെ ഗാന രചയിതാവായ ഷിബു ചക്രവർത്തി. തന്റെ സംഗീത ജീവിതത്തിലുണ്ടായ മറക്കാനാകാത്ത ഒരു അനുഭവം ഈ പാട്ടുമായി ബന്ധപെട്ടതാണെന്നും ആ കൂടിക്കാഴ്ചയിലുണ്ടായ അനുഭവം തന്റെ ജീവിതത്തിൽ മറക്കാനാവാത്ത നിമിഷമാണെന്നും അദ്ദേഹം വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷിബു ചക്രവർത്തി. Photo. Screen Grab/ Youtube

‘എന്റെ പാട്ട് കേട്ടിട്ട് ഞാൻ ജീവിതത്തിൽ ഒരിക്കലേ കരഞ്ഞിട്ടുള്ളൂ. ഒരിക്കൽ തിരുവനന്തപുരത്തുനിന്ന് ഒരാൾ വിളിച്ചു. അയാളുടെ മകൾക്ക് എന്നെ ഒന്ന് കാണണം. പ്ലസ് ടുവിന് പഠിക്കുകയാണ് അവൾ. ഞാൻ അയാളെ നിരുത്സാഹപ്പെടുത്തി. എന്തിനാണ് എന്നെ കാണുന്നത് എന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു, അത് നേരിട്ട് പറയാമെന്ന്.

അടുത്ത ആഴ്ച ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഞാൻ തിരുവനന്തപുരത്ത് വരുമെന്നും അവിടെവെച്ച് കാണാമെന്നും പറഞ്ഞു. അവിടെ തിരക്കായിരിക്കില്ലേ എന്ന് ചോദിച്ചപ്പോൾ സാർ താമസിക്കുന്ന ഹോട്ടലിൽ വന്നുകൊള്ളാമെന്നായിരുന്നു മറുപടി. വലിയ താൽപര്യത്തോടെയല്ലെങ്കിലും ഞാൻ സമ്മതിച്ചു.

പറഞ്ഞതുപോലെ ആ അച്ഛനും മകളും ഹോട്ടൽ മുറിയിലെത്തി. മകൾക്ക് എന്നെ നേരിട്ട് കാണണമെന്നുള്ളതുകൊണ്ടാണ് ബുദ്ധിമുട്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇവളുടെ അമ്മ ഇവൾ കുഞ്ഞായിരുന്നപ്പോഴേ മരിച്ചുപോയി. കാൻസറായിരുന്നു,’ ഷിബു പറഞ്ഞു.

തുടർന്നാണ് മകൾക്ക് ആ പാട്ടുമായുള്ള ബന്ധം അദ്ദേഹം വിശദീകരിച്ചതെന്നും അതുകേട്ടപ്പോൾ തനിക് വല്ലാതെ ആയെന്നും അദ്ദേഹം വ്യക്തമാക്കി.

‘അമ്മ മകൾക്ക് എപ്പോഴും പാടിക്കൊടുക്കുന്ന പാട്ടായിരുന്നു ‘മനസിൻ മടിയിലെ മാന്തളിരിൽ…’. അമ്മയുടെ മരണശേഷം ഇവൾ എപ്പോഴും പാടുന്ന പാട്ടും ഇതുതന്നെ. ആ പാട്ട് എഴുതിയ സാറിനെ നേരിട്ട് കാണണം, ഈ പാട്ടൊന്ന് പാടണം എന്നായിരുന്നു മകൾക്ക് അതിയായ ആഗ്രഹം. അതാണ് ഞങ്ങളെ സാറിനെ കാണാൻ വരാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഷിബു ചക്രവർത്തി. Photo. Screen Grab/ Youtube

അത് കേട്ടപ്പോൾ ഞാൻ വല്ലാതായി. ആ മകളോട് പാടാൻ പറഞ്ഞു. അവൾ അതിമനോഹരമായി ആ പാട്ട് പാടി. ആദ്യമായി ആ പാട്ട് കേൾക്കുന്നതുപോലെ എനിക്ക് തോന്നി. ജീവിതത്തിൽ ആദ്യമായി എന്റെ പാട്ട് കേട്ട് ഞാനിരുന്ന് കരഞ്ഞു.എനിക്ക് മനസിലായി, ആ കുഞ്ഞ് പാടിയത് അവളുടെ ജീവിതമായിരുന്നുവെന്ന്,’ ഷിബു ചക്രവർത്തി പറഞ്ഞു.

Content Highlight: Lyricist Shibu Chakravarthy shares how dear the song ‘Manassinte Madiyile Manthaliril’—often referred to as ‘Manathe Vellitheru’ is to him