വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിക്കേണ്ടതുണ്ട് എന്ന് യു.എസ് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമര്‍. കോണ്‍ഗ്രസില്‍ തങ്ങളുടെ പാര്‍ട്ടിക്ക് ലഭിക്കാന്‍ പോകുന്ന ഭൂരിപക്ഷം ഉപയോഗിച്ച്, സര്‍ക്കാര്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നതിലൂടെ ട്രംപ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ യുദ്ധം അവസാനിക്കണം. ഇത് അവസാനിച്ചേ തീരൂ,’ എന്ന് ഷുമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ജനതയുടെ അനുമതിയില്ലാതെ യുദ്ധം ചെയ്യുന്ന ഒരു പ്രസിഡന്റിനെ തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കാനുള്ള അധികാരം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട പരാജയങ്ങള്‍ക്ക് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രതികരണം വന്നിരിക്കുന്നത്.

യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം പോളിങ് കുറഞ്ഞതല്ലെന്നും മറിച്ച് ഇറാന്‍-യു.എസ് യുദ്ധത്തോടുള്ള അതൃപ്തി മൂലം റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ കൂറുമാറിയതാണെന്നുമാണ് ജെ.ഡി.വാന്‍സ് പറഞ്ഞത്.

ട്രംപ് അനുകൂലികളില്‍ അതൃപ്തിയ്ക്ക് കാരണമായ പ്രധാനപ്പെട്ട നാല് കാരണങ്ങളാണ് ജെ.ഡി. വാന്‍സ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി വിട്ട് വോട്ടര്‍മാര്‍ തിരിച്ചുവരാന്‍ പ്രധാനമായും ഈ നാല് കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും വാന്‍സ് പറഞ്ഞു.

ഇറാനുമായുള്ള യുദ്ധം , വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും വിലക്കയറ്റവും, ‘അമേരിക്ക ആദ്യം’ എന്ന നയത്തില്‍ നിന്നും പിന്നോട്ട് പോയത്, ഇസ്രഈലുമയുള്ള ബന്ധം എന്നിവയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിയ്ക്കുള്ള കാരണങ്ങള്‍ എന്നാണ് വൈസ് പ്രസിഡന്റ് വിലയിരുത്തിയത്.

ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും വിവാദപരവും ജനപ്രീതി കുറച്ചുകൊണ്ടുവന്നതുമായ വിഷയങ്ങളിലൊന്നായി ഇറാനുമായുള്ള സംഘര്‍ഷം മാറിയിരുന്നു. സംഘര്‍ഷം തുടങ്ങി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും, സമാധാന ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നതായി സൂചനകളില്ല. ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള അവ്യക്തമായ നിലപാടുകളും, വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകാനും, രാജ്യത്തെ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക യു.എസില്‍ വര്‍ധിച്ചിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഇപ്പോഴത്തെ ഇടക്കാല തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകള്‍ യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍മാരില്‍ നിന്ന് പിടിച്ചെടുത്തു.

Content Highlight: Top US Senate Democrat says Iran war ‘must end’