വംശീയ അധിക്ഷേപങ്ങള്‍, ഇസ്‌ലാമോഫോബിക് പ്രചാരണം, വ്യക്തിപരമായ ആരോപണങ്ങള്‍, ഫെഡറല്‍ അന്വേഷണം… അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരന്തര ആക്രമണങ്ങള്‍ക്കിടയിലും അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചുകയറിയിരിക്കുകയാണ് ഡെമോക്രാറ്റിക് പ്രതിനിധിയായ ഇല്‍ഹാന്‍ ഉമര്‍. മിനസോട്ടയിലെ അഞ്ചാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് അഞ്ചാം തവണയാണ് യു.എസ് ജനപ്രതിനിധിസഭയിലേക്ക് ഇല്‍ഹാന്‍ ഉമര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് ട്രൂപ്പറുമായ ജോണ്‍ നാഗലിനെ പരാജയപ്പെടുത്തിയാണ് ഇല്‍ഹാന്‍ ഉമര്‍ വിജയം ആവര്‍ത്തിച്ചത്.
വിജയത്തിനു പിന്നാലെ ട്രംപിനെതിരെ ശക്തമായ മറുപടിയുമായി ഇല്‍ഹാന്‍ രംഗത്തെത്തി. ‘ട്രംപ്, നിങ്ങള്‍ക്ക് ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല,’ രാഷ്ട്രീയ ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ പതറില്ല’.
സൊമാലിയയില്‍ ജനിച്ച ഇല്‍ഹാന്‍ അഭയാര്‍ഥിയായാണ് അമേരിക്കയിലെത്തിയത്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് മുസ്‌ലിം വനിതകളില്‍ ഒരാള്‍ കൂടിയാണ് അവര്‍. മുസ്‌ലിം വനിതയും കറുത്ത വര്‍ഗക്കാരിയും കുടിയേറ്റ പശ്ചാത്തലമുള്ളയാളുമെന്ന നിലയില്‍ പലപ്പോഴും വംശീയവും മതപരവുമായ അധിക്ഷേപങ്ങളും ഇല്‍ഹാന്‍ നേരിടേണ്ടിവരുന്നു.
‘തിരിച്ചുപോകൂ’ എന്ന ആക്രോശവും ‘ചവറ്’ പരാമര്‍ശവും
ഇല്‍ഹാനെതിരായ ട്രംപിന്റെ ആക്രമണങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2019ല്‍ നടന്ന ഒരു റാലിയില്‍ ഇല്‍ഹാന്‍ ഉമറിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് ‘അവരെ തിരിച്ചയക്കൂ’ എന്ന് ട്രംപ് അനുകൂലികള്‍ മുദ്രാവാക്യം വിളിച്ചിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോട്, അവരുടെ ജന്മനാടിനെ ചൂണ്ടിക്കാട്ടിയായിരുന്നു ശത്രുക്കളുടെ ഈ ആക്രോശം.
2025ല്‍ സൊമാലി സമൂഹത്തെയും ഇല്‍ഹാനെയും ലക്ഷ്യമിട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങളും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഇല്‍ഹാനെയും അവരുടെ സുഹൃത്തുക്കളെയും ‘ചവറ് (ഗാര്‍ബേജ്) എന്ന് വിശേഷിപ്പിച്ച ട്രംപ്, സൊമാലിയന്‍ കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ചു.
തനിക്കെതിരായ ആക്രമണങ്ങള്‍ സൊമാലിയന്‍-അമേരിക്കന്‍ സമൂഹത്തെയും ബാധിക്കുന്നുണ്ടെന്ന് നിരവധി വേദികളില്‍ ഇല്‍ഹാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ തനിക്കും കുടുംബത്തിനും ജീവനക്കാര്‍ക്കും നേരെയുള്ള വധഭീഷണികള്‍ വര്‍ധിക്കുന്നതായും അവര്‍ പറഞ്ഞിരുന്നു.
‘ഞാന്‍ ഒരു കോണ്‍ഗ്രസ് അംഗമായതിനാല്‍ സുരക്ഷ ലഭിക്കുന്നുണ്ട്. എന്നാല്‍ സമാനമായ വംശീയവും മതപരവുമായ സ്വത്വങ്ങള്‍ പങ്കിടുന്ന സാധാരണക്കാര്‍ക്ക് ഇത്തരം പ്രസ്താവനകള്‍ സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ചാണ് എനിക്ക് ആശങ്ക,’ ഇല്‍ഹാന്‍ പറഞ്ഞു.
ട്രംപിന്റെ ഈ സമീപനം ഇല്‍ഹാന്‍ ഉമറില്‍ മാത്രം ഒതുങ്ങുന്നില്ല. 2026ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും മുസ്‌ലിം രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് അദ്ദേഹം ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാര്‍ഥി അബ്ദുള്‍ എല്‍-സയീദിനെ ‘ജിഹാദി’ എന്ന് വിശേഷിപ്പിക്കുകയും മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു ട്രംപ്.
മുസ്‌ലിം രാഷ്ട്രീയ നേതാക്കളെ തീവ്രവാദവുമായി ബന്ധിപ്പിക്കുകയും അവരുടെ മതപരമായ സ്വത്വത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ ഇസ്‌ലാമോഫോബിക് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ലെന്ന വിമര്‍ശനം ഉയര്‍ന്നു. മുസ്‌ലിം പേരും മതവിശ്വാസവും മാത്രം രാഷ്ട്രീയ വിരോധത്തിനും അധിക്ഷേപത്തിനും കാരണമാക്കുന്ന ട്രംപിന്റെ സമീപനം വോട്ടര്‍മാര്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചയായി.
ഇസ്‌ലാമോഫോബിയക്കെതിരെ പ്രമേയം
അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയെയും മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷത്തെയും അപലപിച്ചുകൊണ്ട് 2023 മാര്‍ച്ച് 23ന് ഇല്‍ഹാന്‍ ഉമര്‍ യു.എസ്. ജനപ്രതിനിധിസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു.
ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയുടെ വാര്‍ഷികവും അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്‌ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും കൂടിയായിരുന്നു ഈ പ്രമേയം.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 2019ല്‍ രണ്ട് പള്ളികളിലായി നടന്ന കൂട്ടക്കൊല പിന്നീട് അമേരിക്കയിലുണ്ടായ നിരവധി വെടിവെപ്പ് ആക്രമണങ്ങള്‍ക്ക് പ്രചോദനമായിരുന്നു. കാലിഫോര്‍ണിയയിലെ സിനഗോഗ് ആക്രമണം, ടെക്‌സസിലെ എല്‍ പാസോ വാള്‍മാര്‍ട്ടിലെ വെടിവെപ്പ്, ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ പലചരക്ക് കടയിലുണ്ടായ കൂട്ടക്കൊല എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളായി പ്രമേയം ചൂണ്ടിക്കാട്ടി.
‘വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുന്ന ഈ വേളയില്‍, എല്ലാ മതവിശ്വാസികള്‍ക്കും ഭയമില്ലാതെ ആരാധന നടത്താനുള്ള അവകാശമുണ്ടെന്ന് നാം ഒരിക്കല്‍ക്കൂടി ഉറപ്പിക്കേണ്ടതുണ്ട്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റെ കണക്കുകള്‍ പ്രകാരം, മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്.
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം സമൂഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിച്ചത്. എന്നാല്‍ വിദ്വേഷത്തിന്റെ ഈ വര്‍ധന മുസ്‌ലിങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും നമുക്കറിയാം. പള്ളികള്‍ക്കു നേരെയുള്ള ബോംബാക്രമണങ്ങളും സിനഗോഗുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്.
മതവിദ്വേഷത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ നാം ഒന്നിച്ചുനില്‍ക്കണം. ഒരാള്‍ക്കെതിരായ വിദ്വേഷം എല്ലാവരെയും ബാധിക്കുന്നതാണെന്ന് തിരിച്ചറിയണം. അതുകൊണ്ടുതന്നെ ഇസ്‌ലാമോഫോബിയയെ അപലപിക്കാനും അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സഹപ്രവര്‍ത്തകരെ ഒരുമിപ്പിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.’ ഇല്‍ഹാന്‍ പറഞ്ഞു.
പ്രമേയത്തിന് ജനപ്രതിനിധിസഭയിലെ നിരവധി ഡെമോക്രാറ്റിക് അംഗങ്ങള്‍ പിന്തുണ നല്‍കി. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് ഫസ്റ്റ്, മാര്‍ച്ച് ഫോര്‍ ഔര്‍ ലൈവ്സ് തുടങ്ങിയ മനുഷ്യാവകാശ, സാമൂഹിക സംഘടനകളും പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ട്രംപിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ പ്രചാരണം
2026ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ പ്രധാന ആയുധമായത് ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ രാഷ്ട്രീയമായിരുന്നു. പ്രചാരണ റാലികളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളെ പിന്തുണയ്ക്കുന്നവരെ ട്രംപ് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. കാന്‍സസിലെ റാലിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആദം ഹാമില്‍ട്ടനെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ പരസ്യമായി വിമര്‍ശിച്ചു. മറ്റൊരു പ്രസംഗത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കൊപ്പം സൊമാലിയയില്‍ നിന്നുള്ള കുടിയേറ്റക്കാരെയും ഇല്‍ഹാന്‍ ഉമറിനെയും മോദി പരിഹസിച്ചു.
LGBTQ+ അവകാശങ്ങള്‍ക്കായും ഉറച്ച നിലപാട്
മിനസോട്ട ജനപ്രതിനിധിസഭയില്‍ പ്രവര്‍ത്തിച്ച കാലം മുതല്‍ LGBTQ+ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന രാഷ്ട്രീയ നേതാവാണ് ഇല്‍ഹാന്‍ ഉമര്‍. ലൈംഗിക ആഭിമുഖ്യത്തിന്റെയും ലിംഗസ്വത്വത്തിന്റെയും പേരില്‍ ആരും വിവേചനം നേരിടരുതെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
മിനസോട്ട നിയമസഭാംഗമായിരിക്കെ, ഒരാളുടെ ലൈംഗിക ആഭിമുഖ്യമോ ലിംഗസ്വത്വമോ മാറ്റാനുള്ള കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധിക്കാനുള്ള ബില്ലിനെയും ഒമര്‍ പിന്തുണച്ചു. ഈ രീതിയെ അവര്‍ പീഡനമെന്നായിരുന്നു വിശേഷിപ്പിച്ചത്.
ഭവനം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ LGBTQ+ വിഭാഗങ്ങള്‍ക്കെതിരായ വിവേചനം തടയാനുള്ള Equality ആക്ടിനേയും ഇല്‍ഹാന്‍ ഉമര്‍ പിന്തുണച്ചു.
LGBTQIA+ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞത്.
വീട്, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും അക്രമവും തൊഴില്‍ മേഖലയിലെ വിവേചനവും ഈ സമൂഹത്തെ കൂടുതല്‍ ബാധിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി
‘കോണ്‍ഗ്രസില്‍ LGBTQIA+ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ഞാന്‍ ശബ്ദമുയര്‍ത്തും. മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കൊപ്പം ഈ സമൂഹവും നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെയും പോരാടും,’ ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു.
2022ല്‍, സ്വവര്‍ഗ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാഹസമത്വത്തിന് ഫെഡറല്‍ തലത്തില്‍ സംരക്ഷണം ഉറപ്പാക്കുന്ന റെസ്പെക്ട് ഫോര്‍ മാര്യേജ് ആക്ടിനും ഉമര്‍ പിന്തുണ നല്‍കി. നിയമനിര്‍മാണത്തെ ചരിത്രപരമായ ചുവടുവെപ്പെന്ന് വിശേഷിപ്പിച്ച അവര്‍, വിവാഹം കഴിക്കാന്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ തിരഞ്ഞെടുക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ തടസ്സമാകരുതെന്ന നിലപാടാണ് മുന്നോട്ടുവെച്ചത്.
‘എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാനുള്ള പോരാട്ടത്തിലെ ചരിത്രപരമായ ചുവടുവെപ്പാണ് ഈ നിയമം. നിങ്ങള്‍ സ്‌നേഹിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ ഒരിക്കലും തടസ്സമാകില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഈ നിയമം പാസായതിലൂടെ വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും അമേരിക്കയില്‍ സ്ഥാനമില്ലെന്ന വ്യക്തമായ സന്ദേശമാണ് ഞങ്ങള്‍ നല്‍കുന്നത്,’ എന്നായിരുന്നു ഉമറിന്റെ പ്രതികരണം.
ഇല്‍ഹാന്‍ ഉമറിനെതിരായ ഫെഡറല്‍ അന്വേഷണം
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇല്‍ഹാന്‍ ഉമറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് കൂടുതല്‍ ദേശീയ ശ്രദ്ധ ലഭിച്ചത് അവരുടെ വാഷിങ്ടണ്‍ ഡിസിയിലെ വസതിയില്‍ ഫെഡറല്‍ ഏജന്റുമാര്‍ പരിശോധന നടത്തിയതോടെയാണ്. ഒക്ടോബര്‍ 12ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഉദ്യോഗസ്ഥര്‍ കോടതി അനുമതിയോടെയുള്ള പരിശോധന നടത്തിയതായി നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഫെഡറല്‍ ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധനയെന്നായിരുന്നു അധികൃതരുടെ വാദം.
ഇല്‍ഹാന്‍ ഉമറിന്റെ ബാല്യകാലത്ത് പിതാവ് സമര്‍പ്പിച്ച കുടിയേറ്റ രേഖകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നതാണ് അധികൃതര്‍ പരിശോധിച്ചത്. അവരുടെ പൗരത്വം, കുടിയേറ്റ രേഖകള്‍, കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും അന്വേഷണവുമായി ബന്ധപ്പെട്ട് പരിശോധിക്കപ്പെട്ടു.
ഇല്‍ഹാന്‍ ഉമറിന്റെ സഹോദരനുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ആരോപണങ്ങളും വീണ്ടും ചര്‍ച്ചയായി. 2009ല്‍ നടന്ന വിവാഹം കുടിയേറ്റ നിയമങ്ങള്‍ മറികടക്കാനുള്ള ശ്രമമായിരുന്നുവെന്ന ആരോപണം വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആരോപണം തെളിയിക്കപ്പെട്ടില്ല.
തനിക്കെതിരായ നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ഇല്‍ഹാന്‍ ഉമര്‍ വ്യക്തമാക്കി. ‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഫെഡറല്‍ പരിശോധന രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ നിയമസംവിധാനം ഉപയോഗിക്കുന്നതിന്റെ ഉദാഹരണം മാത്രമാണ്. ട്രംപും ഭരണകൂടവും എന്നെ ഭയപ്പെടുത്താനും നിശബ്ദയാക്കാനും ശ്രമിക്കുകയാണ്,’ ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു.
‘ഞാനൊരു സ്ത്രീയാണ്, കുടിയേറ്റക്കാരിയാണ്, അഭയാര്‍ഥിയാണ്, മുസ്‌ലിമാണ്’
പുതിയ വിവാദങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും തന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് ഇല്‍ഹാന്‍ ഉമര്‍.’ഞാനൊരു സ്ത്രീയാണ്, കുടിയേറ്റക്കാരിയാണ്, അഭയാര്‍ഥിയാണ്, മുസ്ലിമാണ്. ഭീഷണികള്‍ക്ക് മുന്നില്‍ നിശബ്ദയാകാന്‍ ഞാന്‍ തയ്യാറല്ല.’ എന്നാണ് ദി നേഷന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.
ഫെഡറല്‍ അന്വേഷണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായപ്പോഴും മിനസോട്ടയിലെ പ്രചാരണത്തില്‍ ഇല്‍ഹാന്‍ ഉമര്‍ സജീവമായിരുന്നു. സ്വന്തം മണ്ഡലത്തിലെത്തി വോട്ടര്‍മാരെയും മിനിയാപൊളിസിലെ സൊമാലി-അമേരിക്കന്‍ സമൂഹത്തെയും കണ്ടു. പിന്തുണക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ഓണ്‍ലൈനിലൂടെ പ്രചാരണം ശക്തമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മിനിയാപൊളിസിലെത്തിയ പുരോഗമന രാഷ്ട്രീയ നിരൂപകന്‍ ഹസന്‍ പിക്കറിനൊപ്പവും അവര്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.
2018ലെ ആദ്യ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുതല്‍ ഉമറിനെ പിന്തുണച്ചുപോരുന്ന മണ്ഡലമാണിത്. രാഷ്ട്രീയ വിവാദങ്ങളും പൊതുജനശ്രദ്ധയും ശക്തമായപ്പോഴും വോട്ടര്‍മാരുടെ പിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ലഭിച്ച പിന്തുണയാണ് വ്യക്തമാക്കുന്നത്.
അഞ്ചാം തവണയും ജനപ്രതിനിധിസഭയിലെത്തുന്നതോടെ അഭയാര്‍ഥിയായി അമേരിക്കയിലെത്തിയ ഉമറിന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അധ്യായം കൂടി തുറക്കുകയാണ്. സ്വന്തം സമൂഹത്തെ പ്രതിനിധീകരിക്കാനും തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്നോട്ടുവെക്കാനും പൊതുസേവനം തുടരാനുമുള്ള അവസരമായാണ് ഈ വിജയത്തെ ഉമര്‍ കാണുന്നത്.
ഇല്‍ഹാന്‍ ഉമറിന്റെ വിജയം ട്രംപിന്റെ രാഷ്ട്രീയത്തിനെതിരായ സമ്പൂര്‍ണ ജനവിധിയാണെന്ന് പറയാനാവില്ല. എന്നാല്‍ വംശീയവും മതപരവുമായ അധിക്ഷേപങ്ങള്‍ക്കും കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങള്‍ക്കും ഇടയിലും ഒരു മുസ്‌ലിം അഭയാര്‍ഥി പശ്ചാത്തലമുള്ള വനിതയ്ക്ക് ജനവിധി ആവര്‍ത്തിച്ച് നേടാനാകുന്നു എന്നത് അമേരിക്കന്‍ രാഷ്ട്രീയത്തിന് ശക്തമായ ഒരു സന്ദേശം കൊടുക്കുകയാണ്. അതെ, ഇല്‍ഹാന്‍ ഉമറിനൊപ്പം ഒരു ജനത പറയുന്നു, ‘ഇല്ല ഞങ്ങളെ നിശബ്ദരാക്കാന്‍ അനുവദിക്കില്ല’.
