ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച്‌ വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരിക്കുകയാണ് നീലപ്പട. ഇന്ത്യന്‍ ബൗളര്‍മാര്‍ വെറും 185 റണ്‍സിന് ന്യൂസിലാന്‍ഡിനെ എറിഞ്ഞിട്ടതും വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറിയും ഏഴ് വര്‍ഷത്തിന് ശേഷം ന്യൂസിലാന്‍ഡ് മണ്ണിലെ ഇന്ത്യയുടെ ഏകദിന വിജയത്തിന് വഴിയൊരുക്കുകയായിരുന്നു.

എന്നാല്‍ കളിയിലെ താരമായത് തന്റെ രണ്ടാം ഏകദിനം മാത്രം കളിക്കുന്ന അന്‍ഷൂല്‍ കാംബോജ് എന്ന ഇരുപത്തിഅഞ്ചുകാരന്‍ പേസ് ബൗളറായിരുന്നു. പത്ത് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റാണ് അന്‍ഷൂല്‍ നേടിയത്. 2.2 എന്ന എക്കോണമി ആണ് താരത്തിനെ കളിയിലെ താരമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ അന്‍ഷൂലിന് തന്റെ അരങ്ങേറ്റം ഓര്‍മിക്കാനാഗ്രഹിക്കുന്ന ഒന്നായിരുന്നില്ല. ന്യൂ ചണ്ഡിഗഡിലെ റണ്ണൊഴുകുന്ന പിച്ചില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 351 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ നിഷ്‌കരുണം മര്‍ദിച്ചു. അന്ന് അന്‍ഷൂല്‍ കാംബോജ് ഒമ്പത് ഓവറില്‍ വഴങ്ങിയത് 82 റണ്‍സ് ആയിരുന്നു. പരമ്പരയില്‍ പിന്നീട് താരത്തിന് അവസരവും ലഭിച്ചില്ല.

എന്നാല്‍ ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാന്‍ഡിനെതിരെ പുറത്തെടുത്ത അച്ചടക്കമുള്ള ബൗളിങ് ഇന്ത്യയുടെ പേസ് ഇതിഹാസം ജസ്പ്രീത് ബുംറയ്‌ക്കൊപ്പമാണ് അന്‍ഷൂല്‍ കാംബോജിന് സ്ഥാനം നേടിക്കൊടുത്തത്.

ജസ്പ്രീത് ബുംറയ്ക്ക് ശേഷം ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ ഏക്കോണമി നിരക്കില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസറായി അന്‍ഷൂല്‍ മാറി. 2016 ജൂണില്‍ സിംബാംബ്‌വെയ്‌ക്കെതിരെ ബുംറ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ ആശിഷ് നെഹ്‌റയും 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അജിത് അഗാര്‍ക്കറും 22/2 എന്ന പ്രകടനം നടത്തിയിരുന്നു.

ഇന്ത്യയുടെ ബൗളിങ് നിര ഒന്നാകെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റുമായി മുന്നില്‍ നിന്നപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടക്കത്തില്‍ തന്നെ വില്‍ യങിനെയും ഹെന്റി നിക്കോള്‍സിനെയും പുറത്താക്കി അര്‍ഷ്ദീപ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. സ്വന്തം പന്തില്‍ മികച്ച റിഫ്‌ലക്‌സ് ക്യാച്ചിലൂടെ ടിം ലാഥമിനെ പുറത്താക്കി ബ്രാറും തിളങ്ങി. 43 പന്തില്‍ 38 റണ്‍സെടുത്ത ടിം സീഫര്‍ട്ട് ആണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍.

അവസാന വിക്കറ്റില്‍ നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ബ്ലെയിര്‍ തിക്‌നറാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. 30 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 28 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവരാണ് കിവീസിന് വേണ്ടി പൊരുതിയവര്‍.

ഇന്ത്യയുടെ ബാറ്റിങ് പലതവണ മഴ മുടക്കിയപ്പോള്‍ 32 ഓവറില്‍ 143 റണ്‍സ് ആക്കി ലക്ഷ്യം ചുരുക്കി.ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‌ലി 51 പന്തില്‍ 13 ഫോറും ഒരു സിക്‌സുമടക്കം 74 റണ്‍സ് നേടി.

Content Highlight: Anshul Kamboj joins Jasprit Bumrah in elite list after record-breaking spell against New Zealand