ഇന്ത്യന്‍ ബൗളര്‍മാരും കിങ് കോലിയും ഒപ്പം മഴയും തകര്‍ത്തുകളിച്ച ഇന്ത്യ- ന്യൂസീലാന്‍ഡ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റ് ജയം. പര്യടനത്തിലെ നാലാം ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ 259 റണ്‍സ് അടിച്ചെടുത്ത ന്യുസിലാന്‍ഡിനെ ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഒരാഴ്ചയ്ക്കിപ്പുറം 185 റണ്‍സിനാണ് ഇന്ത്യ എറിഞ്ഞിട്ടത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ 40.2 ഓവറില്‍ 185 റണ്‍സിന് ഓള്‍ ഔട്ട് ആയി. 43 പന്തില്‍ 38 റണ്‍സെടുത്ത് ടിം സീഫര്‍ട്ട് ആണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് നാലും ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും അന്‍ഷുല്‍ കാംബോജ് രണ്ടും വിക്കറ്റെടുത്തു.

അവസാന വിക്കറ്റില്‍ നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ബ്ലെയിര്‍ തിക്‌നറാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. 30 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 28 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവരാണ് കിവീസിന് വേണ്ടി പൊരുതിയവര്‍.

ബാറ്റ്‌സ്മാന്‍മാരെ നിരന്തരം ആക്രമിച്ച ബൗളര്‍മാര്‍ക്കൊപ്പം ഇന്ത്യയുടെ മികച്ച ഫീല്‍ഡിങ്ങും കൂടിയായതോടെ ന്യൂസിലാന്‍ഡ് തകര്‍ന്നടിയുകയായിരുന്നു. മുഹമ്മദ് സിറാജിന് പകരം ടീമിലെത്തിയ അന്‍ശൂല്‍ കാംബോജ് പത്ത് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്.

കാംബോജിന്റെ ബോളില്‍ നഥാന്‍ സ്മിത്തിനെ പുറത്താക്കാന്‍ എടുത്ത ക്യാച്ചോടെ ന്യൂസിലാന്‍ഡില്‍ ക്യാച്ച് നേടുന്ന ഏറ്റവും പ്രായമേറിയ താരമായി വിരാട് കോഹ്‌ലി മാറി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി കിട്ടി. ആദ്യ ഓവറിന്റെ അവസാന പന്തില്‍ രോഹിത് ശര്‍മ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. എന്നാല്‍ ശുഭ്മന്‍ ഗില്ലിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യയുടെ സ്‌കോര്‍ 10.5 ഓവറില്‍ 54/1 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ പെയ്തു. അതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 167 റണ്‍സായി പുനര്‍നിര്‍ണയിച്ചു.

മത്സരം പുനരാരംഭിച്ചെങ്കിലും 12ാം ഓവറില്‍ വീണ്ടും മഴപെയ്തു. അതോടെ ലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി വീണ്ടും ചുരുക്കി. 19ാം ഓവറില്‍ 37 റണ്‍സെടുത്ത ഗില്‍ പുറത്താകുമ്പോഴേക്ക് ഇന്ത്യയുടെ സ്‌കോര്‍ 118ല്‍ എത്തിയിരുന്നു.

51 പന്തില്‍ 13 ഫോറും ഒരു സിക്‌സറുമടക്കം 74 റണ്‍സ് നേടിയ വിരാട് കോഹ്‌ലി തൊട്ടടുത്ത ഓവറില്‍ ജേക്കബ് ഡഫിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. അഞ്ചാമനായി ഇറങ്ങിയ അക്‌സര്‍ പട്ടേലിനെ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ അതേ ഓവറില്‍ ജേക്കബ് ഡഫി മടക്കി.

22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം കടന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ജേക്കബ് ഡഫി മൂന്ന് വിക്കറ്റും കൈല്‍ ജാമിസണും നഥാന്‍ സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

പത്ത് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ അന്‍ഷൂല്‍ കാംബോജ് ആണ് കളിയിലെ താരം. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈഡന്‍ പാര്‍ക്കില്‍ ജയിക്കുന്നത്. ഇന്ത്യ അവസാനമായി അവിടെ ജയിച്ചത് 2009ലാണ്.

Content Highlight: Kohli guides Men in Blue to victory as young pacers restrict Kiwis to a low total