തിരുവനന്തപുരം: കാലടി സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സർവ്വകലാശാല അധികൃതരും സർക്കാരും സ്വീകരിക്കുന്നത് അങ്ങേയറ്റം വൈര്യനിര്യാതനപരമായ നിലപാടാണെന്ന് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് പ്രതീകാത്മകമായി നാടകം കളിച്ച വിദ്യാർത്ഥികളെ മാസങ്ങളോളം പുറത്തുനിർത്തുകയും, പരീക്ഷയെഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയും ചെയ്ത വൈസ് ചാൻസലറുടെ നടപടി ലോകചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തതാണെന്ന് അവർ വിമർശിച്ചു.
തിയേറ്റർ സ്റ്റഡീസ് വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിന്റെ ഭാഗമായ ലൈറ്റുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ‘ലൈറ്റ് മരിച്ചേ’ എന്ന പേരിൽ നടത്തിയ പ്രതീകാത്മക നാടകത്തെ, വി.സിയുടെ മരണമായി ചിത്രീകരിച്ച് തെറ്റായ പ്രചാരണമാണ് അധികാരികൾ നടത്തിയത്. ഈ തെറ്റായ വാദം മന്ത്രിമാരും ആഭ്യന്തര വകുപ്പും നിയമസഭയിൽ പോലും ഏറ്റുപിടിച്ചു. ഇതേത്തുടർന്ന് 16 വിദ്യാർത്ഥികളെയാണ് ക്യാമ്പസിന് പുറത്തുനിർത്തി പരീക്ഷകളിൽ നിന്ന് വിലക്കിയത്. ഇതിനെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം മുന്നോട്ടുവന്നത് സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു.
വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും ജനാധിപത്യ രാജ്യത്ത് അവകാശങ്ങൾക്കായി പോരാടുന്ന പുതിയ തലമുറയെ അംഗീകരിക്കാനുള്ള ആത്മസംയമനം ഭരണാധികാരികൾക്ക് വേണമെന്നും ബിന്ദു ഓർമിപ്പിച്ചു.
താൻ മന്ത്രിയായിരുന്ന കാലത്ത് കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ സംഘടനകൾ കടുത്ത രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ടെന്നും, അത്തരം പ്രതിഷേധങ്ങളെ ആ അർത്ഥത്തിൽ കാണാൻ വി.സിക്കും ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും കഴിയണമെന്നും അവർ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന സമീപനം തിരുത്തപ്പെടണം. കാലടി വിഷയത്തിൽ പ്രതികരിച്ച മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളെ ഉൾപ്പെടെയുള്ള സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് ബിന്ദു പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല സംഘപരിവാർ തിട്ടൂരങ്ങൾക്ക് വിധേയമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മുൻ മന്ത്രി വിമർശിച്ചു. ചുമതലയേറ്റയുടൻ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയതിലൂടെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ച ആർ.എസ്.എസ് ശക്തികളോടുള്ള കൂറാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രി തെളിയിച്ചത്. സർവ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള നീക്കങ്ങൾക്ക് മന്ത്രി കുടപിടിക്കുകയാണെന്നും അവർ വിമർശിച്ചു.
മാനവിക വിഷയങ്ങളും കലകളും കൈകാര്യം ചെയ്യുന്ന കാലടി സർവ്വകലാശാലയ്ക്ക് കൃത്യമായ ദിശാബോധം നൽകാൻ സാങ്കേതിക സർവ്വകലാശാല വി.സി കൂടിയായ ഇപ്പോഴത്തെ താത്ക്കാലിക വി.സിക്ക് യോഗ്യതയോ അനുഭവസമ്പത്തോ ഇല്ലെന്നും, വല്ലപ്പോഴും മാത്രം ക്യാമ്പസ് സന്ദർശിക്കുന്ന ഇവർ കുട്ടികളോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ആർ. ബിന്ദു കൂട്ടിച്ചേർത്തു.
Content Highlight:Vendetta against students: R. Bindu levels sharp criticism against Kalady University authorities and the government.
