കാലടി: അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ചതോടെ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥി സമരം ശക്തമാകുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി ലഭിച്ചിരുന്നെങ്കിലും, സർവകലാശാല നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് വിധി വിദ്യാർത്ഥികൾക്ക് എതിരായതോടെയാണ് ഇന്നുമുതൽ നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായത്.
ഇതിന് പിന്നാലെ സർവകലാശാല അധികൃതരുടെയും വി.സി സിസാ തോമസിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത പ്രതികാര നടപടികളും വ്യാജക്കേസുകളും തുറന്നുകാട്ടി സസ്പെൻഷനിലായ ഗവേഷക വിദ്യാർത്ഥിനി അശ്രിത ബിന്ദു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.
2017 മുതൽ സർവകലാശാലയുടെ ഭാഗമായ താനടക്കം 16 വിദ്യാർത്ഥികൾ 64 ദിവസമായി സസ്പെൻഷനിലാണെന്നും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കള്ളക്കേസുകൾ മൂലം ഒളിവിൽ കഴിയേണ്ടി വരുന്നുവെന്നും അശ്രിത ബിന്ദു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും ഗവേഷക വിരുദ്ധ പ്രവണതകളും ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ നേതൃത്വത്തിൽ നടത്തിയ അനിശ്ചിതകാല സമരത്തിന്റെ തുടർച്ചയായാണ് സിൻഡിക്കേറ്റ് യോഗം ചേർന്ന അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലേക്ക് വിദ്യാർത്ഥികൾ എത്തിയത്. പാട്ടും നൃത്തവും നാടകവുമായി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് വി.സി പുച്ഛത്തോടെയാണ് സംസാരിച്ചതെന്നും തുടർന്ന് പൊലീസിനെ ഉപയോഗിച്ച് മൃഗീയമായി ആക്രമിക്കുകയായിരുന്നുവെന്നും അശ്രിത വ്യക്തമാക്കുന്നു.
സമരത്തിലുണ്ടായിരുന്ന 80 ശതമാനത്തോളം വരുന്ന പെൺകുട്ടികൾക്കായി നാല് വനിതാ പൊലീസുകാരെ മാത്രം നിയോഗിച്ച് പുരുഷ പൊലീസുകാരാണ് ക്രൂരമായി മർദിച്ചത്. ‘മേക്ക് മൈ വേ’ എന്ന് ആക്രോശിച്ച് വി.സി കടന്നുപോയ ശേഷവും മർദനം തുടർന്നു. തീയേറ്റർ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചേ’ എന്ന സമര നാടകത്തെ വി.സിക്ക് ശവമഞ്ചം ഒരുക്കിയെന്ന് മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുകയും എഫ്.ഐ.ആർ ഇട്ട് നാല് സഖാക്കളെ വീടുകളിൽ കയറി അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവസ്ഥലത്ത് ഇല്ലാത്തവർക്കെതിരെ വരെ ചുമരിനോട് ചേർത്തുനിർത്തി മുടിയിൽ പിടിച്ചുവലിച്ച് ആക്രമിച്ചുവെന്ന പേരിൽ വ്യാജക്കേസ് നൽകി. ഓണം അവധിക്ക് ശേഷം 16 പേരെ സസ്പെൻഡ് ചെയ്യുകയും പരീക്ഷയെഴുതുന്നത് തടയുകയും ചെയ്തു. സിംഗിൾ ബെഞ്ച് അനുമതി നൽകിയെങ്കിലും വി.സി അപ്പീൽ നൽകി തടഞ്ഞു. മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് സിൻഡിക്കേറ്റ് പറയുന്നതെന്നും ചെയ്യാത്ത തെറ്റിന് മാപ്പ് പറയില്ലെന്നും അശ്രിത കുറിച്ചു.
സിസാ തോമസിന്റെ ഈഗോയ്ക്ക് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും നീതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
കേടായ ലൈറ്റുകൾ മാറ്റിത്തരാൻ സമര നാടകം ചെയ്തതിന്റെ പേരിൽ ക്യാമ്പസിന് പുറത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് നാടക വിദ്യാർത്ഥി എം.എസ്. ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
വി.സിയെ ശാരീരികമായി ആക്രമിച്ചെന്നും ഓർത്തഡോക്സ് മതാചാരപ്രകാരം ശവസംസ്കാരം നടത്തിയെന്നുമുള്ള കള്ളക്കേസുകൾ ചുമത്തി അക്കാദമിക് ജീവിതം തന്നെ നിശ്ചലമാക്കുകയാണെന്ന് ശിവകുമാർ പറയുന്നു.
തലമുറകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു കർഷകത്തൊഴിലാളി കുടുംബത്തിൽ നിന്ന് വലിയ പ്രതിസന്ധികൾ താണ്ടിയാണ് നാടകം പഠിക്കാൻ എത്തിയത്. 200 രൂപയ്ക്ക് വരെ നാടകം കളിച്ചും അച്ഛൻ ഐ.സി.യുവിൽ കിടക്കുമ്പോഴും അബുദാബിയിൽ നാടകം കളിക്കാൻ പോയും അനുഭവിച്ച കഷ്ടപ്പാടുകൾ കുറിപ്പിൽ പങ്കുവെച്ച ശിവകുമാർ, വിദേശത്തുപോയി നാടകം കളിച്ചു തിരിച്ചെത്തി ഒരു മാസത്തിനുള്ളിലാണ് അച്ഛൻ മരിച്ചതെന്നും ഓർത്തെടുത്തു.
അടിസ്ഥാന സൗകര്യങ്ങൾക്ക് സമരം ചെയ്തതിന് കോളേജിൽ കയറാൻ കഴിയാത്തതിനാൽ എക്സാം രജിസ്ട്രേഷനോ ഇന്റേണൽ പരീക്ഷയോ നാടകത്തിന്റെ പ്രാക്ടിക്കലോ ചെയ്യാൻ സാധിച്ചിട്ടില്ല. മുൻപ് ഒരു നാടകത്തിൽ രോഹിത് വെമുലയായി അഭിനയിച്ചപ്പോൾ അദ്ദേഹം അനുഭവിച്ച മാനസികാവസ്ഥയിലൂടെയാണ് താനിപ്പോൾ നേരിട്ട് കടന്നുപോകുന്നതെന്ന് ശിവകുമാർ പറഞ്ഞു.
ആർ.എസ്.എസിന്റെ സാംസ്കാരിക വിരുദ്ധ ലക്ഷ്യങ്ങളാണ് സിസാ തോമസ് നടപ്പിലാക്കുന്നതെന്നും ഇതിന് സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയുണ്ടെന്നും ശിവകുമാർ വിമർഹിച്ചു.
അവകാശങ്ങൾക്കായി സമരം ചെയ്ത പാരമ്പര്യമാണ് തങ്ങളുടേതെന്നും വിദ്യാഭ്യാസം നേടാൻ സമരം ചെയ്ത് മുന്നോട്ടുപോകുമെന്നും അദ്ദേഹം കുറിച്ചു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെത്തുടർന്ന് പരീക്ഷാ ഹാളിൽ കയറാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സർവകലാശാലാ ആസ്ഥാനത്ത് ശക്തമായ നിരാഹാര സമരം തുടരുകയാണ്. നീതിക്കായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.
Content Highlight:Targeting of students at Kalady University; permission to write exams denied; students share their experiences regarding the Vice-Chancellor.
