കരിയറിലെ ഏറ്റവും വലിയ വിജയത്തിന് തൊട്ടുപിന്നാലെ ഏറ്റവും വലിയ പരാജയം നേരിടുക എന്നത് പല താരങ്ങള്‍ക്കും അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ മോളിവുഡില്‍ ഈയൊരു പ്രതിഭാസം മൂന്നാം തവണ ആവര്‍ത്തിച്ചിരിക്കുകയാണ്. രണ്ട് വട്ടം നിവിന്‍ പോളി കടന്നുപോയ അതേ വഴിയില്‍ ഇപ്പോള്‍ എത്തിയത് ജയസൂര്യയാണ്.

ഈ വര്‍ഷത്തെ ആദ്യ 100 കോടി ചിത്രം സ്വന്തം പേരിലാക്കിയ താരമാണ് ജയസൂര്യ. ആട് 3 ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായതോടെ നാല് വര്‍ഷം മാറിനിന്നതിന്റെ പലിശ തീര്‍ക്കാന്‍ താരം തിരിച്ചുവരുന്നെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ ടൈറ്റന്‍സ് ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമായിരിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ വെറും മൂന്നര കോടി മാത്രമാണ് നേടിയത്. ജയിലര്‍ 2ന്റെ കുതിപ്പിനിടയില്‍ വേണ്ടത്ര പ്രൊമോഷനൊന്നുമില്ലാതെയാണ് ടൈറ്റന്‍സ് തിയേറ്ററുകളിലെത്തിയത്. ഫാന്റസി ഴോണറിലൊരുങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ജയസൂര്യയുടെ ഈ പരാജയം നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയുമായി താരതമ്യം ചെയ്യുകയാണ് ചില സിനിമാപേജുകള്‍.

തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ നിവിന്‍ തിരിച്ചുവരവറിയിച്ച ചിത്രമായിരുന്നു സര്‍വ്വം മായ. 150 കോടിയിലേറെയായിരുന്നു ചിത്രം നേടിയത്. എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ ബേബി ഗേള്‍, പ്രതിച്ഛായ എന്നീ ചിത്രങ്ങള്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമായി. സര്‍വ്വം മായക്ക് മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളായിരുന്നു ഇവ രണ്ടും.

എന്നാല്‍ ബേബി ഗേളിന്റെയും പ്രതിച്ഛായയുടെയും പരാജയം ഈ വര്‍ഷം തന്നെ പലിശയടക്കം തീര്‍ക്കാന്‍ നിവിന് സാധിച്ചു. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമായി മാറി. ബെത്‌ലഹേമിന് ശേഷം റിലീസായ യേഴ് കടല്‍ യേഴ് മലൈ ബോക്‌സ് ഓഫീസ് ദുരന്തമാവുകയും ചെയ്തു.

ഒരു സൂപ്പര്‍ഹിറ്റിന് ശേഷം ഒരു ഫ്‌ളോപ്പ് എന്ന ഫോര്‍മുല നിവിന് ശേഷം ജയസൂര്യയും ആവര്‍ത്തിക്കുകയാണ്. ആട് 3 എന്ന ബ്ലോക്ക്ബസ്റ്റര്‍ ജയസൂര്യയുടെ തിരിച്ചുവരവായാണ് പലരും അടയാളപ്പെടുത്തിയത്. ടൈറ്റന്‍സിന്റെ പരാജയം താരത്തെ ബാധിക്കില്ലെന്നും വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ.

കളങ്കാവലിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന മായന്‍ ഗംഭീരമാകുമെന്നാണ് ഓരോ അപ്‌ഡേറ്റും സൂചിപ്പിക്കുന്നത്. നാല് വര്‍ഷത്തോളം മാറ്റിവെച്ച് ഒരുക്കിയ കത്തനാര്‍ ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റുന്ന പ്രൊജക്ടാകുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Jayasurya’s Titans movie became hug flop in Box Office