മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും ജനപ്രിയ സംവിധായകനാണ് കമൽ. മലയാള സിനിമക്ക് ഒത്തിരി മനോഹരമായ സിനിമകൾ സംഭാവന ചെയ്ത അദ്ദേഹം, 2003ൽ സ്വപ്നക്കൂട് എന്ന റോം-കോം ഡ്രാമയും സമ്മാനിച്ചിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ഈ ചിത്രം. ആ വർഷത്തെ ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.

പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തോടൊപ്പം തന്നെ ഹിറ്റായിരുന്നു സിനിമയിലെ പാട്ടുകളും സിനിമയുടെ അവസാനം വന്ന അതിഥി വേഷവും. അന്നത്തെ യുവതലമുറയുടെ ഇടയിൽ തരംഗം സൃഷ്‌ടിച്ച സിനിമയിൽ ഒടുവിലെ രംഗത്ത് അതിഥി വേഷത്തിൽ നടി ലൈലയാണ് പ്രത്യക്ഷപ്പെട്ടത്. നടിക്ക് സ്‌ക്രീൻ ടൈം ഒട്ടും തന്നെ ഇല്ലെന്നും ഒരൊറ്റ സീനിന് വേണ്ടി മാത്രമാണ് താരത്തെ വിളിച്ചതെന്നും എന്നാൽ അപ്പോൾ തന്നെ അവർ ഓക്കേ പറഞ്ഞുവെന്നാണ് കമൽ പറയുന്നത്. പോർട്രെയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്ക് വെച്ചത്.

ലൈല.Photo.Screen Grab/ Youtube.com

‘ഗസ്റ്റ് അപ്പിയറൻസ് സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നു. പക്ഷേ അതാരാണെന്നുള്ളത് ഉണ്ടായിരുന്നില്ല. ലൈല അന്ന് തമിഴില്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു. വലിയ നായികയാണ്. നമ്മുക്ക് മീരാ ജാസ്മിനെ പോലെ തന്നെ അത്രയും അല്ലെങ്കില്‍ ജനങ്ങൾക്ക് അത്രയും റിലേറ്റ് ചെയ്യാൻ പറ്റുന്ന നായിക ഗസ്റ്റ് അപ്പിയറൻസിൽ വരണമെന്നുണ്ടായിരുന്നു. അന്ന് പെട്ടന്ന് ആലോചിച്ചപ്പോൾ ലൈലയാണ് മനസിലേക്ക് വന്നത്. അങ്ങനെ അവരോട് പറഞ്ഞു നോക്കാം, ചെയ്യുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ പ്രൊഡക്ഷനിലെ ആള്‍ക്കാര്‍ വിളിച്ച് സംസാരിച്ചു.

അപ്പോൾ അവർ ക്യാരക്ടര്‍ എന്താണെന്ന് അറിയണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യം അവരോട്‌ ഫോണില്‍ സംസാരിച്ചു. ഫോണില്‍ സംസാരിച്ചപ്പോൾ അവർ നേരിട്ട് കാണാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു പോണ്ടിച്ചേരിയില്‍ ഷൂട്ടിങിലാണ് ഇപ്പോഴെന്ന്. അപ്പോള്‍ അവര്‍ കുഴപ്പമില്ല, ഡീറ്റെയിൽസ് അയച്ചു തരാന്‍ പറഞ്ഞു. എൻഡിൽ ഇങ്ങനെ വന്നിട്ട് ഷൈൻ ചെയ്ത് പോവുന്ന ഒരു സംഭവമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഓക്കേ എന്ന രീതിയിൽ പറഞ്ഞു.

പിന്നെ പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു പ്രശ്നം. ഒറ്റ ദിവസത്തിനാണ് അവർ വരേണ്ടത്, നല്ല പൈസ ചോദിച്ചു. പ്രൊഡ്യൂസർ അത് പ്രശ്‌നമില്ലെന്നും അവർ മസ്റ്റാണെങ്കിൽ എത്ര പൈസയാണെകിലും നമ്മുക്ക് കൊടുക്കാമെന്ന് പറഞ്ഞു. പിന്നെ അവർ പറഞ്ഞ പൈസ കൊടുത്തു. ആ സമയത്ത് ആ സീൻ സെപറേറ്റ് ഷൂട്ട് ചെയ്യാൻ വേണ്ടി തന്നെയാണ്‌ വെച്ചത്. ഡയലോഗൊന്നും ഇല്ലെങ്കിലും ആ സീനിന് നല്ല പഞ്ചുണ്ടായിരുന്നു ആ സിനിമക്ക്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Kamal stated that they needed a leading actress as prominent as Meera Jasmine, who demanded a high fee for just a single scene.