മലയാളം, കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഘന രാജ്. 2009ൽ തെലുങ്ക് ചിത്രമായ ‘ബെണ്ടു അപ്പറാവു ആർഎംപി’യിലൂടെയാണ് അഭിനയരംഗത്തെത്തിയത്. വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ട്രിവാൻഡ്രം ലോഡ്ജ്, മനോഹരം തുടങ്ങി നിരവധി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ ഇപ്പോഴും സജീവമായ മേഘന, അടുത്തിടെ കണ്ടതിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ചും കേരളവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്. സിനിമ എക്സ്പ്രസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

മേഘന രാജ്. Photo. Screen Grab/ Youtube

‘എനിക്ക് വിശ്വനാഥൻ ആൻഡ് സൺസിൽ മമിത അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടമായി. വളരെ പുതുമയുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന് അറിയില്ല. കാരണം അതിന് മമിതയ്ക്ക് മാത്രമുള്ളൊരു പ്രത്യേക ഊർജമുണ്ടെന്ന് തോന്നുന്നു. വളരെ നന്നായിട്ടാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ കൊണ്ടുപോയി. വലിയൊരു പശ്ചാത്തലമൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമായിരുന്നു അത്. അടുത്തിടെ കണ്ടതിൽ ഞാൻ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണത്,’ മേഘന രാജ് പറഞ്ഞു.

കേരളവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും താരം സംസാരിച്ചു. ബംഗളൂരുവാണോ കേരളമാണോ തന്റെ ആദ്യത്തെ വീടെന്ന് പലപ്പോഴും ചർച്ചയാകാറുണ്ടെന്നും അത്രത്തോളം അടുപ്പം കേരളവുമായി തനിക്കുണ്ടെന്നും മേഘന പറയുന്നു. സിനിമയിലൂടെ തനിക്ക് പ്രൊഫഷണലായി ഒരു പേര് ലഭിച്ചതും കേരളത്തിലൂടെയാണെന്ന് താരം വ്യക്തമാക്കി.

‘എനിക്ക് കേരളവുമായി ഭയങ്കര ബന്ധമാണ്. ബംഗളൂരുവാണോ കേരളമാണോ എന്റെ ആദ്യത്തെ വീടെന്ന് എപ്പോഴും ഒരു ഡൗട്ടാണ്. അത്രത്തോളം കണക്ഷൻ എനിക്ക് കേരളവുമായുണ്ട്. പ്രൊഫഷണലായി എനിക്ക് ഒരു പേര് ലഭിച്ചത് മേഘന രാജ് എന്ന നിലയിൽ കേരളത്തിലൂടെയാണ്. അവിടുത്തെ സിനിമാ മേഖലയിൽനിന്നും ആളുകളിൽനിന്നും ഒരുപാട് സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് കേരളത്തോട് വലിയ ഇഷ്ടമാണ്,’ താരം പറഞ്ഞു.

വിശ്വനാഥൻ ആൻഡ് സൺസ്. Photo. Screen Grab/ Youtube

മലയാളം സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ടെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും മേഘന കൂട്ടിച്ചേർത്തു. കേരളത്തിലെ ആളുകളെയും ഇവിടുത്തെ ഭക്ഷണത്തെയും ഒരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞു.

Content Highlight: Actress Meghna Raj speaks openly about actress Mamitha Baiju