തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങി സംസ്ഥാനത്തിന് 2232 കോടിയിലധികം രൂപയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
സ്വകാര്യ കമ്പനിയെ സഹായിക്കാനാണ് നീക്കമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.എസ്.ഇ.ബി ചെയർമാനേക്കാൾ സീനിയറായ ഉദ്യോഗസ്ഥരെയും അഡീഷണൽ ചീഫ് സെക്രട്ടറിമാരെയും സ്ഥലംമാറ്റിയത് സ്വാഭാവിക ഭരണപരമായ നടപടിക്രമങ്ങൾ പാലിച്ചു മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ രണ്ട് നിർദേശങ്ങളാണ് വന്നത്. ഒന്ന് ഹിമാചൽ പ്രദേശ് സർക്കാരിന്റേതെന്ന പേരിൽ പവർ ട്രേഡിംഗ് കമ്പനി (പി.ടി.സി) വഴി യൂണിറ്റിന് 14.50 രൂപ നിരക്കിലുള്ളതും, രണ്ടാമത്തേത് ജി.എൻ.എ ഓപ്പൺ പ്ലാറ്റ്ഫോം വഴി 8.63 രൂപ, 8.90 രൂപ നിരക്കിലുള്ളതുമായിരുന്നു. സർക്കാർ സ്ഥാപനമെന്ന് പറയുന്ന ഹിമാചലിന്റേത് യഥാർത്ഥത്തിൽ ഇടനിലക്കാരായ സ്വകാര്യ ട്രേഡിംഗ് കമ്പനി കമ്മീഷൻ ഉൾപ്പെടെ നൽകുന്നതാണ്. ഉയർന്ന നിരക്കിലുള്ള ഹിമാചൽ വൈദ്യുതി വാങ്ങിയാൽ 2232 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് വൈദ്യുതി ബോർഡിന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയതാണ്’ മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്ത് പുതിയ കാര്യമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുമ്പ് പിണറായി വിജയൻ സർക്കാരിന്റെ കാലത്തും ഇതേ ജി.എൻ.എയിൽ നിന്നും ജിൻഡാൽ, അദാനി തുടങ്ങിയ നിരവധി സ്വകാര്യ കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.
വൈകുന്നേരംആറ് മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും ജി.എൻ.എ വഴിയാണ്. ഹിമാചലിൽ നിന്ന് പീക്ക് സമയത്ത് 353 ദശലക്ഷം യൂണിറ്റ് മാത്രം ലഭിക്കുമ്പോൾ ജി.എൻ.എ വഴി 453 ദശലക്ഷം യൂണിറ്റ് ലഭിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.
റെഗുലേറ്ററി അതോറിറ്റിയുടെ പരിധി പ്രകാരം ജി.എൻ.എ വഴിയുള്ള വൈദ്യുതി വാങ്ങലിൽ യൂണിറ്റിന് 2.6 രൂപ മാത്രമാണ് അധിക ബാധ്യതയെങ്കിൽ, ഹിമാചൽ വൈദ്യുതിക്ക് യൂണിറ്റിന് 8.5 രൂപ അധിക ബാധ്യത വരും. ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഇത് 2233.34 കോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത്രയും വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കി ഏറ്റവും കുറഞ്ഞ നിരക്കിൽ പീക്ക് വൈദ്യുതി ഉറപ്പാക്കിയ നടപടിയെയാണ് പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയവത്ക്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight:Chief Minister states that the GNA agreement will move forward; also calls for encouraging private companies.
