വാഷിങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇല്ലിനോയി സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ നബീല സഈദ് വിജയിച്ചു. സിറ്റിങ് സെനറ്ററായിരുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡാര്‍ബി ഹില്‍സിനെ തോല്‍പിച്ചാണ് 27കാരിയായ നബീല ഇല്ലിനോയി സീറ്റില്‍ ജയിച്ചത്.
അതേസമയം ട്രംപ് അനുകൂലിയും നരേന്ദ്ര മോദിയെ പലതവണ പുകഴ്ത്തിയ റിപബ്ലിക്കന്‍ നേതാവുമായ വിവേക് രാമസ്വാമി തെരഞ്ഞെടുപ്പില്‍ തോറ്റു. ട്രംപിന്റെ പിന്തുണയോടെ ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച രാമസ്വാമിയെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഏമി ആക്ടണ്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ 20 വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ഗവര്‍ണര്‍ പദവി ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചു.
ബയോടെക്‌നോളജി രംഗത്തെ ശതകോടീശ്വരനായ രാമസ്വാമിക്കായി ട്രംപും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഒഹായോയില്‍ നിരവധി തവണ പ്രചാരണത്തിനെത്തിയിരുന്നു. ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവരും രാമസ്വാമിയെ പിന്തുണച്ച് വലിയ തുക ചെലവഴിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായ വിവേക് രാമസ്വാമി ജനിച്ചത് ഒഹായോയിലെ സിന്‍സിനാറ്റിയിലാണ്. മാതാപിതാക്കള്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവേക് രാമസ്വാമി പ്രശംസിച്ചിരുന്നു. ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തണമെന്നും രാമസ്വാമി പറഞ്ഞിരുന്നു. വാഷിങ്ടണിലെ ബ്ലെയര്‍ ഹൗസില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞത് സന്തോഷകരവും അഭിമാനകരവുമാണെന്ന് രാമസ്വാമി പ്രതികരിച്ചിരുന്നു.
ഹൈദരാബാദില്‍ വേരുകളുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് നബീല സഈദ്. ഇല്ലിനോയി സ്റ്റേറ്റ് സെനറ്റില്‍ 26-ാം സെനറ്റ് ഡിസ്ട്രിക്റ്റിനെ ഇവര്‍ പ്രതിനിധീകരിക്കും. 1980-കളില്‍ യു.എസിലേക്ക് കുടിയേറിയ ഹൈദരാബാദ് സ്വദേശികളാണ് നബീലയുടെ മാതാപിതാക്കള്‍. കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ 2022-ല്‍ ഇല്ലിനോയി ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2024-ല്‍ അവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
എല്ലാവര്‍ക്കും തങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു രാഷ്ട്രീയക്കാരി എന്ന നിലയില്‍ തന്റെ ദൗത്യമെന്ന് നബീല എന്‍.ബി.സി ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു.
‘ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ദിവസം, എന്റെ എല്ലാ ക്ലാസുകളിലും ഞാന്‍ കരഞ്ഞത് എനിക്കോര്‍മ്മയുണ്ട്. ഈ രാജ്യം ഞങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്ന് എനിക്ക് തോന്നി. എനിക്ക് ഇവിടെ ഒരിടമുണ്ടോ? എന്ന് ഞാന്‍ സംശയിച്ചുപോയി. എനിക്കറിയാവുന്ന ഒരേയൊരു വീട് ഇതാണ്, എന്നിട്ടും എനിക്ക് ഇവിടെ ഒരിടമുണ്ടോ എന്ന് ഞാന്‍ സ്വയം ചോദിച്ചുപോയി.
ഈ സമൂഹത്തില്‍ വളര്‍ന്നുവന്ന ഒരാളെന്ന നിലയില്‍, ഒരിടത്തും തനിക്ക് സ്ഥാനമില്ലെന്ന് തോന്നുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് എനിക്കറിയാം. അതുകൊണ്ട്, എല്ലാവര്‍ക്കും തങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക എന്നത് എനിക്ക് വളരെ പ്രധാനമാണ്,’ നബീല പറഞ്ഞു.
നബീല സഈദിന് പുറമെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച അമി ബേര, പിയ പാണ്ഡ്യ, സുഹാസ് സുബ്രഹ്‌മണ്യന്‍ തുടങ്ങിയ ഇന്ത്യന്‍ വംശജരും യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചു.
ഡോക്ടറായിരുന്നു അമീരിഷ് ബാബുലാല്‍ എന്ന അമി ബെറ യുഎസ് കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ന്ത്യന്‍-അമേരിക്കക്കാരനാണ്. 61കാരനായ ബേര ബെറ എട്ടാം തവണയാണ് യു.എസ് പ്രതിനിധി സഭയിലെത്തുന്നത്.
ഫ്‌ലോറിഡയിലെ 22-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് 51.9 ശതമാനം വോട്ടുകള്‍ നേടിയാണ് ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ പിയ ദാന്ദിയ യു.എസ് കോണ്‍ഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
വിര്‍ജീനിയയിലെ 10-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡേവ് ടി. ബെക്ക്‌വിത്തിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍-അമേരിക്കന്‍ ഡെമോക്രാറ്റ് സുഹാസ് സുബ്രഹ്‌മണ്യം യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്ത് വിദ്വേഷവും വിവേചനവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍-അമേരിക്കക്കാര്‍ ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ സജീവമായി ഇടപെടണമെന്നും അവരുടെ ശബ്ദം അനിവാര്യമാണെന്നും സുബ്രഹ്‌മണ്യം ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിജയം.
Content Highlight: US Mid Terms- Vivek Ramaswamy Lost; Hyderabad-origin Nabeela Syed wins
