ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി കരിയര്‍ ആരംഭിക്കുകയും പിന്നീട് 2006ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രിയാണ് നസ്രിയ നസീം. പിന്നീട് പ്രമാണി, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം നായികയായി ശ്രദ്ധിക്കപ്പെടുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം സിനിമയിലൂടെയാണ്.

നസ്രിയ നസീം. Photo: X.com
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന് പിന്നാലെ നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരായിരുന്നു. തുടര്‍ന്ന് നീണ്ട ഇടവേളയെടുത്ത താരം 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. തന്റെ രണ്ടാം വരവില്‍ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമായിരുന്നു നസ്രിയ വേഷമിട്ടത്.
2020ന് ശേഷം നാല് ചിത്രങ്ങളില്‍ മാത്രമാണ് നസ്രിയ ഭാഗമായിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകാതെ നല്ല തിരക്കഥകള്‍ മാത്രം ചെയ്യുക എന്ന നസ്രിയയുടെ തീരുമാനത്തെ പ്രേക്ഷകര്‍ പ്രശംസിച്ചിരുന്നു. 2020ല്‍ ട്രാന്‍സിലും, മണിയറയിലെ അശോകനിലും പ്രധാനവേഷത്തിലെത്തിയ താരം 2022 ല്‍ ഒരു തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു. താരത്തിന്റെതായി ഈ ദശാബ്ദത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സൂക്ഷമദര്‍ശിനി. വലിയ പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ നസ്രിയയുടെതായി നവംബര്‍ ആറിന് റിലീസിനെത്തുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. ആവേശത്തിന് ശേഷം സൂര്യയെ നായകനാക്കി സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിന് വലിയ ഹൈപ്പാണ് സിനിമാലോകത്ത് നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് നസ്രിയ വേഷമിടുന്നത്. ചിത്രത്തിന്റെ കേരളത്തിലെ പ്രീ റിലീസ് ബുക്കിങ് ഇതിനോടകം രണ്ട് കോടി പിന്നിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം നടത്തിയ പ്രൊമോഷന്‍ ഇവന്റില്‍ തന്റെ മൂന്ന് ചിത്രങ്ങളില്‍ നായികയാകാനുള്ള അവസരം നസ്രിയ നിരസിച്ചിരുന്നുവെന്നും നാലാമത്തെ തവണയാണ് താരം ഇതിന് സമ്മതിച്ചതെന്നും സൂര്യ തമാശയോടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നസ്രിയ. കൊച്ചിയില്‍ നടന്ന സീനിന്റെ പ്രൊമോഷന്‍ ഇവന്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

Photo: X.com
‘സത്യത്തില്‍ അത് ഡേറ്റ് കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കണ്‍ഫ്യൂഷന്‍ കൊണ്ടോ സംഭവിച്ച് പോയതാണ്. അല്ലാതെ സൂര്യ സാറിനെ ഞാന്‍ ഒരിക്കലും റിജക്ട് ചെയ്തിട്ടില്ല. ജിത്തുവിന്റെ മനസിലേക്ക് സീനിലെ നായികയായി ഞാനെങ്ങനെയാണ് എത്തിയതെന്ന് എനിക്കറിയില്ല. അങ്ങനെ ആയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ ഫണ്‍ തന്നെയായിരുന്നു. കാരണം നമ്മള്‍ കേരളത്തില്‍ നിന്നും എല്ലാവരും ഒരുമിച്ച് പോയതാണല്ലോ. പണിയെടുത്തുകൊണ്ടുള്ള ഹോളിഡേ പോലെയാണ് ഷൂട്ടിങ് തോന്നിയത്,’ നസ്രിയ പറഞ്ഞു.
Content Highlight: Nazriya Nazim talks about rejecting Suriya Films as heroine
