അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. മണിരത്നത്തിന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലൂടെ തമിഴ്നാട്ടിലും ഐശ്വര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐശ്വര്യ ലക്ഷ്മി. Photo: Aishwarya Lekshmi/ Facebook.com
അടുത്തിടെ തമിഴില്‍ പുറത്തിറങ്ങിയ ഗാട്ടാ ഗുസ്തി 2ല്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു. വലിയ പ്രശംസയായിരുന്നു ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. ഐശ്വര്യയുടെതായി മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സഫര്‍ സനല്‍ സംവിധാനം ചെയ്ത ആശ. ഉര്‍വശി, ജോജു ജോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്. അടുത്തിടെ നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ലൗ എന്ന വെബ് സിരീസിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.
അടുത്തിടെ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോശം എ.ഐ ചിത്രങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ കുറിച്ചും പൊതുസ്ഥലങ്ങളിലെത്തുന്ന സ്ത്രീകളുടെ ശരീഭാഗങ്ങളിലേക്ക് സൂം ചെയ്ത് ഫോട്ടോ എടുത്ത് പോസ്റ്റിടുന്നവരെ കുറിച്ചും ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘അറിയാത്ത ആളുകള്‍ സ്‌നേഹിക്കുക എന്നത് ശരിക്കും ബ്ലെസ്സിങ് അല്ലേ?. നമ്മള്‍ ചെയ്യുന്നത് ശരിയാകുന്നുണ്ട് എന്നല്ലേ അതിന്റെ അര്‍ഥം. എനിക്കത് ഒരുതരം വാലിഡേഷനും കൂടിയാണ്. കൂടുതല്‍ ആരാധകരുള്ളവരെയാണല്ലോ ഫിലിംമേക്കേഴ്സ് കാസ്റ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുക.
തിയേറ്ററില്‍ അത്ര ശ്രദ്ധിക്കാതെ പോയ ചിത്രങ്ങളാണ് അര്‍ച്ചന 31, ഹലോ മമ്മി ഇതെല്ലാം. ഈ സിനിമകളിലാണ് എന്നെ ഏറെ ഇഷ്ടം എന്ന് ചിലര്‍ പറയാറുണ്ട്.

ഐശ്വര്യ ലക്ഷ്മി. Photo: Aishwarya Lekshmi/ Facebook.com
അത് കൂടുതല്‍ സന്തോഷം തരാറുണ്ട്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഉള്ളവരെല്ലാം യഥാര്‍ഥ ആരാധകരാണെന്ന് കരുതുന്നില്ല. മോശം എ.ഐ ഇമേജ് ഉണ്ടാക്കുക. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, സ്‌നേഹമില്ലാത്തവര്‍ക്ക് മാത്രമേ അങ്ങനെയൊക്കെ ചെയ്യാനാകൂ. പബ്ലിക് സ്‌പേസില്‍ നടിയുടെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ചിത്രങ്ങള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നവരുണ്ട്. അവരുടെ പോസ്റ്റിനു താഴെ ചെന്ന് നിങ്ങള്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് പറയാന്‍ ആരുമില്ല. ഇതേ നടി തനിക്കിഷ്ടമുള്ള വെസ്റ്റേണ്‍ ഉടുപ്പിടുമ്പോള്‍ അതിന് താഴെ വന്ന് സംസ്‌കാരം പഠിപ്പിക്കാന്‍ എത്ര പേരാണ്,’ ഐശ്വര്യ പറയുന്നു.
Content Highlight: Aishwarya Lekshmi talks about Morphed photographs
