മലയാള സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ അഭിനേതാവാണ് മണിക്കുട്ടന്‍. 1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മണിക്കുട്ടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 2004 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലെ ടൈറ്റില്‍ ക്യാരക്ടറായാണ് മണിക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

മണിക്കുട്ടന്‍. Photo: Facebook.com

ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സീസണ്‍ 3യില്‍ വിന്നറായി മാറിയ മണിക്കുട്ടന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വമ്പന്‍ ഹിറ്റടിച്ച എമ്പുരാനിലും ഈ വര്‍ഷം പുറത്തിറങ്ങിയ സുഖമാണോ സുഖമാണ് എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. അടുത്തിടെ വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസരിക്കവെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലേക്കും അവസരങ്ങള്‍ ഇല്ലാത്തപ്പോള്‍ നാലോളം ചിത്രങ്ങളിലേക്കും തനിക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ അവസരം നല്‍കിയതിനെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘എന്റെ കരിയറില്‍ സഹായിച്ച ഒരു സംവിധായകന്റെ പേര് എടുത്തുപറയുകയാണെങ്കില്‍ പ്രിയദര്‍ശന്‍ സാറിന്റെ പേര് പറയണം. കാരണം സി.സി.എല്‍ ക്രിക്കറ്റിലേക്ക് എന്നെ റെക്കമന്‍ഡ് ചെയ്തത് പ്രിയദര്‍ശന്‍ സാറാണ്. ഞാന്‍ ടെന്നീസ് ബോളില്‍ പറമ്പില്‍ മാത്രം കളിച്ചിട്ടുള്ള ആളാണ്. അല്ലാതെ ഈ സ്റ്റിച്ച് ബോളിലൊന്നും കളിച്ചിട്ടില്ല. സി.സി.എല്ലില്‍ ഈ സ്റ്റിച്ച് ബോളില്‍ കളിക്കുന്ന സമയത്ത് കളിയറിയാത്ത എനിക്ക് പ്രാക്ടീസ് ചെയ്യാനും രണ്ട് സീസണില്‍ നില്‍ക്കാനും അവസരം കിട്ടിയത് സാറിന്റെറെക്കമന്‍ഡേഷനിലാണ്. അല്ലെങ്കില്‍ എന്നെക്കാളും നന്നായി കളിക്കാനറിയുന്ന ആള്‍ക്കാരുണ്ട്. അവനെ കൂടെ നിര്‍ത്ത് എന്ന് സാറാണ് പറഞ്ഞത്.

പ്രിയദര്‍ശന്‍. Photo: X.com

അതിന് ശേഷം സാറെനിക്ക് നാല് സിനിമയും തന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നവരസ എന്ന ചിത്രത്തിലായിരുന്നു. അതില്‍ ഹാസ്യം എന്ന ഭാഗത്തില്‍ നെടുമുടി വേണുച്ചേട്ടനോടൊപ്പം പ്രധാനവേഷത്തിലെത്തിയത് ഞാനായിരുന്നു. മണിരത്‌നം സാര്‍ പ്രൊഡ്യൂസ് ചെയ്ത സിനിമയായിരുന്നു,’ മണിക്കുട്ടന്‍ പറഞ്ഞു.

Content Highlight: Manikuttan talks about Director Priyadarshan and how he helped him in his career