തിരുവനന്തപുരം: ന്യായമായ അവകാശങ്ങള്‍ക്കായി ജനാധിപത്യ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പ്രതികാരബുദ്ധിയോടെ പുറത്തുനിര്‍ത്തിയിട്ട് ഇന്ന് അറുപത്തിയാറ് ദിവസം പിന്നിടുകയാണെന്ന് ഓര്‍മിപ്പിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ അജണ്ടകള്‍ക്ക് യു.ഡി.എഫ് തീറെഴുതിക്കൊടുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ക്കും മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പുകള്‍ക്കും വേണ്ടി സമാധാനപരമായി തെരുവ് നാടകമാണ് അവിടെ നടന്നതെന്ന് പത്രമാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തതാണെന്നും നാടകം കളിച്ച വിദ്യാര്‍ഥികളെ അപരിഷ്‌കൃതരെന്നു മുദ്രകുത്താന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണറുടെ നോമിനിയായ വി.സി.യും മത്സരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങുകയും രാജ്ഭവന്‍ തിരക്കഥകള്‍ക്ക് സ്തുതി പാടുകയും ചെയ്യുന്ന ലജ്ജാകരമായ അനുഭവമാണ് ഏറ്റവും ഒടുവില്‍ ഉണ്ടായിട്ടുള്ളതെന്നും പിണറായി പറഞ്ഞു.

‘പ്രതിഷേധ സൂചകമായി അവതരിപ്പിച്ച നാടകത്തില്‍ തെളിയാത്ത ലൈറ്റിന്റെ ശവസംസ്‌കാരം നടത്തിയതിനെ വി.സി.യുടെ ശവസംസ്‌കാരമാക്കി വളച്ചൊടിച്ചതും വി.സിയുടെ ലോക് ഭവന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അക്രമവും സ്ത്രീത്വത്തെ അപമാനിക്കലും ആരോപിച്ച് കള്ളക്കേസുകള്‍ കെട്ടിച്ചമച്ചതും ആസൂത്രിത അജണ്ടയാണ,’ അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് അന്വേഷണസമിതിയിലെ അംഗം തന്നെ റിപ്പോര്‍ട്ട് നല്‍കിയ ശേഷവും വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചിട്ടും പ്രതികാര നടപടിയുമായി ഉത്തരവിനെതിരെ വി.സി തന്നെ അപ്പീല്‍ പോയി കുട്ടികളുടെ ഭാവി തകര്‍ക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാപ്പെഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന അധികാരികളുടെ ധിക്കാരപൂര്‍വമായ ഔദാര്യത്തെ പുച്ഛിച്ചുതള്ളി സര്‍വകലാശാലാ കവാടത്തില്‍ നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് നാടിന്റെ പൊതുമനഃസാക്ഷി എന്നും പിണറായി പറഞ്ഞു.

‘അവര്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ നടപടി നേരിട്ട മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നതും ഇതേ ചെറുത്തുനില്‍പ്പാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ അജണ്ടകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന യു.ഡി.എഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണമാണ് കാലടിയില്‍ കാണുന്നത്,’ കുറിപ്പില്‍ പറയുന്നു.

സര്‍വകലാശാലയുടെ ഔദ്യോാഗിക വാഹനങ്ങളില്‍ ആര്‍.എസ്.എസ് വേദികളിലേക്ക് പോകുന്ന വി.സിമാരെ തീറ്റിപ്പോറ്റുകയും കേന്ദ്ര ഏജന്‍സികളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്നവരാണ് ക്യാമ്പസുകളിലെ നീതിയുടെ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നോക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കള്ളക്കേസുകളും പ്രതികാര നടപടികളും കൊണ്ട് ഈ വിദ്യാര്‍ത്ഥികളുടെ സമരശക്തിയെ തളര്‍ത്താമെന്ന വ്യാമോഹം സംഘപരിവാറിനും യു.ഡി.എഫിനും വേണ്ടെന്നും ഫാസിസ്റ്റ് അനുകരണത്തിനെതിരെ, ക്യാമ്പസ് ജനാധിപത്യം സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ പൊരുതുന്ന മനസ്സുകള്‍ക്ക് ഒപ്പമാണ് ഈ സമൂഹം നിലകൊള്ളുന്നതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: Leader of Opposition  Pinarayi  vijayan accuses that the UDF is handing over the higher education sector to the Sangh Parivar agenda