800 കോടിയും കടന്ന് മുന്നേറുകയാണ് രജിനികാന്ത് നായകനായ ജയിലര്‍ 2. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ഇതിനോടകം മാറിയ ജയിലര്‍ 2 ഒപ്പം ഒട്ടനവധി റെക്കോഡുകളും തങ്ങളുടെ പേരിലാക്കിയിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടവും നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കിയിരുന്നു. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത സാക്ഷാല്‍ ബാഹുബലി 2നെ കടത്തിവെട്ടിയായിരുന്നു ചിത്രം നേട്ടം സ്വന്തമാക്കിയത്.

ഷംന കാസിം. Photo: X.com

സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം ഹക്കീം ഷാ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, അന്ന രാജന്‍, സുനില്‍ സുഖദ, മിര്‍ണ തുടങ്ങി ഒരുപിടി മലയാളി അഭിനേതാക്കളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്. ജയിലര്‍ 2 ന്റെ റിലീസിന് മുമ്പ് തന്നെ ശ്രദ്ധേയായ മറ്റൊരു മലയാളി താരം ഷംന കാസിമായിരുന്നു. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അല്ല ബോലെലോ എന്ന ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ചുകൊണ്ടായിരുന്നു ഷംന സിനിമാ ലോകത്ത് ട്രെന്‍ഡ് സൃഷ്ടിച്ചത്.

സാരിയുടുത്ത് അതിവേഗ കൊറിയോഗ്രാഫിക്കൊപ്പം ചുവടുവെക്കുന്ന ഷംനയുടെ പ്രകടനം വൈറലായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയാതെയാണ് ആറുദിവസം നീണ്ടുനിന്ന ഗാനചിത്രീകരണത്തില്‍ പങ്കെടുത്തതെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുയാണ് ഷംന കാസിം.

‘നൃത്തം ചെയ്തു തുടങ്ങിയ കാലത്തും റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴും സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴുമെല്ലാം ഒരുപാട് എതിര്‍പ്പുകള്‍ മാത്രമല്ല, മാറ്റിനിറുത്തലുകള്‍ വരെ ഉണ്ടായി. അതുകൊണ്ടു തന്നെ എന്റെ പേരന്റ്‌സിനെ എല്ലാവരും റെസ്‌പെക്ട് ചെയ്യണം, ഷംനയുടെ ഉപ്പയും ഉമ്മയും എന്ന് അവര്‍ അഭിമാനത്തോടെ പറയുന്ന കാലം വരണം എന്ന് എനിക്ക് നല്ല വാശി ഉണ്ടായിരുന്നു.

ഷംന കാസിം. Photo: X.com

എന്റെ ഫാമിലി എന്നത് എന്നില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലല്ലോ. ഞങ്ങള്‍ അഞ്ച് മക്കളാണ്. ഞാന്‍ അഞ്ചാമത്തെ ആളാണ്. എന്റെ സിസ്റ്റേഴ്‌സിന്റെ കുട്ടികളൊക്കെ എന്നെ ചിന്നാട്ടി എന്നാണ് വിളിക്കുക. നാളെ ആ പെണ്‍കുട്ടികള്‍ക്ക് ഒരു കല്യാണം വരുമ്പോള്‍ ചിന്നാട്ടി കാരണം അവര്‍ക്കൊരു ബാഡ് നെയിം ഉണ്ടാകരുത്. ചില സിനിമകളോട് നോ പറയുമ്പോള്‍ പലരും ഉപദേശിക്കും, വേലിക്കെട്ടുകളൊക്കെ പൊളിച്ചാലേ നമുക്കു വലിയ പൊസിഷനില്‍ എത്താന്‍ കഴിയൂ എന്ന്. പക്ഷേ, ഞാനതിന് ഒരിക്കലും തയാറല്ലായിരുന്നു,’ ഷംന കാസിം പറഞ്ഞു.

Content Highlight: Shmana kasim talks about her early career challenges