മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1995-ൽ മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മഴയെത്തും മുൻപെ. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയിൽ നായികയ്ക്ക് ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ശോഭനയ്ക്ക് ഒരിക്കലും ആശങ്കയുണ്ടായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ കമൽ. ഉള്ളടക്കം, മഴയത്ത് മുമ്പേ എന്നീ ചിത്രങ്ങളിൽ ശോഭന അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരതമ്യേന ചെറിയ കഥാപാത്രങ്ങളായിരുന്നിട്ടും അവ അവതരിപ്പിക്കാൻ ശോഭനയ്ക്ക് മടിയുണ്ടായിരുന്നില്ലെന്നും കമൽ പോർട്രയൽ ബൈ ഗദ്ദാഫി എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഴയെത്തും മുൻപെ. Photo. IMDb
‘മഴയെത്തും മുൻപെ എന്ന സിനിമക്ക് മുൻപാണ് ഉള്ളടക്കം സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിൽ അമല അവതരിപ്പിച്ച നായികാ കഥാപാത്രത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. ശോഭനയുടെ കഥാപാത്രത്തിന് സിനിമയുടെ അവസാനത്തിൽ വൈകാരികമായ ചില രംഗങ്ങളുണ്ടായിരുന്നെങ്കിലും താരതമ്യേന ചെറിയ വേഷമായിരുന്നു. എന്നാൽ കഥ പറഞ്ഞപ്പോൾ ശോഭനയ്ക്ക് അതിൽ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.
കഥ കേൾക്കുമ്പോൾ മറ്റേ റോൾ ആരാണ് ചെയ്യുന്നതെന്ന് ശോഭന ചോദിച്ചു. അമലയാണെന്ന് പറഞ്ഞപ്പോൾ ഓക്കെ എന്നായിരുന്നു മറുപടി. വേറൊന്നും ചോദിച്ചില്ല. വളരെ സന്തോഷത്തോടെയാണ് ശോഭന ആ സിനിമ ചെയ്തത്. പടം ഇറങ്ങി നന്നായി ഓടുകയും ചെയ്തു,’ കമൽ പറഞ്ഞു.
പിന്നീട് മഴയെത്തും മുൻപെയുടെ കഥ പറഞ്ഞപ്പോഴും സമാനമായ അനുഭവമായിരുന്നു ഉണ്ടായിരുന്നതെന്നും കമൽ പറയുന്നു. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന് ശോഭന ചോദിച്ചു. ആനി എന്ന നടിയാണെന്ന് പറഞ്ഞപ്പോഴും യാതൊരു പരിഭവവും താരത്തിന് ഉണ്ടായിരുന്നില്ലെന്നും കമൽ വ്യക്തമാക്കി.
‘ഓ, ഇതിലും ഞാൻ സെക്കൻഡ് ഹീറോയിൻ ആണല്ലേ എന്ന് ശോഭന ചോദിച്ചു. ഞാൻ പറഞ്ഞു, നിങ്ങൾ സെക്കൻഡ് ഹീറോയിൻ അല്ല, നിങ്ങളും ഇതിൽ ഹീറോയിനാണ് എന്ന്. അല്ല, ഞാൻ വെറുതെ തമാശ പറഞ്ഞതാണെന്നായിരുന്നു ശോഭനയുടെ മറുപടി,’ കമൽ പറഞ്ഞു.

മഴയെത്തും മുൻപെ. Photo. IMDb
ഒരു കഥാപാത്രത്തിന് സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നതിനെക്കുറിച്ച് ശോഭനയ്ക്ക് യാതൊരു ഈഗോയും ഉണ്ടായിരുന്നില്ലെന്നും കമൽ പറയുന്നു. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാൽ അത് സന്തോഷത്തോടെ ചെയ്യാനുള്ള മനസ് ശോഭനയ്ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Director Kamal says that Shobana was never concerned about the importance given to the female lead in a film
