മുംബൈ: അനന്ത് അംബാനി അറക്കാനായി കൊണ്ടുപോകുന്ന കോഴികളെ ലോറിയില്‍ നിന്നും ‘രക്ഷപെടുത്തുന്ന’ പഴയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
2025 ഏപ്രിലില്‍ ജാംനഗറില്‍ നിന്ന് ദ്വാരകയിലേക്ക് നടത്തിയ പദയാത്രയ്ക്കിടെയാണ് കൂട്ടിലടച്ച് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കോഴികളെ രക്ഷിക്കാന്‍ അനന്ത് അംബാനി ജീവനക്കാരോട് നിര്‍ദേശിക്കുന്ന വീഡിയോ ആദ്യം പുറത്ത് വന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത്, കൈയില്‍ ഒരു കോഴിയെ പിടിച്ചുകൊണ്ട് വാഹനത്തിലെ കൂട്ടിലടച്ചിരുന്ന മുഴുവന്‍ കോഴികളെയും രക്ഷപ്പെടുത്താന്‍ സംഘാംഗത്തിന് നിര്‍ദേശം നല്‍കുന്നതാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ രണ്ട് ദിവസം മുമ്പ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്.
വെജിറ്റേറിയനായ അനന്ത് ചിക്കന്‍ കഴിക്കില്ലെന്നും പക്ഷേ മുതലത്തോല് കൊണ്ടുണ്ടാക്കിയ ജാക്കറ്റ് ധരിക്കുന്നതില്‍ പ്രശ്നമില്ലെന്നായിരുന്നു ഒരു പോസ്റ്റ്. പോപ് ഗായകന് ജസ്റ്റിന് ബീബറിനൊപ്പം നില്ക്കുന്ന അനന്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
അനന്തിന്റെ ഉടമസ്ഥതയിലുള്ള വന്താര മൃഗശാലയിലുള്ള സിംഹങ്ങള്‍ക്കും പുലികള്‍ക്കും നല്‍കുന്നതെന്താണെന്ന് ചോദിച്ചുകൊണ്ടാണ് ചില ട്രോളുകള്‍. വെജിറ്റേറിയന്‍ ഭക്ഷണമായ ഖിച്ച്ടിയാകും വന്യമൃഗങ്ങള്‍ക്ക് നല്‍കുന്നതെന്നാണ് കമന്റുകള്‍.
ഇതിന് പിന്നാലെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോമാര്‍ട്ടില്‍ മാര്‍ക്കറ്റ് വിലയുടെ പല ഇരട്ടിയില്‍ മാംസം വില്‍ക്കുന്നതും ചിലര്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ജാംനഗറിലാണ് അനന്ത് അംബാനിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ല വന്താര മൃഗശാല.2022ല്‍ സ്ഥാപിച്ച 35,00 ഏക്കര്‍ വിസ്തൃതിയിലുള്ള ഇവിടെ 150,000 ലധികം മൃഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 260ലധികം ആനകളും 200ലധികം സിംഹങ്ങളും 150 ഓളം കടുവകളുമുണ്ടെന്നാണ് കണക്ക്.
Content Highlight: Video of Anant Ambani saving chickens from slaughter during his ‘padyatra’ goes viral, recieves backlash online
