ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വിരാടിനെ പുറത്താക്കാന്‍ കിവീസ് ബൗളര്‍മാര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഒന്നും തന്നെ ഫലിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ക്ക് പോലും വലിയ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും വിരാട് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്‌തെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.

‘വിരാട് കോഹ്ലിക്കെതിരെ ന്യൂസിലന്‍ഡിന്റെ തന്ത്രം ഇതായിരുന്നില്ലേ? ഓഫ് സ്റ്റംപിന് പുറത്തേക്ക് അല്‍പ്പം ഷോര്‍ട്ട് ലെങ്ത്തില്‍ പന്തെറിയുക. എന്നാല്‍, ബാക്ക് ഫൂട്ടില്‍ കളിച്ച് അദ്ദേഹം ആ പന്തുകള്‍ നേരെ ഗ്രൗണ്ടിലൂടെ അടിച്ചു. അതേ ലൈനില്‍ വന്ന പന്തുകള്‍ പുള്‍ ചെയ്ത് മിഡ് വിക്കറ്റിന് സമീപമുള്ള ഗ്യാപ്പിലൂടെ രണ്ട് ബൗണ്ടറികളും നേടി. തലയ്ക്ക് നേരെ പന്തെറിഞ്ഞപ്പോഴും അത് അനായാസം നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മറ്റ് മുന്‍നിര ബാറ്റര്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് 100നോട് പോലും അടുത്തെത്തിയിരുന്നില്ല. എന്നാല്‍ വിരാട് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് മികച്ചതായിരുന്നു. പ്രത്യേകിച്ച് ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ 150 സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടുന്നത് ശ്രദ്ധേയമാണ്. ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്ക് ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ 70-80 സ്‌ട്രൈക്ക് റേറ്റ് മാത്രമായിരുന്നപ്പോള്‍, കോഹ്‌ലി ഏകദേശം 150 സ്‌ട്രൈക്ക് റേറ്റിലാണ് റണ്‍സ് നേടിയത്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

അതേസമയം ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ കിവീസിനെ 42.2 ഓവറില്‍ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ ബാറ്റിങ്ങില്‍ രണ്ടുതവണ മഴ വില്ലനായപ്പോള്‍ വിജയ ലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി ചുരുക്കുകയും 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു.

വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 51 പന്തില്‍ 13 ഫോറും ഒരു സിക്‌സറുമടക്കം 74 റണ്‍സ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. 145.10 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

Content Highlight: Irfan Pathan Talking About Virat Kohli’s Great Performance