കോപ്പൻഹേഗൻ: പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന വിദ്യാർത്ഥി അലവൻസ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഡെന്മാർക്കിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതോടെ യൂറോപ്പിലുടനീളം പടരുന്ന വിദ്യാർത്ഥി- യുവജന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡെന്മാർക്കും മാറി.
പ്രതിരോധ ചെലവുകൾക്കായി ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി സർക്കാർ നടത്തിയ നിർദിഷ്ട വെട്ടിക്കുറയ്ക്കലുകൾക്കെതിരെ തിങ്കളാഴ്ച 13,000 ത്തോളം വിദ്യാർത്ഥികൾ കോപ്പൻഹേഗനിലെ സിറ്റി ഹാൾ സ്ക്വയറിൽ നിന്ന് പാർലമെന്റിലേക്ക് ‘ഇനഫ് ഈസ് ഇനഫ്’ എന്ന ബാനർ ഉയർത്തി മാർച്ച് നടത്തി.
കഴിഞ്ഞ ആഴ്ചകളിൽ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെടുകയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പ്രതിഫലനമാണ് ഡെന്മാർക്കിലും കാണാനായത്. യൂറോപ്പിലുടനീളം ജീവിതച്ചെലവും ഭവന പ്രതിസന്ധിയും കാരണം യുവാക്കൾ വലിയ പ്രതിഷേധത്തിലാണ്.
സർക്കാർ നിർദേശത്തിനെതിരെ ഡെന്മാർക്കിലെ 57 സ്കൂളുകളിലായി ഏകദേശം 40,000 വിദ്യാർത്ഥികൾ പണിമുടക്കിയതായി വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി.
1970 മുതൽ, മാതാപിതാക്കളുടെ വരുമാനം നോക്കാതെ തന്നെ സ്കൂളുകളിലോ സർവകലാശാലകളിലോ പഠിക്കുന്ന 18 വയസിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഡെന്മാർക്കിൽ സ്വഭാവികമായിത്തന്നെ ഈ അലവൻസ് ലഭിക്കാറുണ്ട്.
നിലവിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,154 ക്രോണറും (ഏകദേശം 173 ഡോളർ) മാറിത്താമസിക്കുന്നവർക്ക് 7,426 ക്രോണറുമാണ് (1,116 ഡോളർ) ലഭിക്കുന്നത്.
എന്നാൽ പുതിയ സർക്കാർ നിർദേശപ്രകാരം, പ്രതിവർഷം 700,000 ഡാനിഷ് ക്രോണറിൽ (105,248 ഡോളർ) കൂടുതൽ വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികൾക്ക് അലവൻസ് പൂർണമായും നിർത്തലാക്കും. 419,589 ക്രോണറിനും (63,087 ഡോളർ) 700,000 ക്രോണറിനും ഇടയിൽ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഇനി അലവൻസ് ലഭിക്കുക.
അതും മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടുകളിലായാകും നൽകുക. പ്രതിഷേധം ശക്തമായതോടെ കോപ്പൻഹേഗനിൽ വലിയ തോതിൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
‘വാഗ്ദാന ലംഘനം’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർത്ഥികൾ, ഡാനിഷ് സ്റ്റുഡന്റ് അലവൻസിന്റെ ചുരുക്കപ്പേരായ ‘SU സംരക്ഷിക്കുക’, ‘യുവാക്കളെ വഞ്ചിക്കരുത്’ തുടങ്ങിയ പ്ലക്കാർഡുകളും ഏന്തിയായിരുന്നു പ്രതിഷേധം.
‘ഡെന്മാർക്കിൽ പഠനത്തിനായി സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാറുണ്ട്, ഞങ്ങൾ അതിൽ അഭിമാനിക്കുന്നു,’ എന്ന് പ്രക്ഷോഭത്തിന്റെ സംഘാടകനും ഡാനിഷ് ഹൈസ്കൂൾ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഓസ്കാർ ടോൺസ്ബെർഗ് ഹോഫ്മാൻ പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നിനെ തകർക്കുന്നത് തെറ്റാണെന്ന്’ അദ്ദേഹം എ.എഫ്.പിയോട് വ്യക്തമാക്കി.
‘കോർപ്പറേറ്റ് നികുതിയിളവുകൾക്കും യുദ്ധച്ചെലവുകൾക്കും പണം കണ്ടെത്തുമ്പോൾ, ഞങ്ങളുടെ ക്ഷേമത്തിലും യുവാക്കളുടെ സമ്പദ്വ്യവസ്ഥയിലുമാണ് അവർ വെട്ടിക്കുറവ് വരുത്തുന്നത്,’ അദ്ദേഹം പറഞ്ഞു.
സർക്കാർ തീരുമാനത്തോടെ 14,000ത്തോളം വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് പൂർണമായും നഷ്ടപ്പെടുമെന്നും 8,000ത്തോളം പേർക്ക് തുക വെട്ടിച്ചുരുക്കപ്പെടുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഇതുകൂടാതെ, പഠനകാലത്തെ അവസാന 24 മാസങ്ങളിൽ 18 മാസവും ജോലി ചെയ്തിട്ടുള്ളവർക്ക് മാത്രമേ പഠനം കഴിഞ്ഞിറങ്ങുമ്പോൾ തൊഴിലില്ലായ്മ വേതനം നൽകൂ എന്ന നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം, വിദ്യാർത്ഥി ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ‘സുഖകരമായ ഒന്നല്ല’ എന്ന് വ്യവസായ മന്ത്രിയും സോഷ്യൽ ലിബറൽ പാർട്ടി നേതാവുമായ മാർട്ടിൻ ലിഡെഗാർഡ് പ്രതികരിച്ചു.
Content Highlight:Cuts to Education Funding: Students in Denmark Join Protests Across Europe.
