ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ 23 വര്‍ഷം നീണ്ട സ്വപ്‌നതുല്യമായ കരിയര്‍ അവസാനിപ്പിക്കുന്നത്.

തന്റെ യാത്രയില്‍ കൂടെനിന്നവരോടെല്ലാം നന്ദി പറഞ്ഞുകൊണ്ട് ഹൃദയസ്പര്‍ശിയായ ഒരു സന്ദേശം പങ്കുവെച്ചുകൊണ്ടാണ് താരം പോര്‍ച്ചുഗലിന് വേണ്ടി ബൂട്ടഴിക്കാനുള്ള തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.

 

റൊണാള്‍ഡോയുടെ വിരമിക്കല്‍ സന്ദേശത്തിന്റെ പൂര്‍ണരൂപം

 

പോര്‍ച്ചുഗീസ് ജനതയോട്, ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്‌സി തിരികെ നല്‍കേണ്ട ദിവസം വന്നെത്തി. ഇത് എന്റേത് മാത്രമാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. പക്ഷേ 23 വര്‍ഷം ഇത് ധരിക്കാനും സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള സ്‌റ്റേഡിയങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നു. ഇന്ന് അത് ഭാവിതലമുറയ്ക്ക് കൈമാറാനുള്ള നിമിഷമാണ്. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, കാരണം ചില തീരുമാനങ്ങള്‍ തല കൊണ്ട് മാത്രം എടുക്കാനാവില്ല, ഹൃദയം കൊണ്ടും എടുക്കണം. 2003 ഓഗസ്റ്റില്‍ ആരംഭിച്ച്, എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു യാത്രയ്ക്ക് ഇവിടെ അവസാനമാകുന്നു.

ദേശീയ ടീമില്‍ ഞാന്‍ ജീവിച്ച കാലം തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ കാണുന്നത് മത്സരങ്ങളോ ഗോളുകളോ റെക്കോര്‍ഡുകളോ ട്രോഫികളോ മാത്രമല്ല. ഞാന്‍ കാണുന്നത് ആളുകളെയാണ്. 90 മിനിറ്റ് നേരത്തേക്ക് പോര്‍ച്ചുഗലിനെ കുറച്ചുകൂടി അടുത്ത് അനുഭവിച്ച പ്രവാസികളെ ഞാന്‍ കാണുന്നു. നേരിട്ട് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എന്റെ ജീവിതത്തിന്റെ ഭാഗമായ ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസുകാരെ ഞാന്‍ കാണുന്നു. കാരണം, എല്ലാത്തിനുമൊടുവില്‍ ഫുട്‌ബോള്‍ ഒരു കളിയെക്കാള്‍ വളരെ വലുതാണ്. ഫുട്‌ബോള്‍ എന്നാല്‍ ജനങ്ങളാണ്.

ദേശീയ ടീമിലെ എന്റെ കരിയര്‍ മുഴുവന്‍ എന്റെ പരിധികള്‍ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചു. ജയിക്കാന്‍ ആഗ്രഹിച്ചു, ഏറ്റവും മികച്ചവനാകാന്‍ ആഗ്രഹിച്ചു, ചരിത്രം കുറിക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്നോട് തന്നെ എപ്പോഴും കര്‍ക്കശക്കാരനായിരുന്നു, എപ്പോഴും കൂടുതല്‍ ആഗ്രഹിച്ചു, നമുക്ക് കൂടുതല്‍ ദൂരം പോകാനാകുമെന്ന് എപ്പോഴും വിശ്വസിച്ചു, ഈ ജഴ്‌സിക്കായി എനിക്കുള്ളതെല്ലാം നല്‍കി.

പൂര്‍ണതയുള്ള വൈകുന്നേരങ്ങളും രാത്രികളും ഉണ്ടായിരുന്നു, ഒരിക്കലും മറക്കാത്ത വിജയങ്ങളുണ്ടായിരുന്നു, വേദനിപ്പിക്കുന്ന ഓര്‍മകളുള്ള തോല്‍വികളുണ്ടായിരുന്നു. ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്, വേദനിച്ചിട്ടുമുണ്ട്, പോര്‍ച്ചുഗീസുകാര്‍ ഏറെ ആഗ്രഹിച്ചത് നല്‍കാന്‍ എനിക്ക് കഴിയാതെ പോയ നിമിഷങ്ങളുമുണ്ടായിരുന്നു, പക്ഷേ ഞാന്‍ ഒരിക്കലും പിന്മാറിയില്ല. എല്ലാറ്റിനുമുപരി, പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം തോന്നാതിരുന്നിട്ടില്ല.

View this post on Instagram

A post shared by Portugal (@portugal)

ഈ വര്‍ഷങ്ങളിലൂടെ ഞാന്‍ വളരെ ലളിതമായ ചില കാര്യങ്ങള്‍ പഠിച്ചു. ഗോളുകള്‍ കടന്നുപോകും, കപ്പുകള്‍ മ്യൂസിയങ്ങളില്‍ ഇരിക്കും, റെക്കോര്‍ഡുകള്‍ ഒരിക്കല്‍ തകര്‍ക്കപ്പെടും, പക്ഷേ കാലത്തിന് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ഒന്നുണ്ട്: ആളുകളുടെ ഹൃദയത്തില്‍ നാം നേടുന്ന സ്ഥാനം.

ഞാന്‍ എപ്പോഴെങ്കിലും നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കില്‍, എന്റെ ഒരു ഗോള്‍ കാരണം നിങ്ങളെ ആരെയെങ്കിലും ആലിംഗനം ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ഒരു ആശങ്ക മറക്കാന്‍ കാരണമാവുകയോ നമ്മുടെ രാജ്യത്തില്‍ അഭിമാനം തോന്നിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ വില വലുതാണ്. കാരണം പോര്‍ച്ചുഗീസുകാരനാകുക എന്നതും അതാണ്.

നാം ഒരുമിച്ച് സഹിക്കുന്നു. ഒരുമിച്ച് എഴുന്നേല്‍ക്കുന്നു, വീണ്ടും വിശ്വസിക്കുന്നു. സ്വപ്നം കാണുന്ന യുവാക്കളെയും ഒരിക്കലും പിന്മാറാത്ത കളിക്കാരെയും, ആരും എത്തിയിട്ടില്ലാത്തിടത്ത് എത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന പുതുതലമുറകളെയും പോര്‍ച്ചുഗലിന് എപ്പോഴും ആവശ്യമുണ്ടാകും. കാരണം പുതിയ നായകന്മാരെ സൃഷ്ടിക്കുന്ന രാജ്യം തന്നില്‍ വിശ്വസിക്കുന്നത് ഒരിക്കലും നിര്‍ത്താത്തവരാണ്.

എന്റെ ടീമംഗങ്ങളോട് എനിക്ക് ഒരു പ്രത്യേക വാക്ക് പറയാനുണ്ട്. ഓരോ ഓട്ടത്തിനും, ഓരോ ആലിംഗനത്തിനും, ഓരോ തര്‍ക്കത്തിനും, കളത്തിലിറങ്ങുന്നതിന് മുമ്പുള്ള ഓരോ നിശ്ശബ്ദതയ്ക്കും, നാം ആഘോഷിച്ച ഓരോ വിജയത്തിനും, നമ്മെ കൂടുതല്‍ ശക്തരാക്കിയ ഓരോ തോല്‍വിക്കും നന്ദി. നിങ്ങളുടെ ക്യാപ്റ്റനാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി, പക്ഷേ ഒരു ക്യാപ്റ്റനും ഒറ്റയ്ക്ക് നടക്കുന്നില്ല, നിങ്ങള്‍ എന്റെ കഥയുടെ ഭാഗമാണ്.

ഈ വര്‍ഷങ്ങളില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ പരിശീലകര്‍ക്കും, ഭാരവാഹികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും, കിറ്റ് മാനേജര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, മറ്റനേകം ആളുകള്‍ക്കും എന്റെ നന്ദി. നിങ്ങളില്‍ പലരും ഒരിക്കലും ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടില്ല, പക്ഷേ നിങ്ങളില്ലാതെ ആ ഫോട്ടോകളൊന്നും സാധ്യമാകുമായിരുന്നില്ല.

എന്റെ കുടുംബത്തോട്, എന്നോടൊപ്പം ഈ യാത്ര പങ്കിട്ടതിന് നന്ദി. എന്റ അഭാവങ്ങളും, ത്യാഗങ്ങളും, ദേശീയ ടീമിന് വേണ്ടി ചിലവഴിക്കേണ്ടി വന്ന നിങ്ങളുടേത് കൂടിയായ നിമിഷങ്ങളും മനസ്സിലാക്കിയതിന് നന്ദി. ഞാന്‍ ഇത്രയും ദൂരം എത്തിയെങ്കില്‍, അത് നാം എപ്പോഴും ഒരുമിച്ച് നിന്നതുകൊണ്ടാണ്.

പിന്നെ പോര്‍ച്ചുഗീസുകാരോട്… ലോകമെമ്പാടും ചിതറിക്കിടക്കുന്ന എല്ലാ പോര്‍ച്ചുഗീസുകാരോടും, അവസാനമായി ഒരു കാര്യം പറയാനുണ്ട്. ഞാന്‍ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ഒരു ചിത്രമുണ്ട്: ദേശീയ ഗാനം ആരംഭിക്കുന്ന നിമിഷം. ചുറ്റും നോക്കുമ്പോള്‍, എന്റെ സഹതാരങ്ങളെ ഞാന്‍ കാണുന്നു, ഗ്യാലറികള്‍ കാണുന്നു, കുട്ടികളെയും അമ്മമാരെയും അച്ഛന്മാരെയും മുത്തശ്ശീമുത്തശ്ശന്മാരെയും കാണുന്നു, അവിടെ ഉണ്ടായിരിക്കാന്‍ മാത്രം ഇത്ര ദൂരെ നിന്ന് വന്ന പോര്‍ച്ചുഗീസുകാരെ കാണുന്നു.

ആ മിനിറ്റുകളില്‍ നാം വ്യത്യസ്തരല്ല. ക്ലബ്ബുകളില്ല, നിറങ്ങളില്ല, വര്‍ഗങ്ങളില്ല, തൊഴിലുകളില്ല, അഭിപ്രായങ്ങളില്ല. ഒരേയൊരു വികാരം മാത്രം. പോര്‍ച്ചുഗല്‍, ആ വികാരമാണ് ജീവിതകാലം മുഴുവന്‍ ഞാന്‍ കൂടെ കൊണ്ടുപോകുന്നത്.

ഇന്ന് ദേശീയ ടീമിനൊപ്പമുള്ള കളത്തിനുള്ളിലെ എന്റെ യാത്ര അവസാനിക്കുന്നു. തലയുയര്‍ത്തി, ഞാന്‍ നടന്ന വഴിയില്‍ അഭിമാനത്തോടെ, പോര്‍ച്ചുഗലിനായി എന്റെ എല്ലാം നല്‍കി എന്ന ബോധ്യത്തോടെ ഞാന്‍ പടിയിറങ്ങുന്നു. പക്ഷേ ഞാന്‍ ഒരിക്കലും നിങ്ങളില്‍ ഒരാളാകുന്നത് അവസാനിക്കില്ല. പോര്‍ച്ചുഗലിന്റെ ഓരോ വിജയവും നിങ്ങളോടൊപ്പം ഞാന്‍ ആഘോഷിക്കുന്നത് തുടരും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാന്‍ ഞാന്‍ എന്റെ ജീവിതം മുഴുവന്‍ അധ്വാനിച്ചു. ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഏറ്റവും വലിയ വിജയം, ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹനായി എന്നതാണ്.

ഈ 23 വര്‍ഷങ്ങള്‍ക്ക് നന്ദി. എന്നില്‍ വിശ്വസിച്ചതിന് നന്ദി. മദീരയില്‍ പന്തിന് പിന്നാലെ ഓടിയിരുന്ന ഒരു കൊച്ചുകുട്ടിയായിരുന്നപ്പോള്‍ തുടങ്ങിയ ഒരു സ്വപ്നം ജീവിക്കാന്‍ എന്നെ അനുവദിച്ചതിന് നന്ദി.

ഏഴാം നമ്പര്‍ ജഴ്‌സി ഇവിടെ നില്‍ക്കുന്നു. അത് ധരിച്ചതിന്റെ അഭിമാനം എന്റേതായിരിക്കും. എന്നെന്നേക്കും. പോര്‍ച്ചുഗല്‍ എപ്പോഴും എന്നില്‍ ഉണ്ടാകും. എന്നും കാണാം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Content Highlight: Cristiano Ronaldo announces retirement from international football.