ന്യൂദല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ നിന്നും ക്ഷേമ ആനുകൂല്യങ്ങളില്‍ നിന്നും അകറ്റി രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.

ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ ആധാറിന് പകരം വോട്ടര്‍ ഐ.ഡി നമ്പറുകളും ബയോമെട്രിക് പരിശോധനയും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

തുടക്കം മുതലേ ഇതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടിയിലൂടെ ഇതിനകം 13.3 കോടിയിലധികം ഇന്ത്യക്കാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍, വോട്ടര്‍ ഐ.ഡി ഇല്ലെന്ന കാരണത്താല്‍ റേഷന്‍, പാര്‍പ്പിടം, ആരോഗ്യ ഇന്‍ഷുറന്‍സ്, തൊഴിലുറപ്പ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇതാണ് ആ വലിയ ഗൂഢപദ്ധതി. ആദ്യം, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തുകൊണ്ട് ജനങ്ങളുടെ രാഷ്ട്രീയ ശബ്ദം ഇല്ലാതാക്കുന്നു. പിന്നീട്, പട്ടികയില്‍ പേരില്ലാത്തതുകൊണ്ട് അവര്‍ക്ക് ലഭിക്കേണ്ട ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുന്നു.

ഇതിന്റെ ഫലമായി, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജനാധിപത്യ വ്യവസ്ഥയില്‍ നിന്നും ക്ഷേമ പദ്ധതികളില്‍ നിന്നും പുറന്തള്ളപ്പെടുന്നു. അവര്‍ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തപ്പെടുകയും, പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു.’ പവന്‍ ഖേര പറഞ്ഞു.

ആധാര്‍ ഉപയോഗിച്ച രീതി കാരണം ലക്ഷക്കണക്കിന് ആളുകള്‍ക്ക് സാമൂഹിക ക്ഷേമ-സുരക്ഷാ പദ്ധതികള്‍ ലഭിക്കാതെ പോയെന്ന ആശങ്കകള്‍ നേരത്തെ തന്നെ നിലനിന്നിരുന്നു. എസ്.ഐ.ആര്‍ നടപടികള്‍ക്ക് ശേഷം ക്ഷേമ ആനുകൂല്യങ്ങളെ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നത്, കൂടുതല്‍ വലിയ തോതിലുള്ള ഒഴിവാക്കലുകള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജീവ് രഞ്ജന്‍ സിങ്ങിന്റെ പ്രസ്താവന സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനമാണോ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.’ഇതാണോ ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ഔദ്യോഗിക നയം? അങ്ങനെയെങ്കില്‍, ആധാര്‍ ഏത് പ്രധാന ആവശ്യത്തിനുവേണ്ടിയാണോ വിഭാവനം ചെയ്തത്, അതിനായി അത് ഉപയോഗിക്കപ്പെടില്ല എന്നാണ് ഇതിനര്‍ത്ഥം,’ ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

വോട്ടുകള്‍ മോഷ്ടിക്കുന്നത് ഒരു ട്രെയിലര്‍ മാത്രമാണ്. ഇത് അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും ജയറാം രമേഷ് പറഞ്ഞു.

വോട്ടര്‍ പട്ടിക പുതുക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം റേഷന്‍, പാര്‍പ്പിടം, ആരോഗ്യപരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കലാണെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേത് പറഞ്ഞു.

‘വോട്ടര്‍ പട്ടികയില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യുമ്പോള്‍, നിങ്ങളുടെ ജനാധിപത്യ അവകാശം മാത്രമല്ല കവര്‍ന്നെടുക്കപ്പെടുന്നത്. ഒരു പൗരന്‍ എന്ന നിലയിലുള്ള നിങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാക്കപ്പെടുകയാണ്,’ സുപ്രിയ ശ്രീനേത് പറഞ്ഞു.

ഗുണഭോക്താക്കള്‍ക്ക് അവരുടെ ആധാര്‍ നമ്പറുകള്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ക്ക് പകരം അവരുടെ ബയോമെട്രിക്സും വോട്ടര്‍ ഐ.ഡി (എപിക്) നമ്പറുകളും ഉപയോഗിച്ച് പേയ്മെന്റുകള്‍ ചെയ്യാവുന്ന സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിംഗ് എന്ന ലാലന്‍ സിങ് പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ഒരു ശില്‍പശാലയില്‍ പറഞ്ഞിരുന്നു.

Content Highlight: The deletion of names from voter lists is part of the Narendra Modi government’s “larger design” to deprive millions of people of political representation and welfare entitlements and reduce them to second-class citizens,