കൊൽക്കത്ത: കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന ‘വി.ബി-ജി റാം ജി’ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം കുടിയേറ്റ തൊഴിലാളികളോട് നാട്ടിലേക്ക് തിരിച്ചെത്താൻ ആഹ്വാനം ചെയ്തത്.

സ്വന്തം കുടുംബത്തോടൊപ്പം നിന്ന് നാട്ടിൽ തന്നെ ജോലി ചെയ്യാനുള്ള മികച്ച സാഹചര്യമാണ് സർക്കാർ ഒരുക്കുന്നതെന്നും, പുതിയ പദ്ധതിയിലൂടെ ഓരോ ജോബ് കാർഡ് ഉടമയ്ക്കും പ്രതിവർഷം 34,500 രൂപയുടെ വരുമാനം ഉറപ്പാക്കുമെന്നും പഞ്ചായത്ത് വകുപ്പിന്റെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 22 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 12,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 7.09 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നുണ്ടെന്നും ഇത് വൈകാതെ 17 ലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുണ്ടായിരുന്ന 31 ലക്ഷം വ്യാജ ജോബ് കാർഡുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയതായും, കൃത്യമായ പരിശോധനകൾക്ക് ശേഷം പുതുതായി 10 ലക്ഷം കാർഡുകൾ അനുവദിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം സംസ്ഥാനത്തെ 3,339 പഞ്ചായത്തുകളിലായി ഗ്രാമീണ റോഡുകൾ, മരം വെച്ചുപിടിപ്പിക്കൽ, ജലസംരക്ഷണം തുടങ്ങി 375 തരം വികസന ജോലികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന, ബംഗ്ലാർ ആവാസ് യോജന ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിനായി 95 ദിവസം വരെ തൊഴിലും 27,000 രൂപ വരെ അധിക വേതനവും ലഭിക്കുമെന്നും, ഭവനരഹിതരായ 47 ലക്ഷം പേർക്ക് അടുത്ത രണ്ട് വർഷത്തിനകം വീട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളിലായി ഒരു ലക്ഷം പേർക്ക് നിയമനം നൽകുമെന്നും, പഞ്ചായത്ത് വകുപ്പിൽ പി.എസ്.സി വഴി 7,190 സ്ഥിര ജീവനക്കാരെയും 1,000 കരാർ ജീവനക്കാരെയും നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും സുവേന്ദു അധികാരി പറഞ്ഞു.

Content Highlight:Suvendu Adhikari urges migrant workers to return home; announces 125 days of guaranteed employment.