ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ താരം പരിശീലകനും ക്രിക്കറ്റ് കമന്റേറ്ററുമായ രവി ശാസ്ത്രി. ന്യൂസിലാന്‍ഡിലെ ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ 70റണ്‍സോളം നേടുന്നത് സെഞ്ച്വറിക്ക് തുല്യമാണെന്ന് ശാസ്ത്രി പറഞ്ഞു. ബൗളര്‍മാരെ ആധിപത്യത്തോടെയാണ് വിരാട് നേരിട്ടതെന്നും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ക്രിക്കറ്ററാണ് വിരാടെന്നും ശാസ്ത്രി പറഞ്ഞു.

‘ഈ സാഹചര്യങ്ങളില്‍ 70 റണ്‍സ് നേടുന്നത് ഒരു സെഞ്ച്വറിക്ക് തുല്യമാണ്. അദ്ദേഹം ഒരു മോശം ഷോട്ട് പോലും കളിച്ചില്ല. അദ്ദേഹം ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ദൈവം തന്നെ നേരിട്ട് വന്ന് രക്ഷിക്കേണ്ടിവരും.

ഡ്രസ്സിങ് റൂമിലിരിക്കുന്ന യുവതാരങ്ങള്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നതും പുറത്തായ ശേഷം ദേഷ്യത്തോടെ പ്രതികരിക്കുന്നതും കാണുമ്പോള്‍ ക്രീസില്‍ തുടരുന്നതിന്റെ പ്രാധാന്യം അവര്‍ മനസിലാക്കും.

വിരാട് കോഹ്‌ലി ഉള്ളതുകൊണ്ട് ശുഭ്മന്‍ ഗില്ലിന് സമ്മര്‍ദമുണ്ടായിരുന്നില്ല. കോഹ്‌ലി വേഗത്തില്‍ സ്‌ട്രൈക്ക് കൈമാറുന്നു. ഇത് ബൗളറെ സമ്മര്‍ദത്തിലാക്കുന്നു.

വളരെക്കാലമായി ഞാന്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഇതിലും മികച്ച രീതിയില്‍ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാനാവില്ല. ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുള്ള പിച്ചില്‍ അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ബാറ്റിങ്ങിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ അദ്ദേഹം ബൗളര്‍മാരെ ആധിപത്യത്തോടെ നേരിട്ടു. അത് എളുപ്പമായിരുന്നില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം,’ സോണി സ്‌പോര്‍ട്‌സില്‍ രവി ശാസ്ത്രി പറഞ്ഞു.

അതേസമയം ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ കിവീസിനെ 42.2 ഓവറില്‍ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ ബാറ്റിങ്ങില്‍ രണ്ടുതവണ മഴ വില്ലനായപ്പോള്‍ വിജയ ലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി ചുരുക്കുകയും 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു.

വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 51 പന്തില്‍ 13 ഫോറും ഒരു സിക്സറുമടക്കം 74 റണ്‍സ് നേടിയാണ് കോഹ്ലി തിളങ്ങിയത്. 145.10 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. അതേസമയം നവംബര്‍ ഏഴിന് വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തിലാണ് ന്യൂസിലാമന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം മത്സരം.

Content Highlight: Ravi Shastri Talk Virat Kohli Is Greatest White Ball Player