സംഗ്രൂർ: പാർലമെന്റിൽ അംഗമായിരുന്ന കാലത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് വായ്നാറ്റത്തോടെയാണ് സഭയിലെത്തിയിരുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ ഗുരുതരമായ ലഹരിവിപത്ത് തടയുന്നതിൽ മുഖ്യമന്ത്രി എത്രത്തോളം ആത്മാർത്ഥത പുലർത്തുന്നുണ്ടെന്ന് അദ്ദേഹം ചോദ്യം ചെയ്തു.
സംഗ്രൂരിൽ സംഘടിപ്പിച്ച ‘ഇൻസാഫ് റാലി’യിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ആം ആദ്മി പാർട്ടി സർക്കാർ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടെന്നും, സംസ്ഥാനത്തെ ഭരണം ദൽഹിയിൽ നിന്നാണ് റിമോട്ട് കൺട്രോൾ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.
‘ചിട്ട’ എന്ന മാരക മയക്കുമരുന്ന് പഞ്ചാബിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണെന്നും, കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിക്ക് ദൽഹിയുടെ ഇടപെടലുകളില്ലാതെ സ്വതന്ത്രമായി ഭരിക്കാൻ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പഞ്ചാബിലെ ലഹരിവിപത്തിനെതിരെ താൻ വർഷങ്ങൾക്ക് മുൻപേ നൽകിയ മുന്നറിയിപ്പുകൾ ബി.ജെ.പിയും അകാലിദളും അന്ന് തള്ളിക്കളയുകയാണുണ്ടായതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ന് ആ പ്രശ്നം സംസ്ഥാനത്തെ വിഴുങ്ങിയിരിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ആം ആദ്മി സർക്കാരിനായില്ലെന്നും, സംസ്ഥാനത്തിന്റെ ഏത് കോണിലാണ് ഇവർ ലഹരി തുടച്ചുനീക്കിയതെന്നും രാഹുൽ ചോദിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രിയോ ദൽഹി മുഖ്യമന്ത്രിയോ അല്ല പഞ്ചാബ് നയിക്കേണ്ടതെന്നും, പഞ്ചാബിന്റെ പ്രശ്നങ്ങൾ സംസ്ഥാനത്തിനകത്തുനിന്നു തന്നെ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഭഗവന്ത് മന്നുമായുള്ള പഴയ പാർലമെന്റ് അനുഭവങ്ങൾ ഓർത്തെടുത്ത രാഹുൽ, വ്യക്തിപരമായ ചില വിമർശനങ്ങളും പങ്കുവെച്ചു.
‘ഞങ്ങൾ ഒരുമിച്ച് ലോക്സഭയിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹം ഞങ്ങളോടൊപ്പമിരുന്ന് തമാശകൾ പങ്കുവെക്കുമായിരുന്നു. എന്നാൽ രാവിലെ 11 മണിക്ക് തന്നെ അദ്ദേഹത്തിൽനിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം വരുമായിരുന്നു. ഒരാൾ മദ്യപിക്കുന്നത് അയാളുടെ തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാൽ എല്ലാ വൈകുന്നേരവും ലഹരിയിൽ മുഴുകുന്ന ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സംസ്ഥാനത്തെ ലഹരിവിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനാകും’ രാഹുൽ ചോദിച്ചു.
തൊഴിലില്ലായ്മയും വ്യവസായ-കാർഷിക മേഖലകളിലെ തളർച്ചയുമാണ് യുവാക്കളെ ലഹരിയിലേക്കും ഗുണ്ടാസംഘങ്ങളിലേക്കും തള്ളിവിടുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മുൻപ് ചെറുകിട വ്യവസായങ്ങളുടെയും കൃഷിയുടെയും കരുത്തിൽ തിളങ്ങിനിന്ന പഞ്ചാബിനെ വീണ്ടെടുക്കാൻ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റാലിക്കിടെ, കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസെവാലയുടെ പിതാവ് ബൽക്കൗർ സിങിനെ രാഹുൽ വേദിയിലേക്ക് സ്വാഗതം ചെയ്തു. സുരക്ഷ പിൻവലിച്ചതിന് പിന്നാലെ മൂസെവാല പട്ടാപ്പകൽ കൊലചെയ്യപ്പെട്ട സംഭവം ഓർത്തെടുത്ത അദ്ദേഹം, ഒരു മകന്റെ വിയോഗം മാതാപിതാക്കൾക്കുണ്ടാക്കുന്ന വേദന എത്രത്തോളമാണെന്ന് പറഞ്ഞു.
റാലിയിൽ സംസാരിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ പർഗട്ട് സിങ് സംസ്ഥാനത്തെ അവസ്ഥയെ ‘പോലീസ് രാജ്’ എന്ന് വിശേഷിപ്പിക്കുകയും, മോർച്ചറികൾ യുവാക്കളുടെ മൃതദേഹങ്ങൾ കൊണ്ട് നിറയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഭഗവന്ത് മൻ ഒരു സ്ഥിരം മദ്യപാനിയാണെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി, ഒരു കൊച്ചുകുട്ടിയെ നോക്കാൻ പോലും വിശ്വസിച്ചേൽപ്പിക്കാൻ പറ്റാത്ത ആളുടെ കൈകളിലാണ് പഞ്ചാബിന്റെ ഭരണം ചെന്നെത്തിയിരിക്കുന്നതെന്നും പരിഹസിച്ചു. പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Content Highlight:Arrived in Parliament under the influence of alcohol; Rahul Gandhi makes a serious allegation against the Punjab Chief Minister.
