മമ്മൂട്ടിയുടെ കൂടെയിരുന്ന് അദ്ദേഹത്തിന്റെ ഡബ്ബിങ് കാണാനും അതിന്റെ സാങ്കേതിക വശങ്ങൾ പഠിക്കാനും കഴിഞ്ഞ അനുഭവം പങ്കുവെച്ച് നടൻ ആദം സാബിക്. ‘ടൈറ്റൻസ്’ സിനിമയുടെ പ്രൊമോഷൻ സമയത്ത് മമ്മൂട്ടിയെ നേരിട്ട് കണ്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയത്. എന്നാൽ അവിടെവെച്ച് പ്രതീക്ഷിക്കാത്തൊരു അനുഭവമാണ് തനിക്ക് ലഭിച്ചതെന്ന് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു.
‘മമ്മൂക്കയുടെ കൂടെ ഡബ്ബിങ്ങിന് ഒപ്പം ഇരിക്കാൻ പറ്റുക എന്നൊക്കെ പറയുന്നത് ഭാഗ്യമല്ലേ. ‘ടൈറ്റൻസ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്റർവ്യൂകളും പരിപാടികളുമൊക്കെയായി നടക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്യാൻ അധികം ദിവസങ്ങളില്ല. അപ്പോൾ മമ്മൂക്കയോട് ഈ സിനിമയെക്കുറിച്ച് നേരിട്ട് പറയണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.

ആദം സാബിക്. Photo. Screen Grab/ Youtube
ഞാൻ മമ്മൂക്കയുടെ മാനേജരെ വിളിച്ചപ്പോൾ അന്ന് ഷൂട്ടില്ലെന്നും ഡബ്ബിങ്ങിനായി സപ്തയിൽ വരുന്നുണ്ടെന്നും പറഞ്ഞു. ഉടനെ തന്നെ അവിടേക്ക് പോയി. മമ്മൂക്ക കുറച്ചു കഴിഞ്ഞപ്പോൾ വന്നു. അവിടെ കുറേ ആളുകളുണ്ടായിരുന്നു. ഫോട്ടോ എടുക്കാനൊക്കെ ആളുകൾ കാത്തുനിൽക്കുന്നതുകൊണ്ട് ഞാൻ കുറച്ചുമാറി നിൽക്കുകയായിരുന്നു,’ ആദം പറഞ്ഞു.
ആളുകൾ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോഴാണ് മമ്മൂട്ടി തന്നെ അടുത്തേക്ക് വിളിച്ചതെന്നും പിന്നീട് അദ്ദേഹത്തോട് പേടിയോടെയാണ് സംസാരിച്ചതെന്നും നടൻ വ്യക്തമാക്കി .
‘മമ്മൂക്ക എന്നെ ഇങ്ങോട്ട് വിളിച്ചിട്ട് ‘നീ എന്താടാ ഇവിടെ?’ എന്ന് ചോദിച്ചു. ഞാൻ ഒന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോൾ എന്റെ ഒരു സിനിമ വരുന്നുണ്ടെന്നും അതിന്റെ പേര് ‘ടൈറ്റൻസ്’ എന്നാണെന്നും പറഞ്ഞു. അങ്ങനെ സംസാരിച്ചുകഴിഞ്ഞപ്പോൾ വെറുതെ ചോദിച്ചുനോക്കാമെന്ന് കരുതി ഞാൻ ഒരു കാര്യം ചോദിച്ചു. ‘മമ്മൂക്ക, ഞാനും വന്നോട്ടെ?’ എന്ന് ചോദിച്ചപ്പോൾ എവിടേക്കാണെന്ന് തിരിച്ചു ചോദിച്ചു.
ഡബ്ബിങ് കാണാനാണെന്നും എനിക്കും വരണമെന്നുണ്ടെന്നും പറഞ്ഞു. എന്നെ നോക്കിയിട്ട് ‘അത് തമിഴ് പടമാടാ’ എന്ന് മമ്മൂക്ക പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാൻ മറുപടി നൽകി. അപ്പോൾ ‘കേറിവാ’ എന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി,’ ആദം സാബിക് പറഞ്ഞു.
അവിടെ മമ്മൂക്ക ഡബ്ബ് ചെയ്യാൻ ഇരിക്കുന്നതിന് തൊട്ടടുത്ത് തന്നെ ഇരുത്തിയെന്നും ഡബ്ബിങ്ങിന്റെ വിവിധവശങ്ങളെയും രീതികളെക്കുറിച്ചും ശബ്ദനിയന്ത്രണത്തെക്കുറിച്ചും തനിക്ക് വിശദമായി പറഞ്ഞു നൽകിയെന്നും ആദം വ്യക്തമാക്കി.
‘മമ്മൂക്ക ഡബ്ബ് ചെയ്യാൻ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് എന്നെ പിടിച്ചിരുത്തി. ഒരു സീക്വൻസ് എങ്ങനെയൊക്കെ ഡബ്ബ് ചെയ്യാം, വോയ്സ് കൺട്രോൾ, വോയ്സ് മോഡുലേഷൻ, താഴ്ന്നുപോകുന്ന സീനുകളെ ഡബ്ബിങ്ങിലൂടെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാം എന്നൊക്കെ പറഞ്ഞുതന്നു. അങ്ങനെ രണ്ടുമൂന്ന് മണിക്കൂർ അദ്ദേഹം എനിക്ക് കാര്യങ്ങൾ പറഞ്ഞുതന്നു.

ആദം സാബിക്. Photo. Facebook.com
ഒരു ഇൻഡസ്ട്രിയിലും ഒരു സൂപ്പർസ്റ്റാർ, സിനിമയിൽ ഇന്നലെ വന്ന ഒരു ചെറുപ്പക്കാരന് ഇത്രയും കാര്യങ്ങൾ പറഞ്ഞുകൊടുക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രം നടക്കുന്ന ഒരു കാര്യമാണിതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്രയും വലിയൊരു അനുഭവമായിരുന്നു അത്,’ ആദം സാബിക് പറഞ്ഞു.
Content Highlight:Actor Adam Sabik shared his experience of sitting alongside Mammootty, observing his dubbing process, and learning about its technical aspects
