വാഷിങ്ടണ്‍: ചൊവ്വാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഏഴ് സീറ്റുകള്‍ അധികം നേടി ഡെമോക്രാറ്റുകള്‍ യു.എസ് സെനറ്റില്‍ ആധിപത്യം പിടിച്ചെടുത്തു.

എന്നാല്‍ തെരഞ്ഞെടുപ്പിലെ ഹാസ്യതാരമായി മാറിയത് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് ആണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മസ്‌ക് ചെലവിട്ടത് 450 മില്യണ്‍ ഡോളര്‍ (4260 കോടി രൂപ) ആണ്. എന്നാല്‍ മസ്‌ക് പിന്തുണച്ച 37 ഹൗസ് ഓഫ് റെപ്രസെന്റേറ്റിവ് സ്ഥാനാര്‍ഥികളില്‍ വെറും മൂന്ന് പേര്‍ ആണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. സെനറ്റിലേക്ക് മസ്‌ക് പിന്തുണച്ച 7 പേരില്‍ ആറ് സ്ഥാനാര്‍ഥികളും തോറ്റു.

സ്‌പേസ് എക്‌സിന്റെയും ടെസ്‌ലയുടെയും ആസ്ഥാനം സ്ഥിതി ചെയ്യുന്ന ടെക്‌സസില്‍ വന്‍ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. ടെക്‌സസില്‍ മാത്രം സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് 230 മില്യണ്‍ ഡോളറും ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന് അഞ്ച് മില്യണ്‍ ഡോളറും ലഫ്റ്റനെന്റ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പിന് അര മില്യണ്‍ ഡോളറുമാണ് മസ്‌ക് ചെലവാക്കിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തമായ കോട്ടയായിരുന്ന ടെക്‌സസില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഒരു ഡെമോക്രാറ്റ് ജയിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ പിന്തുണയോടെ മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ ടെക്‌സസ് അറ്റോര്‍ണി ജനറലുമായ കെന്‍ പാക്സ്റ്റണെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജെയിംസ് തലറിക്കോ പരാജയപ്പെടുത്തുകയായിരുന്നു.

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സര്‍വീസിനും എ.ഐ ഡാറ്റാ സെന്റര്‍ പ്രൊജക്ടുകള്‍ക്കും ഡെമോക്രാറ്റുകള്‍ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന നിക്ഷേപകരുടെ ആശങ്കയെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ സ്‌പേസ് എക്‌സിന്റൈ ഓഹരികള്‍ 8.5 ശതമാനവും ടെസ്‌ലയുടെ ഓഹരികള്‍ 11.4 ശതമാനവും ഇടിഞ്ഞു.

 

സൂപ്പര്‍ പാക്(PAC- Political Action Committee)കളുടെ വളര്‍ച്ചയോടെ സമീപകാല തെരഞ്ഞെടുപ്പുകളില്‍ ചെലവ് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമ്പന്നരായ വ്യക്തികളില്‍ നിന്നും കോര്‍പ്പറേഷനുകളില്‍ നിന്നും പരിധി ഇല്ലാതെ സംഭാവനകള്‍ സ്വീകരിക്കാനും താരതമ്യേന കുറഞ്ഞ നിയന്ത്രണങ്ങളോടെ പ്രചരണങ്ങള്‍ക്കായി ചെലവഴിക്കാനും സാധിക്കും.

ടെക്‌സസിലെ സെനറ്റിലേക്കുള്ള മത്സരമായിരുന്നു യു.എസ് ചരിത്രത്തിലെ നോണ്‍-പ്രസിഡന്റ് തെരഞ്ഞെടുപ്പല്ലാത്തവയില്‍ ഏറ്റവും ചെലവേറിയതെന്ന് പൊളിറ്റിക്കല്‍ അഡ്വെര്‍ട്ടൈസിങ് ട്രാക്കര്‍ ആയ ആഡ്ഇംപാക്ട് പറഞ്ഞു. 573.2 മില്യണ്‍ ഡോളറാണ് ടെക്‌സസില്‍ എല്ലാ സ്ഥാനാര്‍ഥികളുമായി ചെലവാക്കിയത്.

അഴിമതി തകര്‍ത്ത രാഷ്ട്രീയ വ്യവസ്ഥയെ പിന്തുണയ്ക്കുന്ന എല്ലാ ശതകോടീശ്വരന്മാരായ മെഗാ ദാതാക്കള്‍ക്കും ഒരു സന്ദേശമാണ് തെരഞ്ഞെടുപ്പ് റലം നല്‍കിയിരിക്കുന്നതെന്ന് ജെയിലംസ് തലറിക്കോ വ്യാഴാഴ്ച ഓസ്റ്റിനില്‍ നടത്തിയ വിജയപ്രസംഗത്തില്‍ പറഞ്ഞിരുന്നു. തലറിക്കോ തന്നെയും മസ്‌കിനെയും ദാവീദും ഗോലിയാത്തുമായാണ് ഉപമിച്ചത്.

റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തിയ ടെക്‌സസിന്റെ നിയുക്ത ഗവര്‍ണര്‍ ജീന ഹിനോഹോസ, വിജയിച്ചാല്‍ മസ്‌കുമായുള്ള സംസ്ഥാനത്തിന്റെ അടുത്ത ബന്ധത്തെ ചോദ്യം ചെയ്യുമെന്ന് ഈ വര്‍ഷം സൂചിപ്പിച്ചിരുന്നു. മസ്‌കിനെയും അദ്ദേഹത്തിന്റെ കമ്പനികളെയും സംബന്ധിച്ച ഇമെയിലുകള്‍ എഡിറ്റ് ചെയ്യാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിനോഹോസ ആബട്ടിന്റെ ഓഫീസിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ആബട്ട് അപ്പീല്‍ നല്‍കിയിരിക്കുകയാണെന്ന് ഹൂസ്റ്റണ്‍ പബ്ലിക് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Elon Musk’s millions failed to deliver Republican wins in fierce midterms.