സിഡ്‌നി: പ്രശസ്ത ഡിസൈന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ കാന്‍വ അവരുടെ ആകെ ജീവനക്കാരില്‍ 22 ശതമാനം പേരെയും പിരിച്ചുവിടുന്നു. ഏകദേശം 1,271 ജീവനക്കാരെ ബാധിക്കുന്നതാണ് കാന്‍വയുടെ തീരുമാനം. ടെക് ഇന്‍ഡസ്ട്രിയില്‍ നിലവില്‍ നടന്നുവരുന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ക്കിടയിലാണ് ഇപ്പോള്‍ കാന്‍വയുടെ തീരുമാനവും പുറത്തുവരുന്നത്.

പിരിച്ചുവിടല്‍ തീരുമാനം അറിയിച്ചുകൊണ്ട് കാന്‍വ സഹസ്ഥാപകയും സി.ഇ.ഒയുമായ മെലാനി പെര്‍കിന്‍സ് ജീവനക്കാര്‍ക്ക് കത്തയച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കമ്പനി വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും, വളര്‍ച്ചാ നിരക്കിലെ കുറവ് പരിഹരിക്കുന്നതിന് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു. കമ്പനിയുടെ വളര്‍ച്ചാ യാത്രയില്‍ പങ്കാളികളായ എല്ലാ ജീവനക്കാരുടെയും കഴിവുകളെയും ഭാവനാശക്തിയെയും അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

‘ഒരു പിച്ച് ഡെക്കിലുണ്ടായ സ്വപ്നത്തെ കഴിഞ്ഞ പതിമൂന്ന് വര്‍ഷം കൊണ്ട് കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോമാക്കി മാറ്റാന്‍ നമുക്ക് സാധിച്ചു. ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിയുടെയും കഴിവുകളും ഭാവനയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.

എന്നാല്‍, ആദ്യ ഘട്ടത്തിലെ വിജയം അടുത്ത ഘട്ടത്തിലും വിജയം ഉറപ്പുനല്‍കുന്നില്ല. ഇത് നമുക്ക് ഏറ്റവും പ്രയാസകരമായ വര്‍ഷമാണ്. ഈ വര്‍ഷം ആദ്യം സൂചിപ്പിച്ചതുപോലെ, കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ആദ്യമായാണ് നമ്മുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാകുന്നത്,’ എന്ന് ആ കുറിപ്പില്‍ പറയുന്നു.

കമ്പനിയുടെ പതിമൂന്ന് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷമാണ് ഇതെന്നും മെലാനി പെര്‍കിന്‍സ് അഭിപ്രായപ്പെട്ടു. ഇതൊരു ‘അങ്ങേയറ്റം പ്രയാസകരമായ തീരുമാനമാണ്’ എന്നും, ഇതിലൂടെ ‘വലിയ മാറ്റങ്ങള്‍’ ഉണ്ടാകുമെന്നും പെര്‍കിന്‍സ് പറഞ്ഞു.

37 രാജ്യങ്ങളിലായി ജീവനക്കാരുള്ള കാന്‍വ, സിഡ്നി നഗരത്തെ തങ്ങളുടെ മിക്ക ഉല്‍പ്പന്ന വികസന ടീമുകളുടെയും ‘പ്രധാന കേന്ദ്രമാക്കി’ മാറ്റുമെന്ന് അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍, ഹൈബ്രിഡ് രീതിയില്‍ (ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും മാറി മാറി) ജോലി ചെയ്യുന്നവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഓഫീസില്‍ നേരിട്ടെത്തേണ്ടി വരും.

22 ശതമാനം ജീവനക്കാരെ പുറത്താക്കുന്നതോടെ മറ്റ് ജീവനക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നാണ് വിവരം. സ്ഥാപനത്തിലെ പ്രൊഡക്റ്റ്, ഗ്രോത്ത്, പ്ലാറ്റ്ഫോം എന്നീ വിഭാഗങ്ങളെ ഒരുമിപ്പിക്കാനും കാന്‍വ തീരുമാനിച്ചിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് ബിസിനസിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും, ഈ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഉയര്‍ന്ന ചെലവും കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ മൂല്യത്തില്‍ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

ചെലവുകള്‍ കുറയ്ക്കുന്നതിനും, പുറത്തുനിന്നുള്ള എ.ഐ സേവന ദാതാക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനുമായി കാന്‍വ സ്വന്തമായി എ.ഐ മോഡലുകള്‍ വികസിപ്പിച്ചുവരികയാണ്. എന്നാല്‍, എ.ഐയുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ധിച്ചത് കമ്പനിയുടെ വരുമാന വളര്‍ച്ചാ പ്രവചനം 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയ്ക്കാന്‍ കാരണമായി. ഈ ഉയര്‍ന്ന ചെലവുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയ മാക്ബുക്കുകള്‍ കൈവശം വെക്കാന്‍ അനുവാദമുണ്ടാവും. പുതിയ ജോലി അന്വേഷിക്കുന്ന സമയത്ത് അവര്‍ക്ക് ഇത് ഉപയോഗിക്കാം. കൂടാതെ അവര്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് മാസത്തെ ശമ്പളം സിവിയറന്‍സ് പേ ആയി ലഭിക്കും. സാമ്പത്തിക സഹായത്തിനപ്പുറം ഒരു വര്‍ഷത്തെ ലിങ്ക്ഡ്ഇന്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍, വ്യക്തിഗത കരിയര്‍ കോച്ചിങ്, റെസ്യൂമെ തയ്യാറാക്കാനുള്ള സഹായം, അഭിമുഖത്തിനുള്ള പരിശീലനം തുടങ്ങിയ മറ്റ് പിന്തുണകളും കമ്പനി നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Content Highlight: Canva announces major job cuts