ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലും യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിലും ഡൊണാള്‍ഡ് ട്രംപിന് ഇറാന് പരാജയങ്ങള്‍ സമ്മാനിച്ചതായി ഇറാന് പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മൊഹ്സെന്‍ റെസായി. ട്രംപിന് ഇറാന് സൈനികപരവും രാഷ്ട്രീയപരവുമായ പരാജയങ്ങള്‍ സമ്മാനിച്ചെന്നും റെസായി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘യുദ്ധക്കളത്തിലും ഹോര്‍മുസ് കടലിടുക്കിലും ട്രംപിന് തന്ത്രപരമായ പരാജയം സമ്മാനിച്ച ഇറാന് ജനത, വാഷിംഗ്ടണില്‍ അദ്ദേഹത്തിന് രാഷ്ട്രീയ പരാജയവും നല്കിയിരിക്കുന്നു,’ റെസായി എക്സ് പോസ്റ്റില്‍ കുറിച്ചു.
ഇറാനെതിരെ ആര് ആക്രമണം നടത്തിയാലും അവര്‍ അതിനുള്ള വില നല്‍കേണ്ടിവരുമെന്നും റെസായി പറഞ്ഞു. ഈ സംഘര്‍ഷം കാരണം അമേരിക്കക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് റെസായിയുടെ പരാമര്‍ശങ്ങള്‍. അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടലില്‍ ഇറാന് കൈവരിച്ച തന്ത്രപരമായ വിജയത്തിന്റെ തുടര്‍ച്ചയായാണ് തിരഞ്ഞെടുപ്പ് ഫലമെന്നും റെസായി അഭിപ്രായപ്പെട്ടു.
അമേരിക്കക്കാര്‍ ‘യുദ്ധം വേണ്ട’ എന്ന് പറഞ്ഞതാണ് മിഡ് ടേം തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണമെന്ന് യു.എസുമായുള്ള ചര്‍ച്ചകളിലെ ഇറാന് പ്രതിനിധി സംഘത്തിന് നേതൃത്വം നല്കുന്ന മുഹമ്മദ് ബാഗര്‍ ഘാലിബാഫ് ഇന്നലെ പറഞ്ഞിരുന്നു.
മനസാക്ഷിയാകട്ടെ, ജീവിതച്ചെലവാകട്ടെ അമേരിക്കക്കാര്‍ ‘യുദ്ധം വേണ്ട’ എന്ന് പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഈ സന്ദേശത്തെ പിന്തുണയ്ക്കുവെന്നും ഘാലിബാഫ് എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വന്‍ വിജയം നേടിയെങ്കിലും, യു.എസ് ഇറാനുമായുള്ള ഏറ്റുമുട്ടല്‍ തുടരാനാണ് സാധ്യതയെന്ന് ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനേയി പറഞ്ഞിരുന്നു.
‘രാഷ്ട്രീയ പക്ഷങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍’ അമേരിക്കയെ ‘ഇറാനിയന്‍ ജനതയോടുള്ള ശത്രുതയില്‍ നിന്ന് പിന്തിരിപ്പിക്കും’ എന്ന വാദത്തെ ഖാംനഇ തള്ളിക്കളഞ്ഞിരുന്നു. ഇറാനിയന്‍ ജനതയുടെ നിരുപാധികമായ കീഴടങ്ങലാണ് യു.എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്വയം സൃഷ്ടിച്ച ഒരു വിവാദത്തിന് ശേഷം യു.എസ് തിരിച്ചുവരാനാവാത്ത തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. അവരുടെ പതനത്തിന്റെ പ്രക്രിയ വേഗത്തിലായിരിക്കുന്നുവെന്നും ഖാംനഇ പറഞ്ഞിരുന്നു. ഇറാനെതിരെ യു.എസും ഇസ്രഈലും നടത്തുന്ന യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഖാംനഇയുടെ പരാമര്‍ശം.
Content Hifghlight: Iranian official claims military and political victory over Trump following US midterm elections
