ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ കെ.പി.സി.സിയുടെ പ്രസിഡന്റ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കേസില്‍ സിവിലോ ക്രമിനിലോ ആയ കോടതിലയക്ഷ്യ നടപടി സ്വീകരിക്കണോ എന്ന് പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തു.

സംഭവത്തില്‍ കോടതിയലക്ഷ്യം ആവശ്യപ്പെട്ട് അഡ്വ. വിനീത് ജിന്‍ഡാല്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റെ നടപടി. കോടതിയെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടുമെന്നും സുപ്രീംകോടതി അറിയിച്ചു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് ‘രാഷ്ട്രീയ സൗകര്യത്തിന്’ അനുസരിച്ചുള്ള ഒന്നല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയാണ് പരമപ്രധാനമെന്നും അതിന് മുകളില്‍ ഒരു വ്യക്തിയോ രാഷ്ട്രീയ സംഘടനയോ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

‘കോടതി വിധികള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാവുന്നതാണ്. എന്നാല്‍, നീതിനിര്‍വഹണ പ്രക്രിയയെ തടസപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഉള്ള ഒരു മറയായി അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ പാടില്ല. എത്ര ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയായാലും, കോടതിയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതുണ്ട്,’ ബെഞ്ച് നിരീക്ഷിച്ചു.

കോടതിയുടെ അധികാരത്തിന് രാഷ്ട്രീയ പിന്തുണയുടെ ആവശ്യമില്ല. അത് നിയമവാഴ്ചയില്‍ അധിഷ്ഠിതമാണ്. നീതിനിര്‍വ്വഹണം നടക്കുന്നിടത്ത്, നിയമം അതിന്റെ വഴിക്ക് നീങ്ങുക തന്നെ വേണമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ കോടതിയലക്ഷ്യ വ്യവസ്ഥകള്‍ ബാധകമാണോ എന്ന് പരിശോധിക്കാന്‍ ഒരു മുതിര്‍ന്ന അഭിഭാഷകനെ ‘അമികസ് ക്യൂറി’ ആയി സുപ്രീം കോടതി നിയമിച്ചു. കൂടാതെ, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയുടെ സഹായവും കോടതി തേടി.

ഒക്ടോബര്‍ 12നാണ് കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചീഫ് ജസ്റ്റിസിനെകുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്റ് വന്നത്. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഇതിന് ഉത്തരവാദിയായ വ്യക്തിയെ പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്തതായി കോണ്‍ഗ്രസ് അറിയിക്കുകയും ചെയ്തിരുന്നു.

Content Highlight: Supreme Court issues contempt notice to KPCC over post targeting CJI