കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പി സര്‍ക്കാരിനെയും നയങ്ങളെയും വിമര്‍ശിച്ച മൂന്ന് സോഷ്യല്‍ മീഡിയ കണ്ടറ്റ് ക്രിയേറ്റര്‍മാര്‍ അറസ്റ്റില്‍. ആകാശ് സര്‍ക്കാര്‍, സുരജിത് ഷീ, ശ്രീമേയി ചക്രബര്‍ത്തി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചോര്‍ബഗാന്‍ ദുര്‍ഗാ പൂജയ്ക്കിടെയുണ്ടായ തിരക്കിനെക്കുറിച്ചും അത് നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെക്കുറിച്ചും ഇവര്‍ പങ്കുവെച്ച പോസ്റ്റുകള്‍ അപകീര്‍ത്തികരവും പ്രകോപനപരവുമാണ് എന്ന പരാതിയിലാണ് പൊലീസ് നടപടി.

ദേശീയ ഐക്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കല്‍, പൊതുജന മധ്യേ അപകീര്‍ത്തിപ്പെടുത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ ഗുരുതരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവരില്‍ ശ്രീമയി ചക്രവര്‍ത്തിക്കും ആകാശ് സര്‍ക്കാരിനും കോടതി ജാമ്യം അനുവദിച്ചെങ്കിലും സുരജിത് ഷീ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഭരണകൂട വിമര്‍ശനങ്ങള്‍ക്കെതിരെ പുതിയ ബി.എന്‍.എസ് നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും ഡിജിറ്റല്‍ മാധ്യമ കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്.

 

Content Highlight: Three content creators arrested in West Bengal for criticizing the BJP government’s policies.