ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ നിന്ന് സൂപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ പുറത്ത്. ആദ്യ ഏകദിനത്തിന് മുന്നോടിയായി നടന്ന പരീശീലനത്തിനിടെ മാറ്റ് ഹെന്റിയുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് കണ്‍കഷന്‍ സംഭവിച്ചതിനാലാണ് കോണ്‍വെ പരമ്പരയില്‍ നിന്നും പുറത്തായത്.
ബുധനാഴ്ച ഈഡന് പാര്‍ക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ കോണ്‍വെയും ഹെന്റിയും കളിച്ചിരുന്നില്ല.
ഇതോടെ ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ നിന്നും പരിക്ക് മൂലം പുറത്താകുന്ന ആറാമത്തെ താരമാണ് കോണ്‍വെ. പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലത്തിനിടെ രചിന് രവീന്ദ്രയ്ക്ക് തോളിന് പരിക്കേറ്റിരുന്നു. യൂറോപ്യന്‍ ടി-20 ലീഗിനിടെ ഹാംസ്ട്രിങിന് പരിക്കേറ്റ മാര്‍ക്ക് ചാപ്മാന് വിശ്രമിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു.

പരിശീലത്തിനിടെ പരിക്കേറ്റ സാക്ക് ഫോക്സ് ടി-20 പരമ്പരയ്ക്ക് മുന്നേ തന്നെ സ്ക്വാഡില്‍ നിന്നും പുറത്തായിരുന്നു. ഫാസ്റ്റ് ബൗളര്‍മാരായ വില്‍ ഒ’റൂര്‍ക്കും ബെന്‍ സിയേഴ്സും പരിക്കിന്റെ പിടിയിലാണ്.
ആദ്യ ഏകദിനത്തിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന പരിശീലനത്തിനിടെ ഒരു ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെന്റിയും കോണ്‍വെയും കൂട്ടിയിടിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി താരത്തെ ഓക്ലാന്‍ഡ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
കൂട്ടിയിടിയ്ക്ക് ശേഷം കോണ്വൊയ് പരമ്പരയ്ക്ക് ഫിറ്റ് അല്ലെന്ന് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്ഡ്നര് അറിയിച്ചിരുന്നു. താരത്തിന് പകരം ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്റര്‍ നിക്ക് കെല്ലി ടീമിലിടം പിടിച്ചിട്ടുണ്ട്.
പതിനൊന്ന് വര്‍ഷം മുമ്പ് ഫസ്റ്റ് ക്ലാസില്‍ അരങ്ങേറിയ 33കാരനായ കെല്ലിയ്ക്ക് ഒക്ടോബറിലാണ് ആദ്യമായി ദേശീയ ടീമിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നായി 33.12 ആവറേജില്‍ 265 റണ്‍സ് ആണ് താരം ഇത് വരെ നേടിയത്. ഏപ്രിലില്‍ ബംഗ്ലാദേശിനെതിരെ നേടിയ 83 റണ്‍സ് ആണ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.

രണ്ടാം ഏകദിനത്തിന് മാറ്റ് ഹെന്റിയ്ക്ക് മെഡിക്കല്‍ ഗ്രീന്‍ ലൈറ്റ് ലഭിച്ചിട്ടുണ്ട്. നവംബര്‍ ഏഴിന് വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തിലാണ് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം മത്സരം.
ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാന്‍ഡിനെ തകര്‍ക്കാന്‍ സാധിച്ചത്.
Content Highlight: Star batter ruled out of remainder of NZ vs IND 2026 ODIs due to concussion
