കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്പന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതണമെന്ന അടിയന്തര ഹരജി പരിഗണിക്കാതെ സുപ്രീംകോടതി. നാളത്തേക്കാണ് ഹരജി മാറ്റിയത് (വ്യാഴം). ഹരജി കേട്ട ശേഷം വിദ്യാര്‍ത്ഥികള്‍ യേഗ്യരാണെങ്കില്‍ പ്രത്യേക പരീക്ഷയെഴുതുന്നതിന് സര്‍വകലാശാലയോട് ആവശ്യപ്പെടാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിധി അനുകൂലമാകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. പരീക്ഷയെഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയ സര്‍വകലാശാല കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ട്. സസ്പന്‍ഷന്‍ കാലാവധിയിലെ ദിവസങ്ങള്‍ക്കൂടി കൂട്ടിയാണ് ഹാജര്‍ നില കോടതിയില്‍ സമര്‍പ്പിച്ചെതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

സസ്പന്‍ഷന് മുമ്പുള്ള കാലാവധിയിലെ ഹാജര്‍ പരിശോധിച്ചാല്‍ പരീക്ഷയെഴുതാനുള്ള 10 വിദ്യാര്‍ത്ഥികള്‍ക്കും മാനദണ്ഡപ്രകാരമുള്ള ഹാജറുണ്ടെന്ന് അവര്‍ പറഞ്ഞു. ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ വിലക്കുള്ളപ്പോള്‍ എങ്ങനെ ക്ലാസില്‍ ഹാജരാകുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

സസ്പന്‍ഷന്‍ നടപടികള്‍ ശിക്ഷയായി കാണാന്‍ കഴിയില്ലെന്നും മുമ്പുള്ള ഹാജര്‍ പരിഗണിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണെന്നും ആവശ്യം. മാപ്പ് എഴുതി നല്‍കിയാല്‍ 12 വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാമെന്ന സിന്‍ഡിക്കേറ്റ് തീരുമാനും അംഗീകരിക്കില്ലെന്നും ചെയ്യാത്ത കുറ്റത്തിന് മാപ്പെഴുതില്ലെന്നും വിദ്യാര്‍ത്ഥികള്‍. പിന്തുണ അറിയിച്ച് മറ്റ് വിദ്യാര്‍ത്ഥികളും രംഗത്ത് വന്നിരുന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തിയത്.

ഒക്ടോബര്‍ 30നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 31നകം എക്‌സാം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങള്‍ സര്‍വ്വകലാശാല ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കോടതി വിധിക്കെതിരെ വൈസ് ചാന്‍സിലര്‍ സിസ തോമസ് അപ്പീല്‍ നല്‍കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമില്ലെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.

 

Content Highlight: The Supreme Court has declined to consider an urgent petition seeking permission for suspended students at Kalady University to take their examinations