കൊച്ചി: കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഹരജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ ഹരജി പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

വിദ്യാര്‍ത്ഥികളുടെ കേസില്‍ സിംഗിള്‍ ബെഞ്ച് അടിയന്തരമായി അന്തിമ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സപ്ലിമെന്ററി പരീക്ഷ നടത്തുമെന്ന് സര്‍വകലാശാലയും കോടതിയെ അറിയിച്ചു.

സസ്‌പെന്‍ഷനിലായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ നാലിന് ആരംഭിച്ച സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു വിദ്യാര്‍ത്ഥികളുടെ ഹരജി.

നിയമവാഴ്ചയില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലൂടെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. നേരത്തെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധിയാണ് ഉണ്ടായത്.

ഈ വിധി തന്നെ ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും എഴുതാനാകാതെ പോയ പരീക്ഷകളും എഴുതാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

പരീക്ഷയെഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയ സര്‍വകലാശാല കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സസ്പന്‍ഷന്‍ കാലാവധിയിലെ ദിവസങ്ങള്‍ക്കൂടി കൂട്ടിയാണ് ഹാജര്‍ നില കോടതിയില്‍ സമര്‍പ്പിച്ചെതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

സസ്പന്‍ഷന് മുമ്പുള്ള കാലാവധിയിലെ ഹാജര്‍ പരിശോധിച്ചാല്‍ പരീക്ഷയെഴുതാനുള്ള 10 വിദ്യാര്‍ത്ഥികള്‍ക്കും മാനദണ്ഡപ്രകാരമുള്ള ഹാജറുണ്ടെന്ന് അവര്‍ പറഞ്ഞു. ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ വിലക്കുള്ളപ്പോള്‍ എങ്ങനെ ക്ലാസില്‍ ഹാജരാകുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

Content highlight: Supreme Court declines to intervene in petition by Kalady University students